അഞ്ചു വർഷം മുമ്പ് റിയോ ഒളിമ്പിക്സിനിറങ്ങുമ്പോൾ മീരാബായ് ചാനുവിന് വയസ്സ് 21. റിയോയിൽ ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തിയിരുന്നത് ചാനുവിലായിരുന്നു. ആ സമ്മർദം മുഴുവനുമുണ്ടായിരുന്നു ചാനുവിൽ. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും സ്നാച്ചിലുമായി മൊത്തം ആറ് അവസരം ലഭിച്ചപ്പോള്‍ അഞ്ചു തവണയും പരാജയപ്പെട്ട ചാനു റിയോ ഒളിമ്പിക്സിലെ ദുരന്തചിത്രമായിരുന്നു. സെലക്ഷൻ ട്രയൽസിലെ പ്രകടനം പോലും പുറത്തെടുക്കാനാവാതെ ചാനു പകച്ചുപോയിരുന്നു.പക്ഷേ, റിയോയിലെ നിഴൽപോലും വീഴാത്ത പ്രകടനത്തിലൂടെയായിരുന്നു ഇന്ത്യയുടെ അഭിമാനമായി ചാനു ടോക്യോയിൽ ചരിത്രമെഴുതിയത്.
വിറകുചുമന്ന് തെളിഞ്ഞ മെഡൽ
ദരിദ്രമായിരുന്ന ചെറുപ്പത്തിൽ അമ്മക്കും സഹോദരനുമൊപ്പം മണിപ്പൂരിലെ കുന്നും മലയും നിറഞ്ഞ നോങ്പോക് കാങ്ചിങ് എന്ന കുഗ്രാമത്തിലെ കാട്ടിൽനിന്ന് വിറകും ചുമന്നുവരുമ്പോഴായിരുന്നു ചാനുവിൽ ഭാരംപേറാനുള്ള അപാരമായ കഴിവുണ്ടെന്ന് തെളിഞ്ഞത്. അമ്മക്കും സഹോദരനും വഹിക്കാൻ കഴിയുന്നതിലുമേറെ ഭാരം ചാനു ഒറ്റക്കു ചുമന്നു.136 കോടി ജനങ്ങളുടെ സ്വപ്നഭാരം പേറുന്നതിെൻറ തുടക്കമായിരുന്നു അത്.
അമ്പെയ്ത്ത് താരമാകണമെന്നായിരുന്നു ചാനുവിെൻറ ആഗ്രഹം. അതിനായി പുറപ്പെട്ടിറങ്ങിയതുമാണ്. പക്ഷേ, നിയോഗം ഭാരോദ്വഹനമായിരുന്നു. അതിനു കാരണമായത് മണിപ്പൂരിെൻറ ഇതിഹാസ താരം കുഞ്ചറാണിയുടെ വിഡിയോ. കുഞ്ചറാണിയുടെ വഴിയിലേക്കിറങ്ങാൻ പിന്നെ മടിച്ചില്ല. ദിവസവും 22 കി.മീ സഞ്ചരിച്ച് ഇംഫാലിലെത്തി അവർ പരിശീലിച്ചു.കഷ്ടപ്പാടിെൻറ കാലത്തും കുടുംബം ചാനുവിനൊപ്പം നിന്നു.
2009ൽ ദേശീയ തലത്തിൽ മെഡൽ നേടിയതോടെ ഇന്ത്യൻ പ്രതീക്ഷയായി. 2014 ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയണിഞ്ഞു. ആ പ്രതീക്ഷയിലായിരുന്നു 2016ൽ 21ാം വയസ്സിൽ റിയോയിലേക്ക് പറന്നത്.
ആ പരാജയമോർത്ത് കാലം കഴിക്കാൻ ചാനു തയാറല്ലായിരുന്നു. 2017ൽ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ ആദ്യ ഇന്ത്യൻ താരമായി. 2018 ലെ ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും സ്വന്തമാക്കി.
അതിശയമായ തിരിച്ചുവരവ്
അതിനിടയിലാണ് കടുത്ത നടുവേദന ചാനുവിനെ പിടികൂടിയത്. കാരണമറിയാതെ വലഞ്ഞ വേദനകാരണം 2018ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരവും നഷ്ടമായി. ഇനി കരിയറിൽ ഒരു തിരിച്ചുവരവ് അസാധ്യമാണെന്നു പോലും ഡോക്ടർമാർ വിധിയെഴുതി. പക്ഷേ, തോൽക്കുന്ന മനസ്സായിരുന്നില്ലല്ലോ മണിപ്പൂരിെൻറ മലമടക്കുകളെ കീഴടക്കിയ ചാനുവിേൻറത്. അതിശയകരമായ നിശ്ചയദാർഢ്യത്തോടെ അവർ വീണ്ടും തിരിച്ചുവന്നു.
റിയോയിലെക്കാൾ പ്രത്യാശകളുടെ ഭാരം ടോക്യോയിൽ ഏറെയായിരുന്നു. പക്ഷേ, ആ കനത്ത ഭാരവും പേറാനുള്ള ശാരീരികവും മാനസികവുമായ കരുത്ത് ഇക്കാലത്തിനുള്ളിൽ മീരാഭായ് ചാനു നേടിക്കഴിഞ്ഞിരുന്നു. സ്വർണത്തോളം പോന്ന വെള്ളിത്തിളക്കമായി ടോക്യോയിൽ തെളിഞ്ഞുനിന്നത് ആ ആത്മവിശ്വാസമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.