ഇംഫാൽ: വികാര നിർഭരമായിരുന്നു ആ കാഴ്ച. 2016ലെ റിയോ ഒളിമ്പിക്സിന് ശേഷം പരിശീലനത്തിരക്കുകൾ കാരണം കഴിഞ്ഞ ആറു വർഷത്തിനിടെ വിരളമായി മാത്രം വീട്ടിൽ സന്ദർശനത്തിനെത്തിയിരുന്ന മകൾ രാജ്യത്തിന്‍റെ അഭിമാനമായി മാറിയ ആ കാഴ്ച കണ്ട് ആ മാതാപിതാക്കൾ ആന്ദക്കണ്ണീരണിഞ്ഞു.
ഡൽഹിയിലേതിന് സമാനമായി വൻ മാധ്യമ സംഘമടക്കം ധാരാളം ആളുകൾ ചാനുവിനെ സ്വീകരിക്കാനായി ബീർ തികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ വനിത വിഭാഗം 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സായിഖോം മീരാബായി ചാനു വെള്ളി നേടിയത്. ഇംഫാൽ വിമാനത്താവളത്തിൽ വെച്ച് മാതാവ് സായിഖോം ഓങ്ബി ടോംബി ലിമയെയും പിതാവ് സായിഖോം ക്രിതി മെയ്തേയ്യെയും കെട്ടിപ്പിടിച്ച മീരാബായി ആനന്ദാശ്രു പൊഴിച്ചു.
റിയോ ഒളിമ്പിക്സ് സമയത്ത് മാതാവ് സ്വന്തം ആഭരണം വിറ്റ് ചാനുവിന് സമ്മാനിച്ച ഒളിമ്പിക് വളയ ആകൃതിയിലുള്ള കമ്മൽ സമീപകാലത്ത് പ്രശസ്തമായിരുന്നു.
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള നോങ്പോക് കാക്ചിങ് ഗ്രാമത്തിലാണ് 26കാരിയായ ചാനുവിന്‍റെ വീട്. മൂന്ന് സഹോരിമാരും രണ്ട് സഹോദരൻമാരുമുണ്ട്. വിമാനത്താവളത്തിൽ നിന്നും സംസ്ഥാന സർക്കാർ ഒരുക്കിയ സ്വീകരണ പരിപാടിയിലേക്കാണ് ചാനു നേരെ പോയത്.
ടോക്യോയിൽ 202 കിലോഗ്രാം ഉയർത്തിയാണ് ചാനു കർണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ കായിക താരമായത്. 2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി വെങ്കലം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.