ടോക്യോ: കിക്ക് ബോക്സറായിരുന്ന ലവ്ലീന ബോർഗോഹെയ്നിലെ ബോക്സിങ് താരത്തെ കണ്ടെത്തിയ സായ് കോച്ച് പഡം ബോറോ ക്വാർട്ടർ മത്സരത്തിന് ഒരു ദിവസം മുേമ്പ പറഞ്ഞു: 'വോ ആരാംസേ ജീതേഗി, കൊയി ടെൻഷൻ നഹീ ഹൈ (അവൾ അനായാസം ജയിക്കും, ഒരു ടെൻഷനും വേണ്ട)'. കോച്ചിെൻറ വിശ്വാസം ലവ്ലീന തെറ്റിച്ചതുമില്ല.
അസമിലെ ഗോലോഘട്ട് ജില്ലയിലെ ബാറോ മുഖിയ ഗ്രാമത്തിലാണ് ലവ്ലീന ജനിച്ചത്. ലവ്ലീനയുടെ നേട്ടമറിഞ്ഞതോടെ ആയിരത്തോളം പേർ മാത്രം വസിക്കുന്ന ഗ്രാമം ആഘോഷത്തിമിർപ്പിലായി. മാധ്യമപ്രവർത്തകർ എത്തുേമ്പാൾ ഗ്രാമം മുഴുവൻ ബോർഗോഹെയ്ൻ വീടിനു മുന്നിലെത്തിയിരുന്നു. 'അവളുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അവൾ ഇന്ത്യക്കായി സ്വർണംതന്നെ കൊണ്ടുവരും' -ആർപ്പുവിളികൾക്കിടയിൽ ലവ്ലീനയുടെ പിതാവ് ടികെൻ ബോർഗോഹെയ്ൻ പറഞ്ഞു.
ലവ്ലീനയുടെ മൂത്ത സഹോദരിമാരായ ലിച്ചയും ലിമയും കിക്ക് ബോക്സർമാരായിരുന്നു. സ്വാഭാവികമായും ലവ്ലീനക്കും അതിൽതന്നെയായിരുന്നു കമ്പം. 2012ൽ പ്രദേശത്തെ സ്കൂളിൽ സായ് സംഘടിപ്പിച്ച ബോക്സിങ് ട്രയൽസാണ് വഴിത്തിരിവായത്. ബോറോ ആയിരുന്നു ട്രയൽസിന് നേതൃത്വം വഹിച്ചിരുന്നത്. കുട്ടിയുടെ പ്രതിഭ തിരിച്ചറിഞ്ഞ അദ്ദേഹം കിക്ക് ബോക്സിങ്ങല്ല, ബോക്സിങ്ങാണ് ലവ്ലീനയുടെ ലോകമെന്ന് അവളെയും കുടുംബത്തെയും ബോധ്യപ്പെടുത്തി. പിന്നെയുള്ളതെല്ലാം ചരിത്രം. ബോക്സിങ് റിങ്ങിലേക്ക് കാലെടുത്തുവെച്ചതോടെ ഉയർച്ചയുടെ പടികൾ താണ്ടിയ താരമിതാ ഇപ്പോൾ ഒളിമ്പിക്സ് മെഡൽ എന്ന സമ്മോഹനനേട്ടത്തിലെത്തിനിൽക്കുന്നു. ഇതിഹാസതാരം മേരി കോം 29ാം വയസ്സിലാണ് ഒളിമ്പിക്സിൽ വെങ്കലം നേടിയതെങ്കിൽ ലവ്ലീന 23ാം വയസ്സിൽതന്നെ ആ നേട്ടത്തിലെത്തിയിരിക്കുന്നു. തീർച്ചയായും ഇനിയുമേറെ മെഡലുകൾ ഈ അഞ്ചടി പത്തിഞ്ചുകാരിയെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.