ടോകിയോ: ടോകിയോ ഒളിമ്പിക്സിനെ ഞെട്ടിച്ച് അത്ലറ്റിക് വേദിയിൽ നാടകീയ സംഭവങ്ങൾ. സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന പേരിൽ 200 മീറ്റർ ഹീറ്റ്സിൽ മത്സരിപ്പിക്കാതെ മാറ്റിനിർത്തിയ ബെലറൂസ് താരം ജീവൻ അപകടത്തിലെന്ന് പറഞ്ഞ് സ്വന്തം നാട്ടിലേക്കു മടങ്ങാൻ വിസമ്മതിച്ചു. ജപ്പാനിലെ പോളണ്ട് എംബസിയിൽ അഭയം തേടിയ ഇവരെ അഭയാർഥിയായി സ്വീകരിക്കുമെന്ന് രാജ്യം സ്ഥിരീകരിച്ചു. പോളണ്ട് തലസ്ഥാനമായ വാഴ്സയിലേക്ക് മടങ്ങേണ്ട അവസാന നിമിഷം റൂട്ട് മാറ്റി ആസ്ട്രിയൻ തലസ്ഥാനമായ വിയനയിലേക്ക് പറന്നു.
തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾക്ക് തുടക്കം. 200 മീറ്ററിൽ ബെലറൂസ് ജഴ്സിയിൽ ഇറങ്ങേണ്ട ക്രിസ്റ്റ്സീന സിമനൂസ്കയയോട് ഹെഡ്കോച്ച് മത്സരിക്കരുതെന്ന് നിർദേശിക്കുകയായിരുന്നു. ടീം ഒഫീഷ്യലുകൾക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്നു പറഞ്ഞായിരുന്നു വിലക്കിയത്. നാട്ടിലെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ഇതോടെ ഭയന്നുപോയ ക്രിസ്റ്റ്സീന ടോകിയോയിലെ പോളണ്ട് എംബസിയിൽ അഭയം തേടുകയായിരുന്നു. ജീവൻ അപകടത്തിലാണെന്നും അഭയം നൽകണമെന്നുമായിരുന്നു ആവശ്യം. 'മാനുഷിക വിസ' നൽകാമെന്നായി പോളണ്ട്. ഇതോടെ, അഭയാർഥിയായി പോളണ്ടിലേക്ക് തിരിക്കാൻ തീരുമാനിച്ച അവർ വാഴ്സ വിമാനത്തിൽ മടങ്ങാൻ തീരുമാനമെടുത്തു. എന്നാൽ, അവസാന നിമിഷം വിയനയിലേക്ക് വിമാനം മാറിക്കയറുകയായിരുന്നു.
സർക്കാറിനും പ്രസിഡന്‍റ് ലുകഷെങ്കോക്കുമെതിരായ വിമർശനം കടുത്ത നടപടികൾക്ക് വിധേയമാകുന്നത് ബെലറൂസിൽ തുടർക്കഥയാണ്. ഇതാണ് ക്രിസ്റ്റ്സീനയെ ഭയപ്പെടുത്തിയത്. അടുത്തിടെ യുക്രെയ്നിൽ അഭയം തേടിയ ബെലറൂസ് ആക്ടിവിസ്റ്റ് വിറ്റാലി ഷിഷോവ് ചൊവ്വാഴ്ച തന്‍റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടീം ഒഫീഷ്യലുകൾ അവരെ ബെലറൂസിലേക്ക് അടിയന്തരമായി മടക്കി അയക്കാൻ ശ്രമിച്ചെന്നാണ് ടീം നേരിടുന്ന പ്രധാന വിമർശനം. മത്സരിക്കാൻ സമ്മതിക്കാത്തതും നടപടിക്കിടയാക്കും. ജപ്പാനിൽ കടുത്ത അവഗണന നേരിടുന്നുെവന്നായിരുന്നു സമൂഹ മാധ്യമത്തിൽ അവരുടെ വിമർശനം. ഇത് വിഷയമായതോടെ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അവർ ഒളിമ്പിക് കമ്മിറ്റിയെ സമീപിച്ചു.
സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്ച ബോധ്യപ്പെട്ടാൽ ബെലറൂസ് ഒളിമ്പിക് കമ്മിറ്റിക്ക് വിലക്കുൾപെടെ നടപടികൾ നേരിടേണ്ടിവരും. ടീം ഒഫീഷ്യലുകളിലൊരാൾ ക്രിസ്റ്റ്സീനയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.