ന്യൂഡൽഹി: ജൂലൈ അവസാനം ശ്രീലങ്കയിൽ പര്യടനത്തിന് എത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് ബി.സി.സി.ഐയോട് അഭ്യർഥിച്ച് ശ്രീലങ്ക ക്രിക്കറ്റ്. ജൂലൈയിൽ മൂന്ന് ഏകദിനവും ടി20യും അടങ്ങുന്ന ശ്രീലങ്കൻ പര്യടനം ഇന്ത്യ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ, കോവിഡ് 19െൻറ പശ്ചാത്തലത്തിൽ അത് മാറ്റിവെക്കുകയായിരുന്നു.
ജൂലൈ അവസാനം ഈ മൽസരങ്ങൾ നടത്താൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ് ബി.സി.സി.ഐക്ക് ഇ-മെയിൽ അയച്ചതായി 'ദി ഐലൻഡ്' റിപ്പോർട്ട് ചെയ്തു. ബി.സി.സി.ഐയുടെ മറുപടി കാത്തിരിക്കുകയാണ് ശ്രീലങ്ക ക്രിക്കറ്റ് എന്നും റിപ്പോർട്ടിലുണ്ട്.
കോവിഡ് പ്രതിരോധ നിർദേശങ്ങൾ പൂർണമായും അനുസരിച്ച് അടച്ചിട്ട സ്റ്റേഡിയത്തിൽ മൽസരം നടത്താമെന്നാണ് ശ്രീലങ്കയുടെ നിർദേശം. മാർച്ച് മധ്യത്തിൽ ഇംഗ്ലണ്ട് ടീം ശ്രീലങ്കയിൽ പര്യടനം നടത്താനിരുന്നതാണ്. കോവിഡിെൻറ പശ്ചാത്തലത്തിലാണ് അത് റദ്ദ് ചെയ്തത്. ഇന്ത്യൻ പര്യടനം കൂടി റദ്ദാക്കിയാൽ ശ്രീലങ്ക ക്രിക്കറ്റിന് അത് കനത്ത നഷ്ടമാകും വരുത്തി വെക്കുക. നേരത്തേ, ഐ.പി.എല്ലിന് ആതിഥ്യമരുളാമെന്ന ശ്രീലങ്കയുടെ നിർദേശം ബി.സി.സി.ഐ തള്ളിയിരുന്നു.
അതേസമയം, സാഹചര്യം ഒത്തുവന്നാൽ ഈ വർഷമവസാനം ആസ്ത്രേലിയയുമായി അഡ്ലെയ്ഡിൽ ടെസ്റ്റ് പരമ്പര കളിക്കാൻ ഇന്ത്യ തയാറാണെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ ധുമാൽ വ്യക്തമാക്കി. ഡിസംബർ - ജനുവരിയിൽ നാല് ടെസ്റ്റും മൂന്ന് ഏകദിനവും അടങ്ങുന്ന ആസ്ത്രേലിയൻ പര്യടനം ഇന്ത്യ ആസൂത്രണം ചെയ്തിരുന്നു. ഇത് റദ്ദാക്കിയ സാഹചര്യത്തിൽ 193.77 മില്യൻ ഡോളറിെൻറ ബ്രോഡ്കാസ്റ്റിങ് വരുമാന നഷ്ടമാണ് ക്രിക്കറ്റ് ആസ്ത്രേലിയ നേരിടുന്നത്. ഇത് മറികടക്കാൻ ഇന്ത്യ പര്യടനത്തിന് എത്തണമെന്ന് അവർ അഭ്യർഥിച്ചിരുന്നു.
'സാഹചര്യം ഒത്തുവന്നാൽ ആസ്ത്രേലിയയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിന് ഇന്ത്യ ഒരുക്കമാണ്. അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികളില്ലാതെ കളിക്കേണ്ടി വരുന്നത് നിരാശയാണ്. പക്ഷേ, മറ്റ് വഴിയില്ലെങ്കിൽ എന്ത് ചെയ്യും? '-അരുൺ ധുമാൽ 'റോയിട്ടേഴ്സി'നോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.