മുംബൈ: ബോർഡർ-ഗവാസ്കർ ട്രോഫി കൈവിട്ടതിലൂടെ തുടർച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള അവസരമാണ് ഇന്ത്യൻ ടീം നഷ്ടപ്പെടുത്തിയത്. ഒരുമാസം അകലെ മറ്റൊരു ഐ.സി.സി ട്രോഫി കിരീടം നേടാനുള്ള അവസരമാണ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലൂടെ ഇന്ത്യക്ക് മുന്നിലെത്തുന്നത്.
ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനു പുറമെ, യു.എ.ഇയും വേദിയാകും. ഇന്ത്യയുടെ മത്സരങ്ങളാണ് യു.എ.ഇയിൽ നടക്കുക. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി ജനുവരി 12 ആണ്. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സീനിയർ താരങ്ങൾ നിറംമങ്ങിയതോടെ, ടീമിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടാകുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കാണ് പ്രധാനമായും മത്സരം നടക്കുന്നത്. ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്കു പുറമെ സഞ്ജു സാംസണും സാധ്യത ലിസ്റ്റിലുണ്ട്. ഇതിനിടെയാണ് മുൻ ഇന്ത്യൻ പരിശീലകൻ സഞ്ജയ് ബംഗാർ മൂന്നുപേരിൽ ആരെല്ലാം വിക്കറ്റ് കീപ്പറായി ടീമിലുണ്ടാകണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് രാഹുലിന് പ്രഥമ പരിഗണന നൽകണമെന്നാണ് ബംഗാറിന്‍റെ അഭിപ്രായം. അഞ്ചാം നമ്പറായി രാഹുൽ ബാറ്റിങ്ങിന് ഇറങ്ങണം. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തണം. ഏകദിന ക്രിക്കറ്റിൽ സഞ്ജുവിന്‍റെ ശരാശരി 50 ആണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലാണ് എന്‍റെ അഞ്ചാം നമ്പർ ബാറ്റർ. വിക്കറ്റിനു പിന്നിലെ പ്രകടനവും ടീമിന് നിർണായക സമയങ്ങളിൽ സ്കോർ കണ്ടെത്തുന്നതും പരിഗണിച്ചാൽ രാഹുലിനാണ് ആദ്യ പരിഗണന. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തണം. താരം മികച്ച ഫോമിലാണ്. പന്ത് ട്വന്‍റി20 ക്രിക്കറ്റും ടെസ്റ്റും കളിക്കുന്നുണ്ട്. എന്നാലും ഏകദിന ഫോർമാറ്റിനായി താരം കുറിച്ചുകൂടി കാത്തിരിക്കട്ടെ -ബംഗാൾ പറഞ്ഞു.
നാലാം നമ്പറിൽ ശ്രേയസ്സ് അയ്യരെ ടീമിൽ ഉൾപ്പെടുത്തണമെന്നും സഞ്ജയ് ബംഗാർ കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ട്രോഫി ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറും ആവശ്യപ്പെട്ടു. പന്തിനെ ടീമിലെടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുക്കുമ്പോള്‍ സമീപകാലത്തൊന്നും ഏകദിന ക്രിക്കറ്റില്‍ കളിക്കാത്ത പന്തിനെ ഏകദിന ടീമിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്നാണ് മഞ്ജരേക്കറുടെ നിലപാട്.
ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും ടീമില്‍ നിന്ന് പുറത്തായ സഞ്ജു, കഴിഞ്ഞ വര്‍ഷം ട്വന്‍റി20യിൽ ഇന്ത്യക്കായി മൂന്നു സെഞ്ച്വറികളാണ് നേടിയത്. അതുകൊണ്ടു തന്നെ പന്തിനു പകരം, പരിമിത ഓവർ ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമില്‍ ബാക്ക് അപ്പ് കീപ്പറായി ഉള്‍പ്പെടുത്തണമെന്നാണ് പല താരങ്ങളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.