മുംബൈ: ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന സീരിസുകളിൽ ഷമി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ ചാമ്പ്യൻസ് ട്രോഫിയിലും ഷമി ഇന്ത്യൻ കുപ്പായമണിയും.
2023 ലോകകപ്പിന് ശേഷം വലതുകാലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഷമി കളിക്കളത്തിൽ നിന്നും പുറത്ത് പോയത്. കഴിഞ്ഞ ഏതാനം ആഴ്ചകളായി ഷമി വൈറ്റ് ബാൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ബി.സി.സി.ഐയുടേയും നാഷണൽ ക്രിക്കറ്റ് അക്കാദമിയുടേയും അനുമതിയുണ്ടെങ്കിൽ മാത്രമേ ഷമിക്ക് വീണ്ടും ടീമിലേക്ക് തിരിച്ചെത്താനാവു.
ശസ്ത്രക്രിയക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്താൻ വലിയ ശ്രമമാണ് ഷമി നടത്തുന്നത്. ബോർഡർ ഗവാസ്കർ ട്രോഫിക്കിടെ ഷമി ഫിറ്റ്നെസ് വീണ്ടെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ടൂർണമെന്റിൽ നിന്നും ഷമി പുറത്തായിരുന്നു. പശ്ചിമബംഗാളിന് വേണ്ടി വിജയ ഹസാരെ ട്രോഫിയിൽ ഷമി കളിച്ചിരുന്നു.
ഹരിയാനക്കെതിരെ നടക്കുന്ന വിജയ് ഹസാര ട്രോഫിയിലെ പ്രീ-ക്വാർട്ടർ മത്സരം ഷമിയെ സംബന്ധിച്ച് നിർണായകമാണ്. മത്സരത്തിലെ പ്രകടനം മുൻനിർത്തിയാവും ഷമിയുടെ ടീമിലേക്കുള്ള പുനപ്രവേശനം. ആഭ്യന്തര ടൂർണമെന്റുകളിൽ പന്തെറിയുമ്പോൾ ഷമിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം, ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറക്ക് ഇംഗ്ലണ്ടിനെതിരായ പരിമിത ക്രിക്കറ്റ് ഓവർ പരമ്പര നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന്‍റെ ചാമ്പ്യൻസ് ട്രോഫി പങ്കാളിത്തവും സംശയത്തിലാണ്.
ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി കൈവിട്ടെങ്കിലും ബുംറയാണ് പരമ്പരയിലെ താരം. അഞ്ചു ടെസ്റ്റുകളിലായി 13-06 ശരാശരിയിൽ 32 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബുംറയുടെ ഒറ്റയാൾ പ്രകടനം കൊണ്ടു മാത്രമാണ് ഫലം കാണിക്കുന്നതുപോലെ (3-1) പരമ്പര ഏകപക്ഷീയമാകാതിരുന്നത്. സിഡ്നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ കടുത്ത പുറം വേദനയെ തുടർന്ന് 31കാരനായ ബുംറ പന്തെറിഞ്ഞിരുന്നില്ല. താരത്തിന്‍റെ അഭാവത്തിൽ 162 റൺസ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.