'94 മീറ്റർ എറിയുകയാണ് 2020ലെ ലക്ഷ്യം. പിന്നെ ടോക്യോ ഒളിമ്പിക്സിൽ മെഡലും' -2019ൽ തന്നെ കോച്ച് ഊവെ ഹോൺ നീരജ് ചോപ്രയുടെ 'ടാർജറ്റ്' നിശ്ചയിച്ചിരുന്നു. കോച്ച് പറഞ്ഞ അത്രയും ദൂരത്തേക്ക് എറിഞ്ഞില്ലെങ്കിലും 87.58 മീറ്ററിലെത്തിച്ച് ഒളിമ്പിക് ഗോൾഡ് മെഡൽ തന്നെ ഗുരുവിന്‍റെ കയ്യിൽ വെച്ച് കൊടുത്തു നീരജ്. കോമൺവെൽത്തിലും ഏഷ്യൻ ഗെയിംസിലും ജാവലിനിൽ സുവർണ നേട്ടം കൈവരിച്ചപ്പോൾ തന്നെ ജർമ്മൻ താരമായ ഊവെ ഹോൺ നീരജിന്‍റെ ലക്ഷ്യം 94 മീറ്ററായി നിശ്ചയിച്ചിരുന്നു. അതിൽ ആരും അത്ഭുതപ്പെട്ടതുമില്ല. കാരണം, 37 വർഷം മുേമ്പ 104.80 മീറ്റര്‍ എറിഞ്ഞു ലോകത്തെ ഞെട്ടിച്ചിട്ടുള്ളയാളാണ് ഹോൺ.
ലോകത്ത് 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ഏക ജാവലിന്‍ ത്രോ താരം എന്ന ഹോണിന്‍റെ അപൂര്‍വ റെക്കോഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ല. 1984 ജൂലൈ 20ന് ബെർലിനിൽ (Olympic Day of Athletics competition) വെച്ചായിരുന്നു ഹോണ്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 1983ൽ യു.എസിന്‍റെ ടോം പെട്രനോഫ് സ്ഥാപിച്ച 99.72 മീറ്ററിന്‍റെ റെക്കോർഡ് ആണ് അന്ന് 104.8 മീറ്റർ എറിഞ്ഞ് ഹോൺ തകർത്തത്. എന്നാല്‍, രണ്ട് വര്‍ഷം മാത്രമേ ആ റെക്കോഡ് നിലനിന്നുള്ളൂ. 1986ല്‍ ജാവലിന്‍റെ രൂപഘടനയിലും ഭാരത്തിലുമെല്ലാം മാറ്റം വരുത്തിയതോടെ ജാവലിൻ ത്രോയിലെ അതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തി മത്സരം പുതുതായി തന്നെ ആരംഭിച്ചതോടെയാണ് ഹോണിന്‍റെ നേട്ടം റെക്കോഡ് പുസ്തകത്തിന് പുറത്തായത്. 1986ന് ശേഷമുള്ള റെക്കോഡുകൾ മാത്രമാണ് നിലവിൽ ഔദ്യോഗികമായി പരിഗണിക്കുന്നത്. 1992 മുതൽ തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ ജാവലിനിൽ സ്വർണ മെഡൽ നേടിയിട്ടുള്ള ചെക്ക് താരം ജാൻ സെലെസ്നി 1996ൽ സ്ഥാപിച്ച 98.48 മീറ്ററിന്‍റെ റെക്കോഡാണ് ഇന്നും ഈ ഇനത്തിൽ നിലനിൽക്കുന്നത്.
1986നുശേഷം നടന്ന ഐ.എ.എഫ് ലോകകപ്പിലും യൂറോപ്യന്‍ കപ്പിലും സ്വര്‍ണം നേടിയ ശേഷമാണ് ഹോൺ തന്‍റെ കരിയർ അവസാനിപ്പിക്കുന്നത്. പിന്നീട് 1999ൽ അദ്ദേഹം പരിശീലകനായി. ചൈനീസ് ദേശീയ ചാമ്പ്യന്‍ ഷാവോ ക്വിന്‍ഗാങിന്‍റെ കോച്ചായിരുന്നു അദ്ദേഹം. പിന്നീടാണ് ഹോണ്‍ നീരജ് ചോപ്രയുടെ പരിശീലന ചുമതല ഏറ്റെടുക്കുന്നത്്. നീരജ് ചോപ്രയുടെ സുവർണ നേട്ടത്തിന് പിന്നിൽ ഊവെ ഹോണിന്‍റെ കഠിനാധ്വാനവും പ്രയത്‌നവുമുണ്ട്. നീരജിന്‍റെ പരിശീലത്തിനായി ഒരുക്കിയ സൗകര്യങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്കെതിരേ ഹോണ്‍ ശക്തമായി പ്രതിഷേധിച്ചത് വാർത്തയായിരുന്നു. പാട്യാലയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും യൂറോപ്പിലെ തണുപ്പിലും അദ്ദേഹം കൃത്യമായി നീരജിനെ പരിശീലിപ്പിച്ചു. ഇങ്ങനെ ഏത് കാലാവസ്ഥയിലും ജേതാവായി മാറാനുള്ള കരുത്ത് ചോപ്രയ്ക്ക് പകര്‍ന്നു നല്‍കിയാണ് ഹോൺ ശിഷ്യനെയും കൊണ്ട് ടോക്യോക്ക് പറന്നത്. അത് ലക്ഷ്യത്തിലെത്തിയതിന്‍റെ സന്തോഷാശ്രുക്കളോടെയാണ് നീരജ് ചോപ്ര സ്വർണ മെഡലിൽ മുത്തമിടുന്ന കാഴ്ച ഹോൺ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.