ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ലൈംഗിക ചൂഷണത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ വീണ്ടും തുടങ്ങിയ പ്രതിഷേധ സമരത്തിലേക്ക് രാഷ്ട്രീയ പാർട്ടികളെ സ്വാഗതം ചെയ്തു. നേരത്തെ പ്രതിഷേധത്തിൽ രാഷ്ട്രീയ പാർട്ടികൾ വേണ്ടെന്നായിരുന്നു താരങ്ങളുടെ നിലപാട്. പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് താരങ്ങൾ രാഷ്ട്രീയ പാർട്ടികളെ പ്രതിഷേധത്തിന് ക്ഷണിച്ചിരിക്കുന്നത്.
ഒളിമ്പ്യൻ ബജ്റംഗ് പൂനിയയാണ് എല്ലാ പാർട്ടികളെയും പ്രതിഷേധത്തിലേക്ക് സ്വാഗതം ചെയ്തത്. ‘എല്ലാ രാഷ്ട്രീയ പാർട്ടികളെയും, അത്, ബി.ജെ.പിയോ, കോൺഗ്രസോ, ആംആദ്മി പാർട്ടിയോ മറ്റാരെങ്കിലോ ആകട്ടെ, സ്വാഗതം ചെയ്യുന്നു. ഞങ്ങൾ മെഡലുകൾ നേടുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പതാകയല്ല, ദേശീയ പതാകയാണ് ഉയർത്തുക. ഞങ്ങൾ വിജയിക്കുമ്പോൾ എല്ലാവരും വിജയിക്കുന്നു. ഒരു പാർട്ടി മാത്രമല്ല ഞങ്ങളെ അഭിനന്ദിക്കാറ്. ഞങ്ങൾക്കാർക്കും ഒരു പാർട്ടിയുമായും ബന്ധമില്ല. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാണ്. പ്രതിഷേധത്തിലേക്ക് എല്ലാ ഇന്ത്യക്കാരെയും സ്വാഗതം ചെയ്യുന്നു. രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി നാം പോരാടിയില്ലെങ്കിൽ ഒന്നിനുവേണ്ടിയും നമുക്ക് പോരാടാനാകില്ല.’ - ബജ്രംഗ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരിയിൽ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ രാഷ്ട്രീയ പാർട്ടികൾ വേണ്ടെന്നായിരുന്നു തീരുമാനം. അന്ന് താരങ്ങൾക്ക് പിന്തുണയുമായി എത്തിയ സി.പി.എം നേതാവ് ബൃന്ദ കാരാട്ടിനോട് വേദിയിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയും പ്രതിഷേധം രാഷ്ട്രീയവത്കരിക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ഈ നിലപാട് പൂർണമായും തിരുത്തിക്കൊണ്ടാണ് താരങ്ങളുടെ രണ്ടാം ഘട്ട പ്രതിഷേധം. പരാതി നൽകിയിട്ടും എഫ്.ഐ.ആര്‍ ഇടാനോ കേസെടുക്കാനോ പൊലീസ് തയാറാകാത്തതിനെ തുടർന്നാണ് രണ്ടാംഘട്ട പ്രതിഷേധം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ലൈംഗിക ചൂഷണം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുമ്പ് പാര്‍ലമെന്‍റ് സ്ട്രീറ്റിലെ താന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്.
മൂന്ന് മാസം മുമ്പും ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ജന്ദര്‍ മന്തിറില്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് ലൈംഗിക ചൂഷണ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം സമിതിയെ നിയോഗിച്ചു. എം.സി. മേരി കോമായിരുന്നു ഇതിന്റെ അധ്യക്ഷ. എന്നാല്‍, സമിതി രൂപവത്കരിച്ചതിനപ്പുറം ഒന്നുമുണ്ടായിട്ടില്ലെന്ന് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ ബജ്‌റംഗ് പുനിയ ആരോപിച്ചു. കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് സാക്ഷി മാലികും ആവശ്യപ്പെട്ടു. മൂന്ന് മാസമായി വലിയ മാനസിക പീഡനം നേരിടുന്നുവെന്ന് വിനേഷ് ഫോഗട്ടും പറഞ്ഞു. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസിന് നോട്ടീസയച്ചിട്ടുണ്ട്.
കായിക മന്ത്രാലയം രൂപവത്കരിച്ച അന്വേഷണക്കമ്മിറ്റിയിൽ നിന്ന് ഡൽഹി പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. റെസ്‍ലിങ് ഫെഡറേഷൻ പ്രസിഡൻറിനെതിരെ ഇതുവരെ ഏഴ് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാം അന്വേഷിക്കുമെന്നും പറഞ്ഞ പൊലീസ് ശക്തമായ തെളിവുകൾ ലഭിച്ച ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഡി.സി.പി പ്രണവ് തായലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.