ഒളിമ്പിക്സ് ബോക്സിങ് റിങ്ങിൽനിന്ന് ഇന്ത്യക്കു വീണ്ടും സന്തോഷ വാർത്ത. വനിത മിഡിൽ വെയ്റ്റ് വിഭാഗത്തിൽ (75 കിലോ) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിലെത്തി. അൽജീരിയയുടെ ഇച്റാക് ചായ്ബിനെ 5-0നു തകർത്തായിരുന്നു ക്വാർട്ടറിലേക്ക് പൂജ ചുവടുറപ്പിച്ചത്. പൂജ ഒരിടികൂടി ആഞ്ഞിടിച്ചാൽ ഇന്ത്യക്ക് ഒരു മെഡൽ ഉറപ്പ്.
തന്നെക്കാൾ 10 വയസ്സിന് ഇളപ്പമുള്ള അൽജീരിയൻ താരത്തിനെതിരെ 30കാരിയായ പൂജ ജാഗ്രതയോടെയാണ് തുടങ്ങിയത്. ആക്രമണത്തിന് ഒരുങ്ങുന്നതിനു മുമ്പ് എതിരാളിയുടെ ചലനങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്ന നീക്കമായിരുന്നു പൂജയുടേത്. ആദ്യ രണ്ട് റൗണ്ടിലും എതിരാളിയുടെ ആക്രമണത്തെ സമർഥമായി ചെറുത്ത് പോയൻറ് വിട്ടുകൊടുക്കാതെ സ്വന്തമാക്കിയ പൂജ മൂന്നാം റൗണ്ടിൽ കൂടുതൽ ആക്രമണകാരിയായി.
തെൻറ അനുഭവസമ്പത്തിൽ വിശ്വാസമർപ്പിച്ച് പൂജ ഏൽപിച്ച ഇടംവലം പഞ്ചുകൾ പ്രതിരോധിക്കാനാവാതെ ഇച്റാക് ചായ്ബ് 5-0 ന് സമ്പൂർണമായി കീഴടങ്ങി. ലോക എട്ടാം നമ്പറായ പൂജാ റാണി ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലി ക്വിയാനെ നേരിടും. റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവും ഏഷ്യൻ ചാമ്പ്യനുമായ ലി ക്വിയാനെ മറികടക്കാനായാൽ ഇന്ത്യക്ക് മെഡൽ ഉറപ്പിക്കാം. ഇന്ത്യൻ വനിത ബോക്സർമാരായ ലവ്ലീന ബോർഗോഹെയ്നും എം.സി മേരികോമും നേരത്തെ രണ്ടാം റൗണ്ടിൽ കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.