ഭുവനേശ്വർ: വെറുമൊരു ജയം വേണ്ടിടത്ത് അഞ്ചു ഗോളിെൻറ ഉജ്ജ്വല ജയവുമായി ഇന്ത്യ ലോ കകപ്പ് ഹോക്കി ക്വാർട്ടറിൽ. പൂൾ ‘സി’യിലെ നിർണായക മത്സരത്തിൽ കാനഡയെ 5-1ന് തരിപ്പണ മാക്കിയ ഇന്ത്യ ബെൽജിയത്തെ ഗോൾ ശരാശരിയിൽ മറികടന്നാണ് മുന്നേറിയത്. നാലു ടീമുകൾ മത്സരിച്ച പൂളിലെ ഒന്നാം സ്ഥാനക്കാർക്കു മാത്രമായിരുന്നു ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം.
ശനിയാഴ്ച ആദ്യം നടന്ന കളിയിൽ ബെൽജിയം ദക്ഷിണാഫ്രിക്കയെ 5-1ന് തോൽപിച്ച് ഗോൾ വ്യത്യാസത്തിൽ ഇന്ത്യക്കൊപ്പമെത്തി (+5). ഇതോടെ, ജയിച്ചാൽ ആതിഥേയർക്ക് ഗ്രൂപ് ചാമ്പ്യന്മാരാവാമെന്നായി. കാനഡക്കെതിരെ യുവത്വത്തിൽ വിശ്വാസമർപ്പിച്ച കോച്ച് ഹരേന്ദർ സിങ്ങിെൻറ സ്വപ്നങ്ങൾക്കൊപ്പമായിരുന്നില്ല കളിയുടെ ആദ്യ നിമിഷങ്ങൾ.
12ാം മിനിറ്റിൽ ഹർമൻപ്രീത് സിങ് പെനാൽറ്റി കോർണറിലൂടെ ഇന്ത്യക്ക് ആദ്യ ഗോൾ നൽകിയെങ്കിലും 39ാം മിനിറ്റിൽ കാനഡ തിരിച്ചടിച്ചു. മൂന്നു ക്വാർട്ടറുകൾ അവസാനിച്ചത് 1-1 എന്നനിലയിൽ. അവസാന 15 മിനിറ്റിൽ ഉൗർജം കുത്തിനിറച്ചാണ് ഇന്ത്യയിറങ്ങിയത്. അതിെൻറ ഫലം ആദ്യ മിനിറ്റിൽ തന്നെ കണ്ടു.
ചിഗ്ലൻസേനയുടെ ഫീൽഡ് ഗോളിലൂടെയാണ് ലീഡ് പിടിച്ചത്. പിന്നെ കണ്ടത് വലനിറയെ ഗോളുകൾ. ലളിത് കുമാർ ഉപാധ്യായ (47, 57), അമിത് രോഹിദാസ് (51) എന്നിവരുടെ എണ്ണംപറഞ്ഞ ഗോളുകളിലൂടെ ഇന്ത്യ കാനഡയെ കളത്തിൽ നിന്നേ മായ്ച്ചു.
രണ്ടു ജയവും ഒരു സമനിലയുമായി ഇന്ത്യക്കും ബെൽജിയത്തിനും ഏഴു പോയൻറായതോടെ ഗോൾ ശരാശരി വിധി നിർണയിച്ചു. അവിടെ ഇന്ത്യക്ക് ഒമ്പതും ബെൽജിയത്തിന് ഏഴും. ആതിഥേയർ ക്വാർട്ടറിൽ. 13നാണ് ക്വാർട്ടർ ഫൈനലിലെ ഇന്ത്യയുടെ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.