ബറോഡക്കെതിരെ കേരളത്തിന് സൂപ്പര്‍ ജയം

ബറോഡക്കെതിരെ നാലു വിക്കറ്റ് ജയം; കളി തീര്‍പ്പാക്കിയത് അവസാന ഓവറിലെ വെടിക്കെട്ട്
മുംബൈ: ഇന്ത്യന്‍ താരങ്ങളായ പത്താന്‍ സഹോദരങ്ങളും മുനാഫ് പട്ടേലുമടങ്ങിയ ബറോഡയെ കടിച്ചുകീറി സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 സൂപ്പര്‍ ലീഗില്‍ കേരളത്തിന് നിര്‍ണായക ജയം. അവസാന രണ്ടു ഓവറുകളില്‍ ബറോഡ ബൗളര്‍മാരെ കൂട്ടക്കശാപ്പുചെയ്ത റൈഫി വിന്‍സന്‍റ് ഗോമസിന്‍െറയും (21 പന്തില്‍ 47), പി. പ്രശാന്തിന്‍െറയും (7 പന്തില്‍ 17) വെടിക്കെട്ട് മികവില്‍ കേരളത്തിന് നാലുവിക്കറ്റ് ജയം.
രാവിലെ നടന്ന മത്സരത്തില്‍ ടോസ് ആനുകൂല്യം കേരളത്തിനായിരുന്നു. ആദ്യം ബാറ്റുചെയ്ത ബറോഡ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സുമായി പുറത്തായി. ഓപണര്‍ കേദാര്‍ ദേവ്ധാര്‍ (31) നല്‍കിയ തുടക്കം മുതലെടുത്ത ബറോഡക്കുവേണ്ടി മധ്യനിരയില്‍ ദീപക് ഹൂഡയും (32), ക്യാപ്റ്റന്‍ ഇര്‍ഫാന്‍ പത്താനും (35 നോട്ടൗട്ട്) റണ്‍സ് വാരിക്കൂട്ടിയതോടെ സുരക്ഷിതമായ നിലയിലത്തെി.  
മറുപടി ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് തുടക്കത്തില്‍തന്നെ അടിതെറ്റി. ഓപണര്‍മാരായ വി.എ. ജഗദീഷ് (1), സഞ്ജു വി. സാംസണ്‍ (0), ഉജ്ജ്വല ഫോമിലായിരുന്ന രോഹന്‍ പ്രേം (6) എന്നിവര്‍  മടങ്ങിയതോടെ മൂന്നിന് 15 എന്നനിലയില്‍ കേരളം ബാക്ക്ഫൂട്ടിലായി.
നാലാം വിക്കറ്റില്‍ നിഖിലേഷ് സുരേന്ദ്രനും (36), സചിന്‍ ബേബിയും (44) ഒന്നിച്ചപ്പോള്‍ പൊരുതാനുള്ള പ്രതീക്ഷകള്‍ ഉണര്‍ന്നിരുന്നു. 17 ഓവറില്‍ കേരളം ആറിന് 119 റണ്‍സ്. വിജയത്തിലേക്ക് 42 റണ്‍സ് അകലം.

റൈഫി–പ്രശാന്ത് കലാശക്കൊട്ട്
അവസാന രണ്ടു ഓവറില്‍ കേരളത്തിന് വിജയലക്ഷ്യം 27 റണ്‍സ്. മുനാഫ് പട്ടേല്‍ എറിഞ്ഞ 19ാം ഓവറില്‍ പ്രശാന്തിന്‍െറ വക രണ്ട് സിക്സര്‍. ആകെ 16 റണ്‍സ്. അവസാന ഓവറില്‍ റിഷി അറോതെ. ജയിക്കാന്‍ 11 റണ്‍സ്. സ്ട്രൈക്കിങ് എന്‍ഡില്‍ ആവേശത്തിന് തീപിടിച്ച റൈഫി ആദ്യ രണ്ട് പന്തും ഡബ്ള്‍ പായിച്ചു. മൂന്നാം പന്തില്‍ ബൗണ്ടറിയും നാലാം പന്തില്‍ സിക്സറും. വിജയം രണ്ടു പന്തും നാലു വിക്കറ്റും ബാക്കിനില്‍ക്കെ കേരളത്തിന്‍െറ വഴിയേ.
വിദര്‍ഭയെ അഞ്ചു വിക്കറ്റിന് വീഴ്ത്തി മുംബൈ രണ്ടാം വിജയത്തോടെ പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.