ആവേശത്തിന്‍റെ കൊടുമുടി കേറാൻ സാധ്യതയുണ്ടായിരുന്ന, ഇരു ടീമുകളും വിജയത്തിന് ശ്രമിച്ചേക്കാവുന്ന ഒരു പോയിന്‍റിൽ എത്തിയിരുന്ന മത്സരമായിരുന്നു ഇന്ത്യ-ആസ്ട്രേലിയ മൂന്നാം മത്സരം. എന്നാൽ ആദ്യ ദിനം മുതൽ രസംകൊല്ലിയായി പെയ്തുകൊണ്ടിരുന്ന മഴ ഇന്ത്യയേയും ആസ്ട്രേലിയേയും തോൽപ്പിച്ചുകൊണ്ട് വിജയം നേടി. അവസാന ദിനം ഏകദേശം ഒന്നര സെഷൻ മഴ കൊണ്ടുപോയതോടെ മത്സരം സമനിലയിൽ കലാശിച്ചു.
രണ്ടാം ഇന്നിങ്സിൽ 89/7 എന്ന നിലയിൽ ഓസീസ് ഡിക്ലയർ ചെയ്തതോടെ 275 റൺസായിരുന്നു ഇന്ത്യക്ക് 54 ഓവറിൽ വേണ്ടിയിരുന്നുത്. ബാറ്റിങ് ആരംഭിച്ച ഇന്ത്യ എട്ട് റൺസുമായി ക്രീസിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത് പിന്നീട് മത്സരം നടന്നതുമില്ല. മൂന്നാം മത്സരം സമനിലയായതോടെ പരമ്പര 1-1 എന്ന നിലയിൽ തുടരും. അവസാന രണ്ട് മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. മഴ ഇന്ത്യയെ ഒരു പരിധിവരെ സഹായിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല. ഒരു ഘട്ടം തോൽവിയിലേക്ക് നീങ്ങിയിരുന്ന ഇന്ത്യയെ രക്ഷിച്ചത് മഴയും വാലറ്റത്തെ ചെറുത്ത് നിൽപ്പുമാണ്. മറിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും അസാധ്യ മികവ് കാഴ്ചവെച്ച ആസ്ട്രേലിയക്ക് വിജയിക്കാൻ സാധിക്കാത്തത് നിരാശ സൃഷ്ടിച്ചിരിക്കണം. സ്കോർ ആസ്ട്രേലിയ 445/10, 89/7 ഡിക്ലെയർ, ഇന്ത്യ 260/10, 8/0.
ടോസ് നേടിയ ഇന്ത്യ ആസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു ആദ്യ ദിനത്തിൽ ഒരു സെഷൻ പോലും പൂർണമായില്ല. രണ്ടാം ദിനം ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും ഇന്ത്യൻ ബൗളിങ്ങിനെ കടന്നാക്രമിച്ചപ്പോൾ ഓസീസ് മികച്ച ടോട്ടലിലേക്ക് നീങ്ങി. ഹെഡ് 152 റൺസും സ്മിത്ത് 101 റൺസും സ്വന്തമാക്കി. മൂന്നാം ദിനം ആദ്യ സെഷനിൽ അലക്സ് കാരിയും (70 റൺസ്) മികച്ച പ്രകടനം പുറത്തെടുത്ത് ആസ്ട്രേലിയയെ 445ൽ എത്തിച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം തന്നെ ക്ഷതമേറ്റു. 44 റൺസെടുക്കുന്നതിനിടെ നാല് ഇന്ത്യൻ ബാറ്റർമാർ മൂന്നാം ദിനം തന്നെ വീണു. മഴ ഇടക്കിടെ എത്തിയ മത്സരത്തിൽ നാലാം ദിനം കെ.എൽ രാഹുലും രീവന്ദ്ര ജഡേജയുമുടെ പൊരുതലാണ് ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.
84 റൺസുമായി രാഹുൽ ഇന്ത്യയുടെ ടോപ് സ്കോററായി, ജഡേജ 73 റൺസ് നേടി മികവ് കാട്ടി. യശ്വസ്വ ജയ്സ്വാൾ (4), ശുഭ്മൻ ഗിൽ (1), വിരാട് കോഹ്ലി (3), ഋഷഭ് പന്ത് (9), രോഹിത് ശർമ (10) എന്നിവരെല്ലാം പരാജയപ്പെട്ടു. ഒടുവിൽ അവസാന വിക്കറ്റിൽ ആകാശ് ദീപും (31 റൺസ്) ജസ്പ്രീത് ബുംറ (10 റൺസ്) എന്നിവരുടെ ചെറത്ത് നിൽപ്പാണ് ഇന്ത്യക്ക് ഫോളോ ഓൺ ഒഴിവാക്കുന്നത്. ഇന്ത്യ 260 റൺസ് നേടി എല്ലാവരും പുറത്തായി.
രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയ ആക്രമിച്ച് കളിക്കാൻ ശ്രമിച്ച് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 89 റൺസിൽ ഏഴ് വിക്കറ്റ് നഷ്ടമായിരിക്കെയാണ് കങ്കാരുപ്പട ഇന്നിങ്സ് ഡിക്ലെയർ ചെയ്യുന്നത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ എട്ട് റൺസെടുക്കുന്നതിനിടെ മഴ എത്തി പിന്നാലെ മഴ കുറയാതെ വന്നപ്പോൾ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സിൽ ബുംറ ആറ് വിക്കറ്റ് നേടിയിരുന്നു. തുടർച്ചയായി രണ്ടാം സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലും ഹെഡായിരുന്നു കളിയിലെ താരം. പരമ്പരയിലെ അടുത്ത മത്സരം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഡിസംബർ 26ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.