ദോഹ: അതിവേഗപ്പോരാട്ടങ്ങളെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ റേസിങ് ട്രാക്കായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട്. ലോകമെങ്ങുമുള്ള കാറോട്ടപ്രേമികളുടെ ഇഷ്ട ഇനമായ ഫോർമുല വൺ ചാമ്പ്യൻഷിപ്പിലെ ഖത്തർ ഗ്രാൻഡ്പ്രീക്കും തൊട്ടുപിന്നാലെ, ബൈക്ക് റേസുകാരുടെ ഹരമായ മോട്ടോ ജി.പിക്കും ലുസൈൽ വരുന്ന മാസങ്ങളിൽ വേദിയാവും. ഒക്ടോബർ ആറു മുതൽ എട്ടു വരെയാണ് ഖത്തർ ഫോർമുല വൺ ഗ്രാൻഡ്പ്രിക്സ് നടക്കുന്നത്.
ഫോർമുല വൺ ഗ്രാൻഡ്പ്രിക്സ് മുന്നിൽകണ്ട് സമഗ്രമായ വികസനത്തിനും നവീകരണത്തിനുമാണ് സർക്യൂട്ട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബറിൽ പൂർത്തിയാകും. 5.418 കിലോമീറ്ററാണ് സർക്യൂട്ടിന്റെ നീളം.
പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ നടപ്പാക്കുന്ന പദ്ധതിയിൽ 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രാൻഡ് സ്റ്റാൻഡ് ഉൾപ്പെടുന്നു. 10,000 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിങ് ഏരിയകളുടെ നിർമാണവും ഇതിലുൾപ്പെടും. ആഭ്യന്തര റോഡുകൾ വികസിപ്പിക്കുന്നതിനും സർക്യൂട്ടിന്റെ അനുബന്ധ സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മെച്ചപ്പെടുത്തലിന് പുറമേയാണിത്.
റേസ്ട്രാക്ക് വികസനം, കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം, സർക്യൂട്ടിന് ചുറ്റുമുള്ള റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണവും വികസനവും തുടങ്ങിയവ ഉൾപ്പെടുത്തി മൂന്നു പാക്കേജുകളിലായാണ് ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് നവീകരണ പദ്ധതി നടപ്പാക്കുന്നത്.
ഖത്തർ ഫോർമുല വൺ ഗ്രാൻഡ്പ്രീ, ഖത്തർ എയർവേസ് ഗ്രാൻഡ്പ്രീ, ഖത്തർ മോട്ടോ ജി.പി 2023 എന്നിവയാണ് ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ നടക്കാനിരിക്കുന്ന പ്രധാന ചാമ്പ്യൻഷിപ്പുകൾ. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഡ്രൈവർമാർക്കും ടീമുകൾക്കും ആരാധകർക്കും മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.
അടുത്ത വർഷം മാർച്ചിൽ ഖത്തർ 1812 എന്ന പേരിൽ എഫ്.ഐ.എ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന റൗണ്ടിനും ലുസൈൽ സർക്യൂട്ട് വേദിയാകും. 2012ൽ ചാമ്പ്യൻഷിപ് ആരംഭിച്ചതിനുശേഷം മത്സരങ്ങൾക്ക് വേദിയാകുന്ന 13ാമത് രാജ്യമാകും ഖത്തർ.
പുനർരൂപകൽപന ചെയ്ത ലുസൈൽ സർക്യൂട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച എൻഡ്യൂറൻസ് റേസ് ഡ്രൈവർമാരെയും ഏറ്റവും പുതിയ ഹൈപ്പർകാറുകൾ പ്രദർശിപ്പിക്കുന്ന പ്രീമിയർ ബ്രാൻഡുകളെയും സ്വാഗതം ചെയ്തുകൊണ്ട് അടുത്ത വർഷം ഫെബ്രുവരിയിൽ ഡബ്ല്യു.ഇ.സി പ്രോലോഗിനും ഖത്തർ ആതിഥേയത്വം വഹിക്കും.
2024 മുതൽ 2029 വരെ ആറു വർഷം ഫിയ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന കരാറിൽ ഖത്തർ ഒപ്പുവെച്ചതിനുശേഷമുള്ള പ്രഥമ ചാമ്പ്യൻഷിപ് എന്ന സവിശേഷതയോടൊപ്പം വലിയ വെല്ലുവിളി കൂടിയായിരിക്കും ഇതെന്ന് ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലതീഫ് അൽ മന്നാഈ നേരത്തേ പറഞ്ഞിരുന്നു.
റേസ് കൺട്രോൾ, മീഡിയ, മെഡിക്കൽ സെന്ററുകൾ, പുതിയ പിറ്റ് ബോക്സുകൾ, വിപുലീകരിച്ച ഫാൻ ഏരിയകൾ തുടങ്ങിയവ ഉൾപ്പെടെ മോട്ടോർ സ്പോർട്സ് പ്രേമികൾക്കായി അത്യാധുനിക സൗകര്യങ്ങളാണ് സർക്യൂട്ടിൽ തയാറായിക്കൊണ്ടിരിക്കുന്നത്.
2004ലാണ് ലുസൈൽ സർക്യൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഫിയ, എഫ്.ഐ.എം ഹോമോലൊഗേഷൻ ലൈസൻസുള്ള മേഖലയിലെ ഏക സർക്യൂട്ട് കൂടിയാണിത്. 2008ൽ മോട്ടോർ സൈക്കിൾ ലോക ചാമ്പ്യൻഷിപ് റേസുകളുടെ ചരിത്രത്തിലെ രാത്രിയിൽ ആദ്യമായി റേസ് നടത്തിയും ലുസൈൽ ശ്രദ്ധ നേടി.
ഖത്തർ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സിനും ഖത്തർ മോട്ടോ ജി.പി റേസിനും ഗ്രാൻഡ് പ്രിക്സിനും പുറമേ, ജനീവ ഇന്റർനാഷനൽ മോട്ടോർഷോക്കും സർക്യൂട്ട് വേദിയാകുന്നുണ്ട്. മോട്ടോർ സ്പോർട്സ് ഇവന്റുകളിൽ ലുസൈൽ സർക്യൂട്ടിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.