കൊച്ചി: 'അധികം ഹോക്കി താരങ്ങളെ സമ്മാനിക്കാത്ത കേരളത്തിൽനിന്ന് ഇന്ത്യൻ ടീമിലെത്തിപ്പെടുകയെന്നത് നിസ്സാരമായിരുന്നില്ല. സ്പോൺസർ ഇല്ലാതെ വിഷമിച്ചു നടന്നിട്ടുണ്ട്. ഒരു ഗോൾകീപ്പർ കിറ്റിന് 50,000 രൂപയായിരുന്ന കാലത്ത് ആ പണം കണ്ടെത്താൻ കർഷനായ എെൻറ അച്ഛന് സാധിച്ചിട്ടേയില്ല. ജി.വി രാജയിൽനിന്ന് പ്ലസ്ടു കഴിഞ്ഞപ്പോൾതന്നെ ചെന്നൈയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി കിട്ടിയതാണ് ജീവിതം മാറ്റിമറിച്ചത്' -ഒരിക്കൽ പി.ആർ. ശ്രീജേഷ് 'മാധ്യമ'ത്തോട് പൊള്ളുന്ന ചില അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഒളിമ്പിക്സ് വെങ്കല മെഡൽ എറണാകുളം കിഴക്കമ്പലം പള്ളിക്കര പറാട്ട് വീട്ടിൽ പി.ആർ. ശ്രീജേഷ് മാറിലണിയുേമ്പാൾ പിന്നിട്ടുവന്ന മുള്ളുവഴികളുടെ കനം അതിനുണ്ടാകും. 1988 മേയ് എട്ടിന് കർഷകനായ പി.വി. രവീന്ദ്രെൻറയും ഉഷയുടെയും മകനായി പിറന്ന കുട്ടി കുടുംബത്തിലെ ഏകകായിക താരമായി വളർന്നു. കിഴക്കമ്പലം സെൻറ് ആൻറണീസ് എൽ.പി സ്കൂളിലും സെൻറ് ജോസഫ്സ് ഹൈസ്കൂളിലുമായി പഠനം. ഓട്ടം, ലോങ് ജംപ്, വോളിബാൾ എന്നിവയായിരുന്നു ശ്രദ്ധിച്ച ആദ്യ കായികയിനങ്ങൾ. 2000ത്തിൽ തെൻറ 12ാം വയസ്സിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ചതോടെ ജീവിതം ഹോക്കിയുടെ ചതുരക്കളത്തിലേക്ക് വഴിമാറി.
2004ൽ ദേശീയ ജൂനിയർ ടീമിൽ അംഗമായി ആസ്ട്രേലിയയിലെ പെർത്തിൽ അന്താരാഷ്ട്ര മത്സരത്തിലേക്ക് ചുവടുകൾ വെച്ചു. കൊളംബോയിൽ 2006ൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലൂടെ ദേശീയ സീനിയർ ടീമിലും വരവറിയിച്ചു. 2008ൽ ഇന്ത്യ ജൂനിയർ ഏഷ്യകപ്പ് കിരീടം നേടിയപ്പോൾ ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറായി ശ്രീജേഷ്. 2011 മുതൽ ദേശീയ ഹോക്കി ടീമംഗം. 2013 ഏഷ്യകപ്പിലും 2014, 2018 ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറുകളിലും മികച്ച ഗോൾ കീപ്പറായി. 2016 ജൂലൈ 13ന് ദേശീയ ടീമിെൻറ ക്യാപ്റ്റൻ സ്ഥാനത്ത് എത്തി ലണ്ടനിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളിയും നേടി.
ഇതിനിടെ ഹോക്കി ഇന്ത്യ ലീഗിൽ (എച്ച്.ഐ.എൽ) 38,000 ഡോളറിന് മുംബൈ മജീഷ്യൻസ് ശ്രീജേഷിനെ സ്വന്തമാക്കിയിരുന്നു. രണ്ട് സീസണിൽ അവർക്കായി കളത്തിലിറങ്ങിയ ശ്രീജേഷിനെ 2015ൽ 69,000 ഡോളറിന് ഉത്തർപ്രദേശ് വിസാർഡ്സ് സ്വന്തമാക്കിയതോടെ എച്ച്.ഐ.എല്ലിലെ ഏറ്റവും വിലപ്പെട്ട ഗോളിയായി. 2016 റിയോ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായപ്പോഴും ടോക്യോ ലക്ഷ്യമിട്ടുള്ള പ്രയാണം തുടങ്ങിയിരുന്നു ശ്രീജേഷ് എന്ന പള്ളിക്കരക്കാരൻ ക്യാപ്റ്റന് കീഴിൽ ഇന്ത്യയുടെ ഹോക്കി ടീം. നിലവിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ചീഫ് സ്പോർട്സ് ഓർഗനൈസറാണ് ശ്രീേജഷ്.
ഗോൾ കീപ്പറായതിന് പിന്നിൽ
ഹോക്കിയിൽ മുഖംപോലും മറച്ച് ആരെന്നുപോലും മനസ്സിലാകില്ല ഗോൾ കീപ്പറെ കണ്ടാൽ. എന്നിട്ടും എന്തുകൊണ്ട് ഗോൾ കീപ്പറായി എന്ന് ശ്രീജേഷ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 'ഗോൾ കീപ്പർ ആകുക എെൻറ വിധിയായിരുന്നു. ജി.വി രാജ സ്കൂളിലെ ഹോക്കി കോച്ചുമാരായ ജയകുമാറും രമേഷ് കൊലാപ്പയുമാണ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗോൾ കീപ്പറാകാൻ താൽപര്യമുണ്ടോയെന്ന് ചോദിക്കുന്നത്. എന്നിൽ അത്തരമൊരു കഴിവ് ഒളിഞ്ഞുകിടപ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് അവർ ചോദിച്ചതെങ്കിലും അധികം ഓടിത്തളരേണ്ട എന്ന് കണ്ടാണ് ഞാനത് സമ്മതിക്കുന്നത്. ഹോക്കിയിൽ 'വൺമാൻ ഷോ' കാണിക്കാൻ പറ്റിയ മറ്റൊരു പൊസിഷനുമില്ല എന്ന തിരിച്ചറിവും ഇതിന് കാരണമായി'- ശ്രീജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.