അരീക്കോട് (മലപ്പുറം): ടോക്യോ ഒളിമ്പിക്സിലെ 20 കിലോമീറ്റർ നടത്ത മത്സരത്തിൽ രാജ്യത്തിനുവേണ്ടി പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത് പരാജയമായി കാണുന്നില്ലെന്നും കെ.ടി. ഇർഫാൻ. അവസാനം വരെ മികച്ച മുന്നേറ്റം നടത്താൻ ഇർഫാൻ ശ്രമിച്ചെങ്കിലും ഒടുവിൽ 51ാം സ്ഥാനം നേടി ഫിനിഷ് ചെയ്യുകയായിരുന്നു. ഒരു മണിക്കൂർ 34 മിനിറ്റ് 41 സെക്കൻഡ് കൊണ്ടാണ് മത്സരം പൂർത്തിയാക്കിയത്.
മത്സരഫലം നിരാശ സമ്മാനിച്ചെങ്കിലും വലിയ സന്തോഷത്തിലായിരുന്നു കീഴുപറമ്പിലെ വീട്ടിലെ കുടുംബാംഗങ്ങൾ. കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നോടെയാണ് ടോക്യോ ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്തമത്സരം ആരംഭിച്ചത്. ഭാര്യ സഹ്ലയും രണ്ട് മക്കളും പിതാവ് മുസ്തഫയും കുടുംബാംഗങ്ങളും നേരത്തെ തന്നെ ടി.വിയുടെ മുന്നിലെത്തിയിരുന്നു.
മത്സരമാരംഭിക്കാനുള്ള വെടി ഉയർന്നപ്പോൾ എല്ലാവരുടെയും നെഞ്ചിടിപ്പ് കൂടി. മത്സരം ആരംഭിച്ചതോടെ കൈയടി. ഇടയ്ക്ക് കേബിൾ ടി.വി തകരാർ മൂലം കുറച്ച് മത്സരം കാണാനായില്ല. പിന്നീട് ശരിയായി.
മത്സരത്തിന് മുമ്പ് ഇർഫാൻ വിഡിയോകാൾ വിളിച്ചിരുന്നതായി പിതാവ് പറഞ്ഞു. കാലാവസ്ഥ മോശമാണെന്ന് പറഞ്ഞിരുന്നു. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ പത്താമനായാണ് ഇർഫാൻ ഫിനിഷ് ചെയ്തിരുന്നത്. ഇത്തവണ എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും എന്നാലും സന്തോഷമുണ്ടെന്നും ഭാര്യ സഹ്ല പറഞ്ഞു. 2012 ഒളിമ്പിക്സിൽ കുറിച്ച 1:20:21 സെ. ആണ് ഇർഫാെൻറ മികച്ച സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.