ചാമ്പ്യന്‍സ് ട്രോഫി ഹോക്കിക്ക് ഇന്ന് തുടക്കം

ലണ്ടന്‍: റിയോ ഒളിമ്പിക്സിന് മുന്നോടിയായി ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം മലയാളികളുടെ അഭിമാനമായ പി.ആര്‍. ശ്രീജേഷിന്‍െറ നേതൃത്വത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ജര്‍മനിയാണ് ആദ്യപോരാട്ടത്തിലെ എതിരാളികള്‍. 1982ല്‍ ആംസ്റ്റര്‍ഡാമില്‍ നേടിയ വെങ്കലം മാത്രമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പ്രധാന സമ്പാദ്യം. റായ്പുരില്‍ നടന്ന ലോകലീഗിലെ വെങ്കലമാണ് ഇന്ത്യക്ക് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യക്ക് അഭിമാനിക്കാനുള്ള ഏക മെഡല്‍.

ജൂനിയര്‍ താരങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടീമില്‍ ശ്രീജേഷിന്‍െറ നായകത്വമാണ് ഏറ്റവും വലിയ പ്രത്യേകത. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ വി.ആര്‍. രഘുനാഥിനും ശ്രീജേഷിനും ഇത് തിരിച്ചുവരവാണ്. അസ്ലന്‍ഷാ കപ്പില്‍ ഇരുവര്‍ക്കും വിശ്രമമനുവദിക്കുകയായിരുന്നു. അതേസമയം, സ്ഥിരം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങും രൂപീന്ദര്‍പാല്‍ സിങ്ങും ചാമ്പ്യന്‍സ് ട്രോഫിക്കില്ല. രഘുനാഥിനൊപ്പം പെനാല്‍റ്റി കോര്‍ണര്‍ സ്പെഷലിസ്റ്റായി യുവതാരം ഹര്‍മന്‍പ്രീത് സിങ്ങുമുണ്ട്. അസ്ലന്‍ഷാ കപ്പില്‍ ഹര്‍മന്‍പ്രീത് മികച്ച ഫോമിലായിരുന്നു. 2018ലെ അടുത്ത ചാമ്പ്യന്‍സ് ലീഗോടെ ഈ ടൂര്‍ണമെന്‍റ് അവസാനിപ്പിക്കാനാണ് ലോക ഹോക്കി ഫെഡറേഷന്‍െറ തീരുമാനം. ആറു ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ആതിഥേയരായ ബ്രിട്ടനെതിരെ നാളെയും ബെല്‍ജിയത്തിനെതിരെ 13നും ഇന്ത്യക്ക് മത്സരമുണ്ട്്. 14ന് ദക്ഷിണ കൊറിയയും 16ന് ആസ്ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികള്‍. ഒളിമ്പിക്സിന്‍െറ തയാറെടുപ്പിലായതിനാല്‍ നെതര്‍ലന്‍ഡ്സ് പങ്കെടുക്കുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.