ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. മുൻ ക്യാപ്റ്റൻ സർദാർ സിങ്ങിനെ മറികടന്നാണ് ശ്രീജേഷ് ടീമിനെ നായകനാകുന്നത്. ഒളിമ്പിക്സിനുള്ള ഹോക്കി വനിതാ ടീമിനെ സുശീല ചാനു നയിക്കും.
ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരത്തിൽ ടീമിനെ നയിച്ചിരുന്നത് ശ്രീജേഷായിരുന്നു. ടൂർണമെന്‍റിലെ മികച്ച പ്രകടനവും വെള്ളി മെഡൽ നേട്ടവുമാണ് ശ്രീജേഷിന് ക്യാപ്റ്റൻ പദവി നേടാൻ തുണയായത്. ഒളിമ്പിക്സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്.
ഒളിമ്പിക്സിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ക്യാപ്റ്റനായി തെരഞ്ഞെടുത്തതിൽ വളരെയധികം സന്തോഷമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് റിയോയിലേക്ക് പോകുന്നതെന്നും ശ്രീജേഷ് പറഞ്ഞു.
2006 മുതല്‍ ദേശീയ ടീമിന്‍റെ ഭാഗമായ ശ്രീജേഷ് കഴിഞ്ഞ രണ്ടു വർഷമായി വൈസ് ക്യാപ്റ്റനാണ്. എറണാകുളം പള്ളിക്കര സ്വദേശിയാണ്. കഴിഞ്ഞ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പാകിസ്താനെ തകർത്ത് ഇന്ത്യ ജേതാക്കളായപ്പോൾ, ടൈബ്രേക്കറിൽ ഗോൾ കീപ്പറെന്ന നിലയിൽ മികച്ച പ്രകടനമാണ് ശ്രീജേഷ് കാഴ്ചവെച്ചത്.
പുരുഷ, വനിതാ ടീമംഗങ്ങൾ:
പുരുഷ ടീം: പി.ആർ ശ്രീജേഷ് (ക്യാപ്റ്റൻ, ഗോൾ കീപ്പർ), എസ്.വി സുനിൽ (വൈസ് ക്യാപ്റ്റൻ, ഫോർവേഡ്), ഹർമാൻപ്രീത് സിങ്, രുപീന്ദർ പാൽ സിങ്, ഖോതജിത് സിങ്, സുരേന്ദർ കുമാർ (ഡിഫൻഡർ), മൻപ്രീത് സിങ്, സർദാർ സിങ്, വി.ആർ രഘുനാഥ്, എസ്.കെ ഉത്തപ്പ, ദാനിഷ് മുജ്തബ, ദേവേന്ദർ വാൽമീകി, ചിങ്കലേസന സിങ് (മിഡ് ഫീൽഡർ), ആകാശ് ദീപ് സിങ്, രമൺ ദീപ് സിങ്, നികിൻ തിമ്മയ്യ (ഫോർവേഡ്). പകരക്കാർ: പ്രദീപ് മോർ, വികാസ് ദാഹിയ.
വനിതാ ടീം: സുശീല ചാനു (ക്യാപ്റ്റൻ, ഡിഫൻഡർ), ദീപിക (വൈസ് ക്യാപ്റ്റൻ, ഡിഫൻഡർ), സവിത (ഗോൾ കീപ്പർ), വനജോത് കൗർ, മോണിക്ക, രേണുക യാദവ്, ലിലിമ മിൻസ് (മിഡ് ഫീൽഡർ), ദീപ് ഗ്രേസ് എക്ക, നമിത തോപ്പോ, സുനിത ലക്ര (ഡിഫൻഡർ), അനുരാധ ദേവി, പൂനം റാണി, വന്ദനാ ഖഡാരിയ, റാണി റാംപാൽ, പ്രീതി ദുബെ, നിക്കി പ്രദാൻ (ഫോർവേഡ്). പകരക്കാർ: രജനി ഇതിമാർപ്, എച്ച്. ലാൽറുവാത് ഫെലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.