???????? ?????? (????? ??????)

ഹോക്കി ഇതിഹാസം ഷാഹിദിനെ  കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ മുഹമ്മദ് ഷാഹിദിനെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ സന്ദര്‍ശിച്ചു. രണ്ടാഴ്ച മുമ്പാണ് ഷാഹിദിനെ ജന്മദേശമായ വാരാണസിയില്‍നിന്ന് വിമാന മാര്‍ഗം ഗുര്‍ഗാവോണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നത്. 

കിഡ്നിക്കും കരളിനും അസുഖംബാധിച്ച ഷാഹിദിന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെടുകയും ചെയ്തപ്പോള്‍ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. 
ഷാഹിദിന്‍െറ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ മുന്‍ ക്യാപ്റ്റന്‍ ധന്‍രാജ്പിള്ള രംഗത്തു വന്നതോടെയാണ് രോഗത്തിന്‍െറ ഗൗരവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഷാഹിദിന്‍െറ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ റെയില്‍വേ സന്നദ്ധമായി. റെയില്‍വേയുടെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ഷാഹിദ്. 

ഷാഹിദിനെ സന്ദര്‍ശിച്ച മന്ത്രി വിജയ് ഗോയല്‍ ഡോക്ടര്‍മാരുമായി അദ്ദേഹത്തിന്‍െറ ആരോഗ്യനില ചര്‍ച്ചചെയ്തു. പ്രധാനമന്ത്രിയുടെ ആശംസയും മന്ത്രി ഷാഹിദിനെ അറിയിച്ചു. ഷാഹിദിന്‍െറ ഭാര്യ പര്‍വീണ്‍ ഷാഹിദിനെയും മക്കളായ മുഹമ്മദ് സയിസ്, ഹീന ഷാഹിദ് എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. റിയോ ഒളിമ്പിക്സിനായി തയാറെടുക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ ആശംസകളും പ്രാര്‍ഥനകളും മന്ത്രി 56കാരനായ ഷാഹിദിനെ അറിയിച്ചു.

മുന്‍ കായികമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഷാഹിദിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഏറ്റവും അവസാനമായി ഒളിമ്പിക്സ് സ്വര്‍ണം നേടിയ 1980ലെ മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മുഹമ്മദ് ഷാഹിദ്. ഡ്രിബ്ളിങ്ങിലെ അസാമാന്യ പാടവമായിരുന്നു മറ്റു കളിക്കാരില്‍നിന്ന് ഷാഹിദിനെ വേറിട്ടുനിര്‍ത്തിയത്. 

പിന്നീട് ഇന്ത്യന്‍ ടീമിന്‍െറ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ഡല്‍ഹി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 86ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981ല്‍ അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം ഷാഹിദിനെ ആദരിച്ചിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.