കായിക ലോകം ആവേശപൂർവം കണ്ണുംനട്ടിരിക്കുന്ന ടോകിയോ ഒളിമ്പിക്സ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മനോഹര മുഹൂർത്തം ഏതാകും? ഒളിമ്പിക് സ്വർണം ഒറ്റക്കു മാറിലണിയാൻ ലഭിച്ച സുവർണാവസരം വേണ്ടെന്നുവെച്ച്, അതുവരെയും എതിരാളിയായി പൊരുതിയ കൂട്ടുകാരനുമായി പങ്കുവെക്കാൻ അയാൾ തീരുമാനിച്ച ആ നിമിഷം തന്നെയാകണം. ഇൗ കഥയിലെ രാജകുമാരന്മാരാണ് ഖത്തറിന്‍റെ മുഅ്തസ് ഈസ ബർശിമും ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിയും.
ഞായറാഴ്ചയായിരുന്നു ഗ്ലാമർ ഇനമായ ഹൈജംപിൽ െമഡൽ ജേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ പോരാട്ടം. ആദ്യ ചാട്ടങ്ങളിൽ തന്നെ ലക്ഷ്യം നേടി ബർശിമും ടംബേരിയും 2.37 മീറ്റർ ദൂരം പൂർത്തിയാക്കുന്നു. 2.39 ചാടിക്കടക്കാനായിരുന്നു അതുകഴിഞ്ഞ് ഇരുവരുടെയും ശ്രമം. പക്ഷേ, പരാജയപ്പെട്ടു. ഇനി ഒറ്റത്തവണ കൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന് റഫറി വന്ന് പറയുന്നു. ഇരുവരെയും വിളിച്ച് ചാട്ടത്തിനൊരുങ്ങാൻ പറഞ്ഞ അദ്ദേഹത്തോട് ബർശിമിന്‍റെ ചോദ്യം- ''ആ സ്വർണം ഞങ്ങൾ രണ്ടുപേർക്കിടയിൽ പങ്കിട്ടുകൂടെ?' ത ീർച്ചയായുമെന്നായിരുന്നു മറുപടി.
പിന്നെ മൈതാനം സാക്ഷിയായത് ഹൃദയഹാരിയായ മുഹൂർത്തങ്ങൾക്ക്. കാലിൽ ഉടക്കിയ പഴയ വേദന മറന്ന ടംബേരി തനിക്ക് സ്വർണം സമ്മാനിച്ച ബർശിമിനൊപ്പം ആഹ്ലാദ നൃത്തം ചവിട്ടി. ഇരുവരും മൈതാനംവലവെച്ചു. 2012നു ശേഷം ആദ്യമായിട്ടായിരുന്നു അത്ലറ്റിക്സിൽ ഒളിമ്പിക് സ്വർണം രണ്ടുപേർ വീതംവെച്ചെടുക്കുന്നത്.
'ഞാൻ അവനെ നോക്കുന്നു. അവൻ എന്നെയും. ആ നോട്ടംമതി ഞങ്ങൾക്ക്. എല്ലാം അറിയാനാകും'' - ബർശിമിെന്റ പ്രതികരണത്തിൽ എല്ലാമുണ്ട്.
''അവൻ എന്‍റെ ഉറ്റ ചങ്ങാതിയാണ്. ട്രാക്കിലും പുറത്തും. ഒന്നിച്ചായിരുന്നു ഞങ്ങളുടെ പരിശീലനം. സ്വപ്നം സാക്ഷാത്കൃതമാകുന്ന മുഹൂർത്തമാണിത്. അത് ഞങ്ങളിവിടെ പങ്കുവെക്കുന്നു''- ബർശിം പറയുന്നു.
2016 റിയോ ഒളിമ്പിക്സിന് ദിവസങ്ങൾക്ക് മുമ്പ് കണങ്കാലിനേറ്റ പരിക്ക് എല്ലാം നഷ്ടപ്പെടുത്തിയ ഇറ്റാലിയൻ താരത്തിന് ഇവിടെയെങ്കിലും ജയിക്കേണ്ടിയിരുന്നു. ഇനിയൊരിക്കൽ ഒളിമ്പിക്സിൽ മത്സരിക്കാൻ ആ പരിക്ക് അവസരം നൽകില്ലെന്ന് ചിലർ ഭീഷണിപ്പെടുത്തിയിരുന്നതുമാണ്. അതിൽനിന്നാണ് ടംബേരിയുടെ വരവ്. മറുവശത്ത്, ഒളിമ്പിക്സിൽ മുമ്പ് രണ്ടുവട്ടം മെഡൽ നേടിയ ബർശിം 2012, 2016 ഒളിമ്പിക്സുകളിൽ വെങ്കലവും വെള്ളിയും സ്വന്തമാക്കി മടങ്ങിയവനാണ്. 2017ലും 19ലും ലോക ചാമ്പ്യൻഷിപ്പ് ജേതാവും.
ലോകം ആഘോഷിക്കുകയാണ് ഈ അതിരില്ലാത്ത സ്നേഹവും സൗഹൃദവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.