സീസണിലെ തുടരുയുള്ള മോശം പ്രകടനവും തോൽവിയെയും തുടർന്ന് കോച്ച് മിഖായേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയ സംഭവത്തില്‍ നിലപാട് അറിയിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. കഴിഞ്ഞ ദിവസമാണ് സ്റ്റാറെയെ പുറത്താക്കിയതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ കോച്ചിനെ ബലിയാടാക്കി മാനേജ്‌മെന്റ് തത്കാലം അവരുടെ മുഖം രക്ഷിക്കുകയാണ് ചെയ്യുന്നതെന്നാണ് മഞ്ഞപ്പട വാദിക്കുന്നത്.
'സ്വന്തം കഴിവുകേടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണ് കോച്ചിന്റെ പെട്ടെന്നുള്ള പിരിച്ചുവിടല്‍. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം ഒരു പരിശീലകനെ ബലിയാടാക്കാനാണ് അവര്‍ തിരഞ്ഞെടുത്തത്. ടീമിന്റെ മോശം ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനേജ്മെന്റിന്റെ അനാസ്ഥയും കാഴ്ചപ്പാടില്ലായ്മയുമാണ് ഈ നീക്കത്തിന്റെ ഉദ്ദേശം.
കോച്ചിനെ പുറത്താക്കുന്നത് കൊണ്ട് മാത്രം ഞങ്ങളുടെ ടീമിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. എന്നാല്‍ സ്വന്തം പിഴവ് മറച്ചുവെച്ച് മാനേജ്‌മെന്റ് എളുപ്പവഴി സ്വീകരിച്ചതില്‍ തീര്‍ച്ചയായും നാണക്കേടുണ്ടാക്കും. മാനേജ്മെന്റ്, നിങ്ങളുടെ കുഴപ്പത്തിന് കോച്ച് വില കൊടുക്കുകയാണ്. നിങ്ങളുടെ ബലിയാടാക്കല്‍ തന്ത്രങ്ങളില്‍ ഞങ്ങള്‍ കബളിപ്പിക്കപ്പെടില്ല. കോച്ച്, നിങ്ങളുടെ സമയത്തിന് നന്ദി!', മഞ്ഞപ്പട സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സ്റ്റാറെയ്ക്ക് പുറമേ അസിസ്റ്റന്റ് കോച്ചുമാരായ ജോണ്‍ വെസ്ട്രോമും ഫ്രെഡറിക്കോ പെരേര മൊറൈസും ക്ലബ്ബ് പുറത്താക്കിയിരിക്കുകയാണ്. പുതിയ ഹെഡ് കോച്ചിനെ നിയമിക്കുന്നതുവരെ ടോമാസ് ഷോര്‍സും ടിജി പുരുഷോത്തമനും താത്ക്കാലികമായി ആദ്യ ടീമിന്റെ ചുമതല വഹിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് അറിയിച്ചത്.ഈ സീസണിൽ ഇതുവരെ 12 മത്സരത്തിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് സമനിലയുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.