ലണ്ടൻ: ലോക ഹോക്കി ലീഗ് സെമിഫൈനലിലെ ഗ്രൂപ് റൗണ്ടിൽ തോൽപിച്ചതിന് കാനഡ കണക്കുവീട്ടി. അഞ്ചും ആറും സ്ഥാനക്കാർക്കുവേണ്ടി നടന്ന മത്സരത്തിൽ 3-2ന് ഇന്ത്യയെ തോൽപിച്ച് കാനഡ അഞ്ചാം സ്ഥാനവും ഒപ്പം ഇന്ത്യതന്നെ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് യോഗ്യതയും നേടി. മൂന്നാം ക്വാർട്ടറിൽ നാലു മിനിറ്റിനിടെ നേടിയ രണ്ടു ഗോളുകളിലാണ് ഇന്ത്യയെ കാനഡ മറികടക്കുന്നത്. ഗ്രൂപ് റൗണ്ടിൽ 3-0ത്തിനായിരുന്നു ഇന്ത്യ ഇവരെ തോൽപിച്ചത്. കാനഡക്കായി ജോർഡൻ ജോൺസൺ രണ്ടു ഗോൾ നേടിയപ്പോൾ, െപരീറ മറ്റൊരു ഗോൾ നേടി. ഇന്ത്യയുടെ രണ്ടു ഗോളുകളും ഹർമൻപ്രീതിെൻറ സ്റ്റിക്കിൽനിന്നായിരുന്നു.
ക്വാർട്ടറിൽ മലേഷ്യയോട് തോറ്റതിനുശേഷമാണ് ഇന്ത്യ സ്ഥാന നിർണയ പോരാട്ടത്തിനിറങ്ങിയത്. ശനിയാഴ്ച പാകിസ്താനെ 6-1ന് വീഴ്ത്തിയ നീലപ്പട, 5-6 സ്ഥാനനിർണയ മത്സരത്തിൽ കാനഡക്കു മുന്നിൽ പതറി. ഫിനിഷിങ്ങിൽ ഇന്ത്യൻ നിരക്ക് കാര്യമായ പിഴവുകൾ കണ്ട മത്സരത്തിൽ 11ാം റാങ്കുകാരായ കാനഡ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി ഞെട്ടിപ്പിച്ചു. ജോർഡൻ ജോൺസണാണ് ഗോൾ നേടിയത്. എന്നാൽ, ഏഴാം മിനിറ്റിലും 22ാം മിനിറ്റിലും ഹർമൻപ്രീത് സിങ് തിരിച്ചടിച്ച് ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും കനേഡിയൻ പട വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. 40ാം മിനിറ്റിൽ കീഗൻ പെരീറയാണ് സമനില പിടിച്ചത്. നാലുമിനിറ്റിനിടെ ജോർഡൻ ജോൺസൺ വീണ്ടും ഗോൾ നേടിയതോടെ ഇന്ത്യ തോൽവി ഉറപ്പിക്കുകയായിരുന്നു.
ഹോക്കി ലീഗ് സെമിഫൈനലിൽ പുറത്തായെങ്കിലും ഫൈനൽ റൗണ്ടിലും ലോകകപ്പിലും ആതിഥേയരെന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയതാണ്. ഡിസംബറിൽ ഭുവനേശ്വറിലാണ് ലീഗ് ഫൈനൽ റൗണ്ട്. ലോകകപ്പിന് 2018ൽ ഇതേ ഗ്രൗണ്ട് വേദിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.