വിമാനത്തില്‍ കയറുന്നത് ഭയമായിരുന്നു മുഹമ്മദ് ഷാഹിദിന്. ഒടുവില്‍, സ്വബോധം മാഞ്ഞ് അവശനായ നിലയില്‍ വാരാണസിയില്‍നിന്ന് ഷാഹിദ് ഭായി വിമാനമേറിയത് 56ാമത്തെ വയസ്സില്‍ ഗുഡ്ഗാവിലെ ആശുപത്രിയില്‍ മരണത്തിന് കീഴൊതുങ്ങാനായിരുന്നു. വിമാനത്തില്‍ കയറുന്നത് ഭയമായിരുന്ന ഒരാളാണ് മോസ്കോയില്‍ വരെ പറന്ന് ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സ് ഹോക്കിയില്‍ സ്വര്‍ണപ്പോരിന് കളത്തിലിറങ്ങിയതെന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നും. എന്നും അതിശയങ്ങളുടെ ഉള്‍ക്കടലുകള്‍ ഉള്ളില്‍ ഒളിപ്പിച്ചായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ ടീമിന്‍െറ നായകന്‍ വരെയായ മുഹമ്മദ് ഷാഹിദ് എന്ന ഹോക്കി മാന്ത്രികന്‍ ഓര്‍മയാകുന്നത്.
വളഞ്ഞ കാലുള്ള ഹോക്കി സ്റ്റിക്കില്‍ പന്തു തൊടുന്ന നിമിഷം മുതല്‍ ഷാഹിദും പന്തുമായി പ്രണയത്തിലാകുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പന്ത് ഗോള്‍വലക്കു പാകത്തില്‍ എത്തിക്കുന്നതുവരെ പന്തിനോട് ചിരിച്ചും പറഞ്ഞും കിന്നാരം ചൊല്ലിയും പാഞ്ഞുപോകുന്ന അഗാധമായ ഒരു പ്രണയം.
മെസ്സിയുടെ കാലുകളില്‍നിന്നകലാന്‍ പന്ത് മടിക്കുന്നതുപോലൊരു പ്രണയമായിരുന്നു ഫുട്ബാളിനെക്കാള്‍ എത്രയോ ചെറിയ, ഭാരമേറിയ ഹോക്കി പന്തുകള്‍ക്ക് ഷാഹിദിനോട്. ലോക ഹോക്കിയില്‍ ഡ്രിബ്ളിങ്ങിനെ അസാമാന്യമായൊരു കലയാക്കിയതില്‍ ഷാഹിദിനെപ്പോലെ അപൂര്‍വം പേരേ ഉണ്ടാകൂ. എതിരാളികള്‍ തീര്‍ത്ത പ്രതിരോധത്തിന്‍െറ മതിലിനിടയിലെ, ഇത്തിരിപ്പോന്ന പഴുതുകളിലൂടെ അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു ഷാഹിദിന്‍െറ നീക്കങ്ങള്‍. ഹോക്കിയില്‍ ഇന്ത്യ അവസാനമായി ഒളിമ്പിക്സ് സ്വര്‍ണമണിഞ്ഞ 1980ലെ മോസ്കോ ഒളിമ്പിക്സില്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഷാഹിദായിരുന്നു.
എണ്‍പതുകളിലെ ഹോക്കി മത്സരങ്ങള്‍ ഓര്‍മയിലുള്ളവര്‍ക്ക് കളത്തിനുള്ളിലെ ഷാഹിദിന്‍െറ ഒഴുകിനടക്കുന്ന ആ പ്രകടനം ഓര്‍മയിലുണ്ടാവും. സ്റ്റിക്കിന്‍െറ അറ്റത്ത് പശ ചേര്‍ത്ത് ഒട്ടിച്ചപോലെ അടരുവാന്‍ വയ്യാത്ത പന്തുമായി മുഴുനീളത്തില്‍ തെന്നിയും മാറിയും എതിരാളിയെ വെട്ടിയൊഴിഞ്ഞും ലക്ഷ്യത്തിലേക്ക് പായുന്ന ആ കുതിപ്പ്. ക്രിക്കറ്റില്‍ കപില്‍ദേവിനുണ്ടായിരുന്ന താരപരിവേഷമായിരുന്നു ഹോക്കിയില്‍ ഷാഹിദിന്. 1960 ഏപ്രില്‍ 14ന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ സാധാരണ കുടുംബത്തിലായിരുന്നു ഷാഹിദിന്‍െറ ജനനം. ചെറുപ്പത്തിലേ ഹോക്കി സ്റ്റിക്കിനോട് കമ്പം മൂത്ത ഷാഹിദ് 19ാമത്തെ വയസ്സില്‍ ദേശീയ ജൂനിയര്‍ ടീമില്‍ അംഗമായി. ജൂനിയര്‍ തലത്തിലെ പ്രകടന മികവിന്‍െറ മേല്‍വിലാസത്തില്‍ നേരിട്ട് ദേശീയ ടീമിലത്തൊന്‍ പിന്നെ കാലതാമസമുണ്ടായില്ല.
പിന്നീട് ഇന്ത്യന്‍ ടീമിന്‍െറ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ഡല്‍ഹി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 86ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981ല്‍ അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം ഷാഹിദിനെ ആദരിച്ചു. റെയില്‍വേക്കു വേണ്ടിയും സ്റ്റിക്കെടുത്ത ഷാഹിദ് ഒടുവില്‍ അവിടത്തെന്നെ ഉദ്യോഗസ്ഥനായി. വാരാണസിയിലെ ഡീസല്‍ എന്‍ജിന്‍ വര്‍ക്സ് കോംപ്ളക്സില്‍ വണ്ടികളുടെ ദിശ നോക്കിയിരുന്ന ഷാഹിദ് ഹോക്കി സ്റ്റിക് തന്നെ മറന്നിരുന്നു. വിമാനത്തില്‍ കയറാന്‍ പണ്ടുണ്ടായിരുന്ന പേടി കാരണം ഷാഹിദ് അധികമൊന്നും യാത്ര ചെയ്തില്ല. പഴയ കളിക്കാരില്‍ ഏറെയും നഗരങ്ങളില്‍ ചേക്കേറിയപ്പോള്‍ ഷാഹിദ് ഒരിക്കലും തന്‍െറ പ്രിയപ്പെട്ട വാരാണസിയും ഗംഗാനദിയുടെ കുളിര്‍ കാറ്റും വിട്ട് എങ്ങും പോയില്ല.
ക്രിക്കറ്റില്‍ ബാറ്റെടുത്തവരൊക്കെ ദേശീയ ബിംബങ്ങളായി നിറഞ്ഞുനിന്ന കാലത്ത് വാരാണസിയിലെ തെരുവുകളിലൂടെ ഈ മനുഷ്യന്‍ നടന്നുപോകുമ്പോള്‍ രാജ്യത്തിനായി സ്വര്‍ണപ്പതക്കം വരെ നേടിത്തന്നൊരു പ്രതിഭയാണ് നടന്നുപോകുന്നതെന്ന് തിരിച്ചറിഞ്ഞവര്‍ പോലും അപൂര്‍വമായിരുന്നു. എന്നിട്ടും തന്നെത്തേടി അപൂര്‍വമായത്തെിയ പത്രക്കാരോട് ഷാഹിദ് ഭായി പറഞ്ഞു. ‘എനിക്കാരോടും പരാതിയില്ല. പരിഭവവുമില്ല. വാരാണസി വിട്ട് ഞാന്‍ എങ്ങോട്ടുമില്ല. വാരാണസിയില്ലാത്ത ഷാഹിദ്, ഷാഹിദാവുകയില്ല.’ ഒടുവില്‍ കിഡ്നിയും കരളും തകരാറിലായി മരണാസന്നമായപ്പോള്‍ ഷാഹിദിനെ റെയില്‍വേ അധികൃതര്‍ ചികിത്സക്കായി ദക്ഷിണ ഡല്‍ഹിയിലെ ഗുഡ്ഗാവ് മേദാന്ത മെഡിസിറ്റി ആശുപത്രിയിലേക്ക് വിമാനത്തിലാണ് കൊണ്ടുവന്നത്. അപ്പോള്‍ ഭയത്തിന്‍െറ ഓര്‍മകള്‍ പോലും അദ്ദേഹത്തില്‍നിന്ന് അകന്നുപോയിരുന്നു. ഭാര്യ പര്‍വീണ്‍ ഷാഹിദും മക്കളായ മുഹമ്മദ് സെയ്ഫും മകള്‍ ഹീന ഷാഹിദും ഒപ്പമുണ്ടായിരുന്നു.
രാജ്യത്തിന്‍െറ അഭിമാനമായിരുന്ന ഷാഹിദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും ചികിത്സാ സഹായം നല്‍കണമെന്നും മുന്‍ ഹോക്കി ക്യാപ്റ്റന്‍ ധന്‍രാജ്പിള്ള ആവശ്യപ്പെട്ടപ്പോഴായിരുന്നു ഷാഹിദിന്‍െറ അവസ്ഥ ലോകമറിഞ്ഞത്. സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചെങ്കിലും ഒന്നും സ്വീകരിക്കാന്‍ നില്‍ക്കാതെ ഷാഹിദ് ഭായി വിടപറഞ്ഞു. ഹോക്കിയിലെ സുവര്‍ണ നിമിഷങ്ങള്‍ ഓര്‍ക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കുളിര്‍കാറ്റായി മുഹമ്മദ് ഷാഹിദ് കടന്നുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.