ടോക്യോ: ഗ്രൂപ്പ് ഘട്ടത്തിൽ തകർത്തു വിട്ടതിന്‍റെ ആത്മവിശ്വാസവുമായി എത്തിയ ഗ്രേറ്റ് ബ്രിട്ടനെ വിറപ്പിച്ചുവിട്ട് ഇന്ത്യൻ വനിതകൾ. ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ മത്സരത്തിൽ 4-3 എന്ന സ്കോറിന് ഇന്ത്യ അടിയറവ് പറഞ്ഞത്. പേരും പെരുമയുമായെത്തിയ ബ്രിട്ടനെ തെല്ലും കൂസാതെയാണ് മത്സരത്തിലുടനീളം ഇന്ത്യൻ ടീം കളിച്ചത്. കളിയിൽ രണ്ട് ഗോളിന് ബ്രിട്ടൻ മുന്നിലെത്തിയെങ്കിലും മൂന്ന് ഗോൾ തിരിച്ചടിച്ച് ലീഡെടുത്തതിന് ശേഷമാണ് ഇന്ത്യ പരാജയം സമ്മതിച്ചത്.
രണ്ടാം ക്വാർട്ടറിന്‍റെ തുടക്കത്തിൽ തന്നെ ഗോൾ നേടി ബ്രിട്ടൻ മുന്നിലെത്തി. സിയാൻ റായ്റെയാണ് ബ്രിട്ടനായി ഗോൾ നേടിയത്. 16ാം മിനിറ്റിലായിരുന്നു ഗോൾ. രണ്ടാം ക്വാർട്ടറിൽ തന്നെ രണ്ടാമത്തെ ഗോളും സ്കോർ ചെയ്ത് ബ്രിട്ടൻ ലീഡുയർത്തിയതോടെ ഇന്ത്യൻ വനിതകൾ സമ്മർദത്തിലായി. 24ാം മിനിറ്റിൽ സായ് റോബ്ട്സിലൂടെയായിരുന്നു ബ്രിട്ടന്‍റെ രണ്ടാം ഗോൾ. സമ്മർദത്തിന് വഴങ്ങാതെ ഗുർജിത് കൗറിലൂടെ ഇന്ത്യ ഒരു ഗോൾ തിരിച്ചടിച്ചു. പെനാൽറ്റി കോർണറിലൂടെയായിരുന്നു ഗുർജീത് കൗറിന്‍റെ ഗോൾ. രണ്ടാം ക്വാർട്ടറിൽ തന്നെ ഇന്ത്യ ബ്രിട്ടനുമായി സമനില പിടിച്ചു. ഗുർജിത് കൗർ തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്. പിന്നീട് വന്ദന കടാരിയയിലൂടെ മൂന്നാം ഗോളും നേടി ബ്രിട്ടനെതിരെ ഇന്ത്യ ലീഡടെുത്തു. എന്നാൽ, നാലാം ക്വാർട്ടറിന്‍റെ തുടക്കത്തിൽ തന്നെ ഗോൾ നേടി ബ്രിട്ടൻ നിർണായകമായ ലീഡും മത്സരവും തിരിച്ചു പിടിച്ചു. പിയേന വെബാണ് ബ്രിട്ടനായി നിർണായക ഗോൾ സ്വന്തമാക്കിയത്.
മുൻ ചാമ്പ്യൻമാരായ ബ്രിട്ടൻ അനായാസമായി ഇന്ത്യയെ കീഴടക്കാമെന്ന് മനസിലുറപ്പിച്ച് തന്നെയാണ് വെങ്കൽ മെഡൽ പോരാട്ടത്തിനായി എത്തിയത്. എന്നാൽ, 130 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് അത്ര പെട്ടെന്ന് ബ്രിട്ടന് മുന്നിൽ അടിയറവ് പറയാൻ സാധിക്കുമായിരുന്നില്ല. ആസ്ട്രേലിയ അടക്കമുള്ള വമ്പൻമാരെ മുട്ടുകുത്തിച്ചെത്തിയ ഇന്ത്യ ആ പെരുമക്കൊത്ത പ്രകടനം ബ്രിട്ടനെതിരെയും പുറത്തെടുത്തു. അവസാന മത്സരഫലത്തിൽ ഇന്ത്യ പിന്നിലായെങ്കിലും വനിത ഹോക്കിയിലെ പുതുയുഗപ്പിറവിക്ക് തുടക്കമിട്ടാണ് അവർ ടോക്യോയിൽ നിന്നും മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.