ന്യൂഡൽഹി: കോവിഡ് മൂലം ലഭിച്ച നിർബന്ധിത അവധിക്ക് ശേഷം ശ്രീലങ്കക്കെതിരായ പരിമിത ഓവർ പരമ്പരകളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കും. അടച്ചിട്ട സ്റ്റേഡിയത്തിൽ മൂന്ന് വീതം ട്വൻറി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരകൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അയച്ച കത്തിന് നൽകിയ മറുപടിയിലാണ് ബി.സി.സി.ഐയുടെ പച്ചക്കൊടി. എന്നാൽ സർക്കാർ അനുവാദം നൽകിയാൽ മാത്രമാകും ജൂലൈ അവസാനം നടത്താനിരിക്കുന്ന പരമ്പര യാഥാർഥ്യമാവുക.
‘സർക്കാർ ലോക്ഡൗൺ ഇളവുകൾ വരുത്തുകയും വിദേശയാത്ര നിയന്ത്രണങ്ങൾ നീക്കുകയും ചെയ്യുന്നതിനനുസരിച്ചാകും കാര്യങ്ങൾ. കളിക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിച്ച് പര്യടനം നടത്താൻ ഞങ്ങൾ തയാറാണ്’ ബി.സി.സി.ഐ ട്രഷറർ അരുൺ ധൂമൽ പറഞ്ഞു. നിലവിൽ ടെലിവിഷൻ സംപ്രേഷണ അവകാശം വിറ്റുപോകാത്തതിനാൽ ഇന്ത്യക്കെതിരായ പരമ്പരയിലൂടെ സംപ്രേഷകരെ ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലങ്കൻ ബോർഡ്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളിക്കാർ സ്വന്തം വീടുകളിലാണ്. വൻനഗരങ്ങളിലാണ് താമസമെന്നതിനാൽ തന്നെ പലർക്കും മതിയായ പരിശീലനം നടത്താൻ വീടുകളിൽ സൗകര്യമില്ല. സർക്കാർ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതിന് പിന്നാലെ താരങ്ങൾക്ക് ക്യാമ്പ് ഒരുക്കാൻ ബോർഡ് പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.