ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ x പാക് ഫൈനല്‍ ഇന്ന്

കൗണ്ടന്‍: രാജ്യം തന്‍െറ സാന്നിധ്യം ആവശ്യപ്പെട്ട നേരത്ത് പരിക്കിന്‍െറ അവശതകളെല്ലാം മാറ്റിവെച്ച്, പടനായകന്‍െറ ഉത്തരവാദിത്തബോധത്തോടെ പി.ആര്‍. ശ്രീജേഷ് മൈതാനത്തിറങ്ങി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ദക്ഷിണ കൊറിയക്കെതിരായ സെമിഫൈനല്‍ നിശ്ചിത സമയത്തെ സമനിലയില്‍നിന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍, രാജ്യത്തിന്‍െറ പ്രതീക്ഷകളെല്ലാം തോളിലേറ്റി ഉജ്ജ്വല പ്രകടനം. ഒടുവില്‍, അവസാന ഷോട്ടില്‍ എതിരാളിയുടെ മിന്നല്‍ പ്രഹരത്തിനും മുമ്പേ ‘സര്‍ജിക്കല്‍ സ്ട്രൈക്’. ഒരു സേവില്‍ ഇന്ത്യക്ക് ഫൈനല്‍ ബെര്‍ത്ത്.
ഇതല്ളേ ശരിക്കും ഹീറോയിസമെന്ന് ആരാധകരെക്കൊണ്ട് പറയിപ്പിച്ച നിമിഷം.

ഞായറാഴ്ചയിലെ കിരീടപ്പോരാട്ടത്തില്‍ പാരമ്പര്യവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. രണ്ടാം സെമിയില്‍ ആതിഥേയരായ മലേഷ്യയെ ഷൂട്ടൗട്ടില്‍ (3-2) വീഴ്ത്തിയാണ് ഹാട്രിക് കിരീടം തേടുന്ന പാകിസ്താന്‍ കലാശപ്പോരാട്ടത്തിനിടം നേടിയത്. റൗണ്ട് റോബിന്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായി, സെമി കളിക്കാനിറങ്ങിയ ഇന്ത്യയെ കൊറിയക്കാര്‍ വരച്ചവരയില്‍ നിര്‍ത്തിയപ്പോഴാണ് ശ്രീജേഷ് ഷൂട്ടൗട്ടിലെ രക്ഷകനായത്. കളിയുടെ 15ാം മിനിറ്റില്‍ തല്‍വീന്ദര്‍ സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യ ഗോളടിച്ചത്. പക്ഷേ, രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി ആറു മിനിറ്റിനുള്ളില്‍ കൊറിയക്കാര്‍ ഒപ്പമത്തെി. നിര്‍ണായകമായ അവസാന ക്വാര്‍ട്ടറിലായിരുന്നു വീറുറ്റ പോരാട്ടം. ലീഡ് നേടാനുള്ള ഇന്ത്യന്‍ റെയ്ഡുകള്‍ക്കിടയില്‍ പെനാല്‍റ്റി ഗോളാക്കി യാങ് ജിഹുന്‍ കൊറിയയെ 1-2ന് മുന്നിലത്തെിച്ചു. പക്ഷേ, രണ്ടു മിനിറ്റേ ആ മുന്‍തൂക്കത്തിന് ആയുസ്സ് ലഭിച്ചുള്ളൂ. 55ാം മിനിറ്റില്‍ രമണ്‍ദീപിലൂടെ ഇന്ത്യ കളി സമനിലയിലാക്കി (2-2). നിശ്ചിത സമയം കഴിഞ്ഞതോടെ ടെന്‍ഷന്‍െറ പെനാല്‍റ്റി ഷൂട്ടൗട്ട്.

ഇവിടെയും ഒപ്പത്തിനൊപ്പമായിരുന്നു കുതിപ്പ്. സര്‍ദാര്‍ സിങ്, രമണ്‍ദീപ്, രുപീന്ദര്‍ പാല്‍, ആകാശ്ദീപ് എന്നിവര്‍ ഇന്ത്യന്‍ നിരയിലും ജുങ്മാന്‍ജി, കിം യോങ്ജിന്‍, ലീ ജുങ്ജുന്‍, ജോങ്സുക് എന്നിവര്‍ കൊറിയന്‍ നിരയിലും സ്കോര്‍ ചെയ്തു. സ്കോര്‍ ബോര്‍ഡ് 4-4. നിര്‍ണായകമായ അഞ്ചാം ഷോട്ടിലേക്ക് കളിയത്തെിയപ്പോള്‍ ഗാലറിയില്‍ ശ്വാസമടക്കിപ്പിടിച്ച നിമിഷം. ഇന്ത്യയുടെ ബിരേന്ദ്ര ലക്രയുടെ ഷൂട്ടൗട്ട് വലയിലത്തെിയെങ്കിലും കൊറിയന്‍ ഗോളിയുടെ ഫൗളിനെ തുടര്‍ന്ന് പെനാല്‍റ്റിയായിമാറി. കിക്കെടുത്ത രുപീന്ദര്‍ അനായാസം പന്ത് വലയിലത്തെിച്ച് ഇന്ത്യക്ക് ക്ളീന്‍ ചിറ്റ് നല്‍കി. ശേഷം കൊറിയയുടെ ഊഴം. ഡിയോള്‍ ലീ പന്തുമായി സര്‍ക്കിളിലേക്ക് മുന്നേറുമ്പോഴേക്കും ശ്രീജേഷിന്‍െറ അഡ്വാന്‍സ്. ഒരൊറ്റ ടേണിങ്ങില്‍ പന്ത് അടിച്ചകറ്റിയ ശ്രീജേഷ് ഇന്ത്യക്ക് ജയം സമ്മാനിച്ചു (5-4). എതിരാളിക്ക് അപ്പീലിനുപോലും അവസരമില്ലാത്ത സേവിങ്.

2011ല്‍ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി പ്രഥമ ചാമ്പ്യന്മാരായ ഇന്ത്യ മൂന്നാം തവണയാണ് ഫൈനലിലത്തെുന്നത്. 2012 ഫൈനലില്‍ പാകിസ്താനോട് തോറ്റിരുന്നു.

Tags:    
News Summary - india vs Pakistan final live hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.