ഭുവനേശ്വർ: സ്വന്തം മണ്ണിൽ ലോകകപ്പ് പോരാട്ടങ്ങൾക്ക് സ്വപ്നത്തുടക്കം കുറിച്ച ഇന്ത്യക്ക് ഇന്ന് യഥാർഥ പരീക്ഷ. പൂൾ ‘സി’യിലെ ടോപ് സീഡുകാരായ ബെൽജിയത്തെ കീഴടക്കിയാൽ ആതിഥേയർക്ക് നേരിട്ട് ലോകകപ്പ് ക്വാർട്ടർ ഉറപ്പിക്കാം. രാത്രി ഏഴിനാണ് മത്സരം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത അഞ്ചു ഗോളിന് വീഴ്ത്തിയതിെൻറ ഉൗർജം ഇന്ത്യൻ ക്യാമ്പിനുണ്ട്. കളിയുടെ മൂന്നു ക്വാർട്ടറിലും പിറന്ന ഗോളിലൂടെ ആക്രമണ മുനക്ക് മൂർച്ച തെളിയിച്ചു കഴിഞ്ഞു. അതേസമയം, ലോക മൂന്നാം നമ്പറുകാരായ ബെൽജിയം കാനഡക്ക് മുന്നിൽ വിയർത്തുകളിച്ചാണ് (2-1) ജയിച്ചത്. മികവിനൊത്ത കളി കാഴ്ചവെക്കാൻ റിയോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാക്കൾക്ക് കഴിഞ്ഞിട്ടില്ല.
ഇന്ന് ഇന്ത്യക്കെതിരെ ജയം അനിവാര്യമാണെന്ന് കോച്ച് ഷെയ്ൻ മക്ലോയിഡ് പറയുന്നു. ‘‘കഴിഞ്ഞ കളിയിൽ മൂന്നു പോയൻറ് നേടി. പക്ഷേ, ഗോൾവ്യത്യാസത്തിൽ മുന്നേറാനായിട്ടില്ല. ഇന്ത്യക്കെതിരെ ജയിച്ചെങ്കിൽ മാത്രമേ പൂൾ ജേതാക്കളാകാനാവൂ’’ -മക്ലോയിഡ് പറഞ്ഞു. റാങ്കിങ്ങിൽ അഞ്ചാം നമ്പറുകാരായ ഇന്ത്യക്കുമുണ്ട് ബെൽജിയം ഭീതി. റാങ്കിങ്ങിൽ മാത്രമല്ല മുഖാമുഖത്തിലും അവർ ഇന്ത്യക്ക് മുന്നിലാണ്. 2013ന് ശേഷം 19 തവണ ഏറ്റുമുട്ടിയപ്പോൾ 13ലും ജയം ബെൽജിയത്തിനായിരുന്നു. അഞ്ചുകളി ഇന്ത്യ ജയിച്ചു. ഒന്ന് സമനിലയും. ജൂലൈയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനം കളിച്ചത്. അന്ന് 1-1ന് സമനിലയിൽ പിരിഞ്ഞു.
ആദ്യ ദിനം ദക്ഷിണാഫ്രിക്കക്കെതിരെ പിഴവുകളില്ലാതെ കളിച്ചുവെന്നാണ് കോച്ച് ഹരേന്ദ്ര സിങ്ങിെൻറ വിലയിരുത്തൽ. മുന്നേറ്റത്തിൽ മന്ദീപ് സിങ്, സിമ്രാൻജിത്, ആകാശ്ദീപ് സിങ്, ലളിത് ഉപാധ്യായ എന്നിവർ മിന്നുംഫോമിലാണ്. ആദ്യ കളിയിൽ സിമ്രാൻജിതിെൻറ ഇരട്ട ഗോളടക്കം നാലുപേരും സ്കോർ ചെയ്തു.
നായകൻ മൻപ്രീത് നയിക്കുന്ന മധ്യനിരയും ഹർമൻപ്രീത്, ബിരേന്ദ്ര ലക്ര, സുരേന്ദ്ര കുമാർ എന്നിവരുടെ പ്രതിരോധവുംകൊണ്ട് ക്രാഷ് ടെസ്റ്റ് വിജയകരമായി പാസായി. ഗോളി പി.ആർ. ശ്രീജേഷ് എന്ന പരിചയസമ്പന്നൻ കൂടിയാവുന്നതോടെ ഇന്ത്യ അതിശക്തം. എങ്കിലും കോച്ചിനെ അലട്ടുന്ന പ്രധാന പ്രശ്നം പെനാൽറ്റി കോർണറുകൾ നേരിട്ട് ഗോളാക്കാനാവുന്നില്ലെന്നതാണ്. കഴിഞ്ഞ കളിയിലെല്ലാം ഇൗ പോരായ്മ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.