ദുബൈ: അബൂദബി ഗ്രാൻഡ്പ്രീയുടെ അവസാന ലാപ്പിൽ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടണിനെ മറികടന്നാണ് ത്രില്ലിങ് ഫിനിഷിലൂടെ ഡച്ച് താരം മാക്സ് വെസ്റ്റാപ്പൻ കന്നി ഫോർമുല വൺ കിരീടം സ്വന്തമാക്കിയത്.
അബൂദബി ഗ്രാൻഡ്പ്രീ വേദിയായ യാസ് മറീന സർക്യൂട്ടിൽ തുടക്കം മുതൽ മുന്നിലോടിയ ഹാമിൽട്ടൺ ആദ്യ ലാപ്പിൽ വെസ്റ്റാപ്പനെ പിന്നിലാക്കിയിരുന്നെങ്കിലും അവസാനം വരെ വിടാതെ പിന്തുടർന്ന് റെഡ്ബുളിെൻറ ഡച്ച് ഡ്രൈവർ അവസാനം ജയം പിടിക്കുകയായിരുന്നു. എട്ടാം ഫോർമുല വൺ കിരീടം നേടി മൈക്കൽ ഷൂമാക്കറിനെ മറികടക്കാമെന്ന ഹാമിൽട്ടണിന്‍റെ മോഹമാണ് വെസ്റ്റാപ്പൻ പൊലിച്ചത്. ഹാമിൽട്ടണിനെ 58ാം ലാപ്പിൽ വെസ്റ്റാപ്പൻ മറികടക്കുന്ന വിഡിയോ കാണാം.
369.5 വീതം പോയിന്‍റുമായായിരുന്നു ഇരുവരും അബൂദബിയിലെത്തിയത്. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയത് വെസ്റ്റാപ്പനായിരുന്നെങ്കിലും ഹാമിൽട്ടൺ ലീഡ് പിടിച്ചു. 53ാം ലാപ്പിൽ വില്യംസിന്‍റെ നികോളസ് ലത്തീഫിയുടെ കാർ ഇടിച്ചുതകർന്നത് മത്സരഫലം നിർണയിച്ചുവെന്ന് പറയാം. ആ ലാപ്പിൽ സർക്യൂട്ടിൽ ഇറങ്ങിയ സേഫ്റ്റി കാർ കളംവിട്ടപ്പോൾ ഇരുതാരങ്ങളും തമ്മിലുള്ള അകലം വളരെ കുറഞ്ഞു. പുതിയ ടയറിന്‍റെ ആനുകൂല്യത്തിൽ കുതിച്ചുകയറിയ വെസ്റ്റാപ്പൻ അവസാന ലാപ്പിൽ വിജയം എത്തിപ്പിടിച്ചു.
അവസാന ലാപ്പിൽ ചട്ടലംഘനത്തിലൂടെയാണ് വെസ്റ്റാപ്പൻ വിജയിച്ചതെന്ന് കാണിച്ച് മെഴ്സിഡസ് പരാതി ഉയർത്തിയിട്ടുണ്ട്. സേഫ്റ്റി കാറിന്‍റെ ഇടപെടലാണവർ ചുണ്ടിക്കാണിക്കുന്നത്. സീസണിൽ 22 ഗ്രാൻപ്രീകളിൽ 10 എണ്ണം സ്വന്തമാക്കിയാണ് ഡച്ചുകാരന്‍റെ കിരീടധാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.