ന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണമെഡൽ നേടി ഇന്ത്യയെ ആവേശക്കൊടുമുടിയിലെത്തിച്ച നീരജ് ചോപ്രയെ നെഞ്ചേറ്റി സോഷ്യൽ മീഡിയ. ടോേക്യായിൽ നടന്ന ജാവലിൻ ത്രോയിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ നീരജിന് രണ്ട് ദശലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഒറ്റദിവസം കൊണ്ട് കൈവന്നത്.
ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ആദ്യമായി ഇന്ത്യക്ക് സ്വർണം സമ്മാനിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഈ കുതിപ്പ്. ജാവലിൻ ത്രോ ഫൈനൽ സമയത്ത് അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിന് ഏകദേശം ഒരുലക്ഷം ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴത് 22 ലക്ഷം കവിഞ്ഞു.
ഹരിയാന സർക്കാർ നീരജിന് ആറ് കോടി രൂപയും ക്ലാസ് വൺ സർക്കാർ ജോലിയും ഉപഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് എവിടെയും 50 ശതമാനം ഇളവിൽ ഭൂമിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പഞ്ചാബിൽ കുടുംബവേരുകളുള്ള നീരജിന് ഹരിയാനക്ക് പുറമേ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും രണ്ട് കോടി പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂർ മുഖ്യമന്ത്രി എം.എൻ. ബിരേൻ സിങ്, ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്), ചെന്നൈ സൂപ്പർ കിങ്സ് എന്നിവയും ഒരു കോടി രൂപ വീതം നൽകും. കൂടാതെ വ്യവസായിയായ ആനന്ദ് മഹീന്ദ്രയുടെ വക പുതിയ XUV 700 ഉം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.