ഇപ്പോ (മലേഷ്യ): ജയംകൊണ്ട് ഒന്നും നേടാനില്ലാതിരുന്നിട്ടും മലേഷ്യ ഇന്ത്യയെ തോൽപിച്ച് പുറത്താക്കിക്കളഞ്ഞു. ഫൈനലിലെത്താൻ ജയം അനിവാര്യമായിരുന്ന അവസാന മത്സരത്തിൽ ദുർബലരായ മലേഷ്യക്കെതിരെ തോൽവിയറിഞ്ഞ് അസ്ലൻഷാ കപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത് (സ്കോർ 1-0). ഇനി മൂന്നാം സ്ഥാനത്തിനായി ന്യൂസിലൻഡിനോട് മത്സരിക്കാം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആസ്ട്രേലിയയും ഗ്രേറ്റ് ബ്രിട്ടനും ഏറ്റുമുട്ടും.
ശനിയാഴ്ച കാര്യങ്ങളൊന്നും ഇന്ത്യക്കൊപ്പമായിരുന്നില്ല. സമനില പ്രതീക്ഷിച്ച ന്യൂസിലൻഡ്-ബ്രിട്ടൻ മത്സരത്തിൽ 3-2ന് ബ്രിട്ടൻ ജയിച്ചുവെന്ന വാർത്ത കേട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇതോടെ ഫൈനൽ കാണാൻ രണ്ടു ഗോൾ വ്യത്യാസത്തിലെങ്കിലും ജയിക്കണെമന്ന അവസ്ഥയിലാണ് ഇന്ത്യ മലേഷ്യയെ നേരിട്ടത്. പോയൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മലേഷ്യക്കെതിരെ ഇത് അത്ര ബുദ്ധിമുട്ടാവില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, രണ്ടാം പകുതിയിൽ ആതിഥേയർ കളംനിറഞ്ഞ് കളിച്ചപ്പോൾ ഇന്ത്യക്ക് അടിപതറി. 50ാം മിനിറ്റിൽ ഷാഹ്റിൽ സബാഹാണ് മലേഷ്യക്കുവേണ്ടി ലക്ഷ്യംകണ്ടത്. ടൂർണമെൻറിൽ മലേഷ്യയുടെ ആദ്യ ജയം.
നേരിയ മഴയോടെയായിരുന്നു മത്സരത്തിെൻറ തുടക്കം. ഗോളിമാർക്ക് ഒരു പണിയുമില്ലാതെ ആദ്യ ക്വാർട്ടർ സമാധാനപരമായി പര്യവസാനിച്ചു. രണ്ടു ടീമുകൾക്കും പോസ്റ്റിനുനേരെ ഒരു തവണപോലും നിറയൊഴിക്കാൻ കഴിഞ്ഞില്ല. ഒരു പെനാൽറ്റി കോർണർപോലും ഇരു ടീമിനും ലഭിച്ചതുമില്ല. രണ്ടാം ക്വാർട്ടറിൽ ഇന്ത്യയെ തേടി ആദ്യ പെനാൽറ്റി കോർണർ എത്തി. പോസ്റ്റിനെ ലക്ഷ്യമാക്കി രൂപീന്ദർ പാൽ തൊടുത്ത ഷോട്ട് ഗോളിയിൽ തട്ടി തെറിച്ചു.
തൊട്ടുപിന്നാലെ മലേഷ്യൻ പട ഇന്ത്യൻ ഗോൾമുഖം ആക്രമിച്ചെങ്കിലും പ്രതിരോധ നിര ഗോൾവല കാത്തു. മൂന്നു മിനിറ്റിനുശേഷം റഫറി പെനാൽറ്റി കോർണർ വിധിച്ചെങ്കിലും മലേഷ്യ അപ്പീൽ നൽകി. ആദ്യ പാതി പിന്നിടുേമ്പാൾ ഇന്ത്യക്ക് മൂന്നു പെനാൽറ്റി കോർണർ കിട്ടിയപ്പോൾ മലേഷ്യക്ക് ഒരെണ്ണംപോലും ലഭിച്ചില്ല. എന്നാൽ, രണ്ടാം പകുതിയിൽ ആതിഥേയർ തിരിച്ചടി തുടങ്ങി. തുടർച്ചയായ രണ്ടു പെനാൽറ്റി കോർണറുകളിലൂടെ ഗോൾമുഖം വിറപ്പിച്ച മലേഷ്യക്കാർ ഇന്ത്യയെ അനങ്ങാൻപോലും സമ്മതിച്ചില്ല. 50ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതീക്ഷകൾ തകിടംമറിച്ച് മലേഷ്യൻ ഗോളെത്തി. പെനാൽറ്റി കോർണർ വഴി ലഭിച്ച പന്ത് ഷാഹ്റിൽ സബാഹ് വഴിതിരിച്ചുവിട്ടപ്പോൾ കാഴ്ചക്കാരനായി നിൽക്കാനേ ഗോളിക്ക് കഴിഞ്ഞുള്ളൂ. അവസാന പത്തു മിനിറ്റിൽ ഗോളിനായി ഇന്ത്യ വിയർപ്പൊഴുക്കിയെങ്കിലും മലേഷ്യൻ പ്രതിരോധം സമ്മതിച്ചില്ല. മറ്റൊരു മത്സരത്തിൽ ഫൈനലുറപ്പിച്ച ആസ്ട്രേലിയയെ ജപ്പാൻ 3-2ന് അട്ടിമറിച്ചു. അവസാന സ്ഥാനക്കാരെ നിർണയിക്കുന്ന മത്സരത്തിൽ ഞായറാഴ്ച ജപ്പാൻ മലേഷ്യയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.