ലഖ്നോ: ജൂനിയര്‍ ലോകകപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യ ഞായറാഴ്ച ബെല്‍ജിയത്തെ നേരിടും. ഒരു ജയംമാത്രം അകലത്തില്‍ നിര്‍ണായക കപ്പ് എത്തിനില്‍ക്കെ സ്വന്തം കാണികള്‍ക്കു മുന്നില്‍ എന്തുവില കൊടുത്തും എതിരാളികളെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ജയിച്ചാല്‍ 15 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ജൂനിയര്‍ ലോകകപ്പ് ഫൈനലില്‍ കപ്പുയര്‍ത്തുക. 2001ല്‍ ആസ്ട്രേലിയയില്‍വെച്ചാണ് ഇതിനുമുമ്പ് ഈ കപ്പ് സ്വന്തമാക്കുന്നത്.
കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫോര്‍വേഡ് താരങ്ങളായ ഗുര്‍ജന്ദ് സിങ്ങും മന്ദീപ് സിങ്ങും തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. മധ്യനിരയില്‍ പന്ത് നിയന്ത്രിച്ച് മത്സരം പിടിച്ചെടുക്കുന്ന ഹര്‍ജീത് സിങ്ങും മികവിലേക്കുയര്‍ന്നാല്‍ ബെല്‍ജിയത്തെ എളുപ്പം മറികടക്കാനാവും. ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഹീറോ ആയ ഗോളി വികാസ് ദാഹിയ ഇത്തവണയും ടീമിന്‍െറ രക്ഷകനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ശക്തരായ ആസ്ട്രേലിയയെ ഷൂട്ടൗട്ടില്‍ 4-2ന് മറികടന്നാണ് ആതിഥേയര്‍ ഫൈനല്‍ പ്രവേശനം നേടുന്നത്. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. പിന്നീട് പെനാല്‍റ്റിയില്‍ ഗോളിയുടെ മിന്നും സേവിങ്ങിലാണ് ഇന്ത്യ വിജയിക്കുന്നത്. അതേസമയം, ശക്തരായ ജര്‍മനിയെ ഷൂട്ടൗട്ടില്‍ 4-3ന് മറികടന്നാണ് ബെല്‍ജിയം കലാശക്കൊട്ടിന് യോഗ്യത നേടുന്നത്. നിശ്ചിതസമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ബെല്‍ജിയം, ജര്‍മനി പോരാട്ടം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്.
തന്‍െറ താരങ്ങള്‍ കലാശക്കൊട്ടില്‍ വിജയിക്കാന്‍ സര്‍വസജ്ജരാണെന്ന് ഇന്ത്യന്‍ കോച്ച് ഹരേന്ദ്ര സിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.