ടോക്യോ: പ്രായം 58 പിന്നിട്ടുവെന്നത് കുവൈത്തുകാരൻ അബ്ദുല്ല അൽ റാഷിദിക്ക് ഒരു വിഷയമേയല്ല. പലർക്കും കാഴ്ച മങ്ങിത്തുടങ്ങുന്ന ഈ പ്രായത്തിൽ അബ്ദുല്ല അൽ റാഷിദി തോക്കുമായി ടോക്യാ ഒളിമ്പിക്സിനായി വിമാനം കയറുേമ്പാൾ പലരും പരിഹസിച്ചു. എന്നാൽ, അവർക്ക് വെടിയുണ്ടകൊണ്ട് മറുപടി പറഞ്ഞാണ് ഈ 58കാരൻ ജപ്പാനിൽനിന്ന് മടങ്ങുന്നത്. ഷൂട്ടിങ്ങിൽ പുരുഷ സ്കീറ്റ് വിഭാഗത്തിലാണ് കുവൈത്തിനായി അബ്ദുല്ല അൽ റാഷിദി മൂന്നാംസ്ഥാനം നേടി രാജ്യത്തിെൻറ അഭിമാനമായത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന 'മോസ്റ്റ് സീനിയർ' താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.
1996 അറ്റ്ലാൻറ ഒളിമ്പിക്സിലാണ് അബ്ദുല്ല തെൻറ നീളൻ തോക്കുമേന്തി ലോക കായികമേളയിൽ പേരുപതിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്. ഓരോ തവണയും മെഡലില്ലാതെ മടങ്ങുേമ്പാഴും അയാൾ മാധ്യമങ്ങളോട് പറയാറുള്ളത് അടുത്ത ഒളിമ്പിക്സിൽ കാണാം എന്നായിരുന്നു. ഒടുവിൽ, കഴിഞ്ഞ 2016 റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത് വെങ്കലം നേടിയെങ്കിലും അത് രാജ്യത്തിെൻറ പേരിലല്ലെന്ന സങ്കടം ബാക്കിയായി. കുവൈത്തിന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നതിനാൽ, സ്വതന്ത്രനായിട്ടായിരുന്നു മത്സരിച്ചിരുന്നത്.
ഇത്തവണയും വെങ്കലം നേടിയ അബ്ദുല്ല വെടിവെപ്പ് നിർത്താനുള്ള പദ്ധതിയൊന്നും ഇല്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. ''സ്വർണം നേടാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. പക്ഷേ, 58കാരനായ ഷൂട്ടിങ്ങിലെ വയസ്സൻ വെങ്കലം നേടിയത് സ്വർണത്തേക്കാൾ മധുരമാണെന്നറിയാം. എങ്കിലും ഞാൻ പറയുന്നു, 2024 പാരിസ് ഒളിമ്പിക്സിൽ സ്വർണം നേടാനായി ഞാനുണ്ടാകും, ദൈവം സഹായിച്ചാൽ. അന്നെനിക്ക് 61 വയസ്സാകും. സ്കീറ്റിനോടൊപ്പം ട്രാപിലും ഈ പേര് ഓർത്തുവെച്ചോളൂ'' -മീശക്കാരൻ അബ്ദുല്ല അൽ റാഷിദി ചിരിച്ചുകൊണ്ട് ലോക ഷൂട്ടർമാരോട് വെല്ലുവിളി അറിയിച്ചു.
റിയോ ഒളിമ്പിക്സിൽ രാജ്യമില്ലാത്തതിനാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സനൽ എഫ്.സിയുടെ ജഴ്സിയണിഞ്ഞ് മത്സരിക്കാനെത്തിയത് വലിയ വാർത്തയായിരുന്നു. രാജ്യത്തിനായി ഒളിമ്പിക്സ് മെഡൽ എന്ന സങ്കടം ബാക്കിയുണ്ടായിരുന്നത് ഇത്തവണ അദ്ദേഹം മൂന്നാം സ്ഥാനം നേടി പരിഹരിച്ചപ്പോൾ ഏറെ സന്തോഷവാനായിരുന്നു. മെഡൽ സ്വീകരിച്ചതിനു ശേഷം മാത്രം രാജ്യത്തിെൻറ പതാക അണിയുകയെന്ന ഒളിമ്പിക്സ് നിയമമൊന്നും സന്തോഷം കാരണം അബ്ദുല്ലക്ക് ഓർമയുണ്ടായിരുന്നില്ല. കുവൈത്ത് പതാക പുതച്ച് നിറചിരിയുമായാണ് മെഡൽ അണിയാൻ അദ്ദേഹം എത്തിയത്.
ഈ ഇനത്തിൽ അമേരിക്കയുടെ വിൻസെൻറ് ഹാൻകോക്കാണ് സ്വർണം നേടിയത്. നേരത്തെ 2008ലും 2012ലും സ്വർണം നേടിയിരുന്ന ഹാൻകോക്ക്, സ്കീറ്റിൽ ട്രിപ്ൾ ഗോൾഡ് നേടുന്ന ആദ്യ ഷൂട്ടറെന്ന റെക്കോർഡും സ്വന്തമാക്കി. ഡെൻമാർക്കിെൻറ ജെസ്പർ ഹാൻസെന്നിനാണ് വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.