ഗുവാഹത്തി: ഒളിമ്പിക്സ് വനിത ബോക്സിങ്ങിൽ ലവ്ലീന ബോർഗോഹെയ്ൻ വെങ്കലം നേടിയതിന് പിന്നാലെ താരത്തിന്‍റെ വീട്ടിലേക്ക് റോഡായി. താരത്തെ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായാണ് റോഡ് വെട്ടിയത്. 69 കിലോ വിഭാഗത്തിൽ ഫൈനൽ സ്വപ്നം കണ്ടിറങ്ങിയ ലവ് ലീന നിലവിലെ ലോകചാമ്പ്യൻ തുർക്കിയുടെ ബുസെനസ് സുർമനെലിയോട് സെമിയിൽ പരാജയപ്പെട്ടെങ്കിലും വെങ്കലം നേടി അഭിമാനമാകുകയായിരുന്നു.
''ഈ റോഡ് ലവ്ലീനക്കായാണ് നിർമിക്കുന്നത്. അവർ അസമിന്‍റെ അഭിമാനമാണ്. കഴിഞ്ഞ അഞ്ചുദിവസമായി ഞങ്ങൾ റോഡുവെട്ടുന്ന തിരക്കിലാണ്. നാളെ തീരുമെന്നാണ് കരുതുന്നത്'' - റോഡ് നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന റാം ബഹദൂർ പ്രധാൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമാണ് ഇതുവഴി റോഡ് സ്ഥാപിക്കുന്നതെന്നും അതിന് കാരണമായത് ലവ്ലീനയാണെന്നും ഗ്രാമവാസി എ.എൻ.ഐയോട് പ്രതികരിച്ചു.
ഒളിമ്പിക്സ് ബോക്സിങ് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണ് ലവ്ലീനയുേടത്. മുമ്പ് മെഡൽ നേടിയ വിജേന്ദർ സിങ്ങും (2008) എം.സി. മേരികോമും (2012) മാറിലണിഞ്ഞത് വെങ്കലമായിരുന്നു. പ്രീക്വാർട്ടറിൽ ജർമനിയുടെ നാഡിൻ അപെറ്റ്സിനെയും ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചെൻ നിയെൻ ചിന്നിനെയുമാണ് ലവ്ലീന തോൽപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.