ഹൈദരാബദ്: നഗരത്തിലെ കുടുംബ വീട്ടുപരിസരത്ത് തടിച്ചുകൂടിയ അയൽക്കാർക്കും മാധ്യമ പ്രവർത്തകർക്കും മുന്നിൽ ആഘോഷമായി ലോക കിരീടത്തിന്റെ കൈകൾ പൊങ്ങുമ്പോൾ ജമീൽ അഹ്മദ് പ്രഖ്യാപിച്ചു, ''അത് ഞാൻ ആദ്യമേ പറഞ്ഞില്ലായിരുന്നോ...'' മുൻ ലോക യൂത്ത് ചാമ്പ്യൻ ഇത്തിരി വൈകിയെങ്കിലും ഈ കിരീടവും മാറോടു ചേർക്കുമെന്ന് സ്നേഹനിധിയായ പിതാവ് എന്നേ സ്വപ്നം കണ്ടിട്ടുണ്ടാകണം. ഒളിമ്പിക്സിൽ ഉറക്കെ ചോദിച്ചിട്ടും കിട്ടാതെപോയ അവസരത്തിന് ലോക ചാമ്പ്യൻഷിപ് റിങ്ങിൽ കണക്കുതീർത്ത് ഇന്ത്യയുടെ സ്വന്തം നിഖാത് സരിൻ 52 കിലോ വിഭാഗത്തിൽ ജേതാവായപ്പോഴായിരുന്നു പിതാവിന്റെ പ്രതികരണം.
12 വയസ്സിൽ ഇടിക്കൂട്ടിൽ കയറിയ പെൺകുട്ടി ഏറെയായി ഇതു സ്വപ്നം കാണുന്നുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരം മേരി കോമിനോടായിരുന്നു അവൾക്ക് അന്നു മുതൽ ഇഷ്ടം. അവർ ഇടിച്ചുകയറിയ ചരിത്രത്തിൽ പിറകെയെത്താനും തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ അവൾ ആഗ്രഹിച്ചു. തുടക്കത്തിൽ കുടുംബംപോലും എതിർത്തെങ്കിലും മനസ്സു മുഴുക്കെ അതിലാണെന്നറിഞ്ഞ് അറിഞ്ഞ് അവർ നിലപാടു മാറ്റി. പരിസരം മുഴുവൻ ഓടിനടന്നും മരം കയറിയും നാടുചുറ്റിയ പെൺകുട്ടി പതിയെ ബോക്സിങ്ങിൽ നാടറിയുന്ന പേരായിമാറി. 14ാം വയസ്സിൽ ദേശീയ സബ്ജൂനിയർ ചാമ്പ്യനായി. വൈകാതെ ലോക യൂത്ത് ചാമ്പ്യൻഷിപ്പിലും അവർ കപ്പുയർത്തി.
പക്ഷേ, മുന്നിൽ മഹാമേരുവായി മേരി കോം എന്ന താരസാന്നിധ്യമുണ്ടായപ്പോൾ നിഖാത് സരിനെ ആരും അറിഞ്ഞില്ല. ഇടിക്കൂട്ടിൽ അത്ഭുതം തീർക്കുന്ന പിൻഗാമിയാകുമെന്നും ആരും ഓർത്തില്ല. മുമ്പ് ഒളിമ്പിക്സിൽ രാജ്യത്തിന് വെങ്കലപ്പതക്കം നൽകിയ താരത്തെ മാറ്റിനിർത്തുന്നത് ആലോചനയിൽ പോലുമുണ്ടായില്ല. ടോക്യോ ഒളിമ്പിക്സ് സെലക്ഷൻ വന്നപ്പോൾതന്നെ ഒന്ന് പരിഗണിക്കുമോ എന്ന് ഉറക്കെ ചോദിച്ച 22കാരിയോട് 'നിഖാത് സരിൻ' ആരാ എന്നായിരുന്നു മറുചോദ്യം.
ഒടുവിൽ ഒളിമ്പിക്സ് കഴിഞ്ഞ് മേരി കോം പിൻവാങ്ങിയതോടെയാണ് താരത്തിന് നറുക്കു വീഴുന്നത്. പിന്നീട് അവർ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തുർക്കി നഗരമായ ഇസ്തംബൂളിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് മേരി കോമിന്റെ പിൻഗാമിയെന്ന വിളംബരമായി മുൻ ലോക യൂത്ത് ചാമ്പ്യൻ 52 കിലോ വിഭാഗത്തിൽ കിരീടം മാറോടുചേർത്തത്. തായ് ലൻഡ് താരം ജിറ്റ്പോങ്ങായിരുന്നു കിരീടപ്പോരിലെ എതിരാളി.
ഉന്നം പിഴക്കാത്ത ഇടികളും ഉറച്ച ചുവടുകളുമായി റിങ്ങ് നിറഞ്ഞുനിന്ന സരിൻ ആദ്യാവസാനം തകർപ്പൻ ഫോമിലായിരുന്നു. പ്രകടനമികവും കനത്ത ഇടികളുമായി ആദ്യ റൗണ്ടിൽ ജഡ്ജിമാരുടെ ഫുൾമാർക്ക് നേടിയ സരിനെതിരെ രണ്ടാം റൗണ്ടിൽ ജിറ്റ്പോങ് നേരിയ മുൻതൂക്കം കാട്ടിയെങ്കിലും അവസാന റൗണ്ടിൽ അനായാസം കളി സ്വന്തമാക്കുകയായിരുന്നു. മുമ്പും മുഖാമുഖം നിന്നപ്പോൾ ജയം ഒപ്പംനിന്നതിന്റെ ആനുകൂല്യം സരിൻ അവസരമാക്കുകയായിരുന്നു.
മേരി കോം, സരിത ദേവി, ജെന്നി ആർ.എൽ, ലേഖ കെ.സി. എന്നിവരാണ് ലോകവേദിയിൽ മുന്നേ നടന്നവർ. ആറു തവണ (2002, 2005, 2006, 2008, 2010, 2018) നേടിയ മേരി കോമാണ് ഇതിൽ ഏറെ മുന്നിൽ. മറ്റുള്ളവരൊക്കെയും ഓരോ തവണ നേടിയവരാണ്. 2018ൽ മേരി കോമാണ് അവസാനമായി ഇടിക്കൂട്ടിൽ ഇന്ത്യക്കായി പൊന്ന് സ്വന്തമാക്കിയത്. ഇപ്പോഴിതാ, അതേ കിരീടവുമായി മേരി കോമിന്റെ പിൻഗാമിയായി സരിനും. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി ജാവലിൻ സ്വർണം നേടിയ നീരജ് ചോപ്രക്കൊപ്പം പരിശീലിച്ച സരിന് ഇനി അടുത്ത ഒളിമ്പിക്സിൽ സ്വർണമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.