12ാം വയസ്സിൽ ഒളിമ്പിക്​സിൽ മാറ്റുരച്ച്​ ആ സിറിയൻ പെൺകുട്ടി പറയുന്നു -'നിങ്ങളുടെ സ്വപ്​നങ്ങൾക്കുവേണ്ടി പോരാടുക'...

ടോക്യോ: യുദ്ധവും സംഘർഷങ്ങളും തലക്കുമുകളിൽ ഭീതി വിതക്കു​േമ്പാഴും അവൾക്ക്​ നിറമുള്ള ചില സ്വപ്​നങ്ങളുണ്ടായിരുന്നു. സിറിയൻ നഗരമായ ഹമായിൽ പ്രതിസന്ധികളെയെല്ലാം തൃണവത്​ഗണിച്ച്​ റാക്കറ്റിനാൽ കുഞ്ഞുന്നാളിലേ  ആ കുരുന്നുബാലിക അദ്​ഭുതങ്ങൾ തീർത്തു. പ്രതിബന്ധങ്ങൾ സകല തീക്ഷ്​ണതയും കാട്ടിയപ്പോഴും ആ പെൺകുട്ടി തന്‍റെ ടേബിൾ ടെന്നിസ്​ സ്വപ്​നങ്ങളെ അത്രകണ്ട്​ താലോലിച്ചു. ഒടുവിൽ ലോകത്തിന്‍റെ മുഴുവൻ അഭിനന്ദനങ്ങൾക്കു കീഴെ,  ഒളിമ്പിക്​സിന്‍റെ മഹദ്​വേദിയിൽ സ്വപ്​നങ്ങക്കൊപ്പം​ അവൾ റാക്കറ്റുവീശി.

കരുത്തിന്‍റെ കളിയരങ്ങിലേക്ക്​ ലോകം കാലെടുത്തുവെക്കു​േമ്പാൾ അവളെ എല്ലാവരും ഉറ്റുനോക്കിയിരുന്നു. ഭൂമിയിലെ മഹാപ്രതിഭകളുടെ സംഗമവേദിയിലേക്ക്​ നിരനിരയായി കളിക്കൂട്ടങ്ങൾ വരവറിയിക്കുന്നതിനിടയിൽ സിറിയ​ൻ സംഘത്തെ നയിച്ചത്​ അവളായിരുന്നു. 12 വയസ്സ്​ മാത്രം പ്രായമുള്ള ഹെൻദ്​ സസ. ഉദയസൂര്യന്‍റെ നാട്ടിൽ മഹാമേള ഉദിച്ചുപൊങ്ങു​േമ്പാൾ സിറിയയുടെ പതാകവാഹകയാകാനുള്ള നിയോഗം ആ ടേബിൾ ടെന്നിസ്​ കളിക്കാരിയെ ശ്രദ്ധേയയാക്കി. ഒടുവിൽ, വിശ്വവേദിയിൽ മാറ്റുരച്ച്​ അഭിമാനപൂർവം തിരിച്ചുനടക്കു​േമ്പാൾ സ്വപ്​നങ്ങളിലേക്ക്​ ഇതൊരു തുടക്കം മാത്രമാണെന്ന്​​ പറയുകയാണ്​ ഈ കൊച്ചുമിടുക്കി.



ടോക്യോയി​ൽ മാറ്റുരക്കുന്ന നൂറുകണക്കിന്​ കായിക പ്രതിഭകളിൽ ഏറ്റവും ഇളയവളാണ്​ സസ. രണ്ടു വർഷംമുമ്പ്​ ഒളിമ്പിക്​സിലേക്ക്​ യോഗ്യത നേടു​േമ്പാൾതന്നെ ലോകത്തിന്‍റെ സ്​പോട്​ലൈറ്റുകൾ അവളുടെ മേൽ പതിച്ചിരുന്നു. ഒളിമ്പിക്​സിന്‍റെ സംഭവബഹുലമായ ചരിത്രത്തിൽ ടേബിൾ ​​െടന്നീസിന്‍റെ റാക്കറ്റേന്തിയ ഏറ്റവും പ്രായം കുറഞ്ഞ താരവും സസയാണ്​. 1968ലെ ഒളിമ്പിക്​സിന്​ശേഷം അവളേക്കാൾ ഇളയവരൊന്നും വിശ്വമേളയുടെ പോരിശയാർന്ന ഭൂമികയിൽ മത്സരിക്കാനിറങ്ങിയിട്ടുമില്ല.

കളിക്കുന്നതിനുമു​േമ്പ ഒരർഥത്തിൽ ജയിച്ചുകഴിഞ്ഞിരുന്നു സസ. അത്ര കഠിനമായ സാഹചര്യങ്ങളിൽനിന്നാണ്​ അവൾ വിശിഷ്​ടവേദിയി​ൽ ബർത്തുറപ്പിച്ചത്​. യുദ്ധം തീർത്ത പ്രതിസന്ധികളിൽ ഊർജ വിതരണം തടസ്സപ്പെട്ട പരശ്ശതം ദിനങ്ങളിൽ അവളുടെ പരിശീലനം മുടങ്ങിയിട്ടുണ്ട്​. കോൺക്രീറ്റ്​ നിലങ്ങളിലും പൊട്ടിയ ടേബിളുകളിലും പരിശീലിക്കാൻ നിർബന്ധിതയായിട്ടുണ്ട്​. റാക്കറ്റും ബോളും കിട്ടാതലഞ്ഞിട്ടുമുണ്ട്​. യുദ്ധം മൂർച്​ഛിച്ച നാളുകളിൽ രാജ്യാന്തര മത്സരവേദികളിലേക്ക്​ യാത്ര ചെയ്യാനാകാതെ നിരാശയായി വീട്ടിൽ കരഞ്ഞിരുന്നിട്ടുണ്ട്​.


എന്നിട്ടും അവൾ സ്വപ്​നം കണ്ടുകൊണ്ടേയിരുന്നു. എന്നെങ്കിലുമൊരിക്കൽ ടി.ടിയിൽ ലോകചാമ്പ്യനും ഒളിമ്പിക്​ ചാമ്പ്യനുമാകണമെന്ന സ്വപ്​നങ്ങളിലേക്കാണ്​ സസയുടെ യാത്ര. അതിനുള്ള തുടക്കവേദിയായ ടോക്യോയിൽ കരുത്തരായ എതിരാളികളെ മലർത്തിയടിച്ച്​ അവൾ മെഡലിൽ മുത്തമിടുമെന്ന അതിരു കടന്ന വിലയിരുത്തലും ആർക്കും ഉണ്ടായിരുന്നില്ല. അ​േപ്പാഴും ആദ്യറൗണ്ടിൽ ആസ്​ട്രിയയുടെ പരിചയസമ്പന്നയായ ലിയൂ ജിയാക്കു മുന്നിൽ 11-4, 11-9, 11-3, 11-5 എന്ന സ്​​േകാറിന്​ അടിയറവു പറഞ്ഞ്​ മടങ്ങു​േമ്പാഴും സസ തലയുയർത്തിപ്പിടിച്ചുതന്നെ നിന്നു. തന്‍റെ മാതാവാകാൻ പ്രായമുള്ള 39കാരിക്കുമുന്നിൽ പ​േക്ഷ, വിസ്​മയിപ്പിക്കുന്ന മികവ്​ പല ഘട്ടത്തിലും ആ ബാലിക പുറത്തെടുത്തു. രണ്ടാം ഗെയിമിൽ 6-2ന്​ ലീഡ്​ നേടിയശേഷമാണ്​ ഗെയിം തലനാരിഴക്ക്​ വിട്ടുകൊടുത്തത്​. രാജ്യാന്തരവേദികളിൽ കത്തിത്തെളിയാനുള്ള കാമ്പുണ്ട്​ സസയുടെ ചുവടുകൾക്കെന്ന്​ വിലയിരുത്തപ്പെട്ടു കഴിഞ്ഞു.



'കഴിഞ്ഞ അഞ്ചു വർഷമായി ഒരുപാട്​ ദുർഘട വഴികളാണ്​ ഞാൻ നടന്നുതീർത്തത്​. ഒരു യുദ്ധം നിങ്ങൾക്കു ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കു​േമ്പാൾ പ്രത്യേകിച്ചും. എന്നിട്ടും ഈ മുഹൂർത്തത്തിനുവേണ്ടിയാണ്​ ഞാൻ പോരാടിയത്​. എന്‍റെ അതേ അവസ്​ഥയിലൂടെ കടന്നുപോകുന്നവർക്കുള്ള സന്ദേശവും ഇതുതന്നെയാണ്​. നിങ്ങളുടെ സ്വപ്​നങ്ങൾക്കുവേണ്ടി പോരാടുക. എല്ലാ ബുദ്ധിമുട്ടു​കൾക്കുമപ്പുറത്ത്​ ലക്ഷ്യത്തിലേക്ക്​ കഠിനമായി ശ്രമിക്കുക. തീർച്ചയായും നിങ്ങൾ ആ ലക്ഷ്യത്തിൽ എത്തിയിരിക്കും.' -ഇനി​യുമൊരുപാടുദൂരം തന്‍റെ സ്വപ്​നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കെൽപുള്ള സസ ലോകത്തിന്​ നൽകുന്ന സന്ദേശമാണിത്​. 

Tags:    
News Summary - Hend Zaza, 12, makes history at Tokyo Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.