കുന്നംകുളം: ഒന്നര പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം തൃശൂരിലേക്ക് എത്തുന്ന സംസ്ഥാന സ്കൂള്‍ കായികമേളയെ വരവേൽക്കാൻ കുന്നംകുളം ഒരുങ്ങി. പ്രധാനവേദിക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീനിയര്‍ ഗ്രൗണ്ടിന് സമീപം എ.സി. മൊയ്തീന് എം.എല്‍.എ കാല്‍നാട്ടി.
തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ വിലയിരുത്തി. അഞ്ചുദിവസം നീളുന്ന മേളക്ക് മുന്നോടിയായി 13ന് തൃശൂരില്‍നിന്ന് കുന്നംകുളത്തേക്ക് ദീപശിഖ പ്രയാണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ ദീപശിഖക്ക് സ്വീകരണം നല്‍കും. 16ന് വൈകീട്ട് കുന്നംകുളം ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന് തുടങ്ങും. ഒരു ജില്ലക്ക് ഒരു കൗണ്ടര്‍ എന്ന നിലയില്‍ 14 രജിസ്ട്രേഷന് കൗണ്ടർ സജ്ജീകരിക്കും.
മത്സരത്തിന് ആദ്യമെത്തുന്ന സംഘത്തിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 17ന് രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ടാണ് ഉദ്ഘാടനം. പെണ്‍കുട്ടികള്‍ക്ക് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് താമസ സൗകര്യം. മറ്റുള്ളവർക്ക് സമീപത്തെ 15 വിദ്യാലയങ്ങളില്‍ താമസം ഏര്‍പ്പെടുത്തും.
വിദ്യാര്‍ഥികള്‍ക്ക് വെള്ളവും കുടിവെള്ളവും ഉറപ്പാക്കും. സീനിയര്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പ്രാക്ടീസ് ഗ്രൗണ്ടിലാണ് ഭക്ഷണ വിതരണം. ഒരേ സമയം ആയിരം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. സമാപന ദിവസം രാത്രി 2,000 പേര്‍ക്ക് പൊതിച്ചോറും ഏര്‍പ്പെടുത്തും.
24 മണിക്കൂറും ആംബുലന്‍സ് സേവനമുണ്ടാകും. ആയുര്‍വേദം, അലോപ്പതി, ഹോമിയോപതി മെഡിക്കല്‍ ഓഫിസര്‍മാരുടെ സേവനം ലഭ്യമാക്കും. കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രത്യേക കൗണ്ടറുകളുണ്ടാകും. 98 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ (ആണ്/പെണ്) വിഭാഗങ്ങളിലായി 3000ഓളം കായികതാരങ്ങളും 350 ഒഫിഷ്യല്‍സും 200 എസ്കോര്‍ട്ടിങ് ഒഫിഷ്യല്‍സും പങ്കെടുക്കും.
നഗരസഭ വൈസ് ചെയര്പേഴ്സൻ സൗമ്യ അനിലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ. രാജേന്ദ്രന്, അഡ്വ. കെ. രാമകൃഷ്ണന്, ടി.ആര്. ഷോബി, രേഖ സുനില്‍, ജില്ല പഞ്ചായത്ത് അംഗം എ.വി. വല്ലഭന്, സ്പോർട്സ് ഓര്‍ഗനൈസര്‍ എല്‍. ഹരീഷ് തുടങ്ങിയവര്‍ കാൽനാട്ടൽ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.