ടോകിയോ: റിയോ ഒളിമ്പിക്സിൽ ഫൈനൽ കളിച്ച പരിചയ സമ്പത്തുമായി എത്തിയിട്ടും സെമിയിൽ മടക്കിയ കരുത്തയായ എതിരാളിക്ക് പി.വി സിന്ധുവിനോട് ആരാധന കുറയുന്നില്ല. ഫൈനലിൽ ചൈനീസ് താരം ചെൻ യുഫെയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞ് വെള്ളി കൊണ്ട് തൃപ്തിയടയേണ്ടിവന്ന തായ് സു യിങ്ങാണ് തനിക്ക് ആവേശം നൽകിയ വാക്കുകളുമായി ഒപ്പംനിന്ന സിന്ധു തന്നെ ശരിക്കും കരയിച്ചെന്ന് സമൂഹ മാധ്യമത്തിൽ വെളിപ്പെടുത്തിയത്.
ഒളിമ്പിക് ബാഡ്മിന്റണിലെ ഏറ്റവും മികച്ച പോരാട്ടം കണ്ട ഫൈനലിൽ 21-18 19-21 21-18ന് തായ് സു യിങ്ങിനെ വീഴ്ത്തിയായിരുന്നു ലോക രണ്ടാം നമ്പർ താരം ചെൻ യൂഫെയ് വിജയവും സ്വർണവുമായി മടങ്ങിയത്. റാലികളേറെ കണ്ട മത്സരത്തിൽ പലവട്ടം ലീഡ് മാറിമറിഞ്ഞു. എതിരാളി തളർന്ന അവസാന ഘട്ടത്തിൽ തകർപ്പൻ പ്രകടനവുമായി ചൈനീസ് താരം നിർണായക പോയിന്‍റുകൾ സ്വന്തമാക്കുകയും ചെയ്തു.
വനിതകളിൽ ലോക ഒന്നാം നമ്പർ പദവി ഏറ്റവും നീണ്ട കാലം സ്വന്തമാക്കി വെച്ചിട്ടും ഒളിമ്പിക് സ്വർണം പിന്നെയൂം വഴിമാറിയതിന്‍റെ വേദനയുമായി മെഡൽ വാങ്ങാൻ നിൽക്കുേമ്പാഴായിരുന്നു ആശ്വാസ വാക്കുകൾ പകർന്ന് സിന്ധു തായ് സുവിന് അരികിൽ എത്തിയത്. 'അവൾ എന്നെ കെട്ടിപ്പിടിച്ചു. രോഗമുണ്ടെന്നറിയാം, എന്നിട്ടും മികച്ച പ്രകടനം പുറത്തെടുക്കാനായല്ലോ. ഇന്ന് നിങ്ങളുടെ ദിനമായിരുന്നില്ല എന്നു പറഞ്ഞു'' തായ് സു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വനിത ബാഡ്മിന്റണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ മുൻനിരയിലാണ് തായ് സു. ഒളിമ്പിക് സ്വർണം പക്ഷേ, അവർക്ക് കിട്ടാക്കനിയാണ്. സെമി അനായാസം കടന്ന് ഫൈനലിലെത്തിയതോടെ സ്വർണമുത്തം ഇത്തവണ സാധ്യമാകുമെന്ന കണക്കുകൂട്ടലുകളും അവസാനം പിഴക്കുകയായിരുന്നു. ടോകിയോ ഒളിമ്പിക്സിനു ശേഷം വിരമിക്കുമെന്ന പ്രഖ്യാപനവും അവർ നടത്തിയിട്ടുണ്ട്.
'ജീവിതത്തിന്‍റെ പകുതിയും ഞാൻ കളിയുമായി കഴിഞ്ഞതാണ്. ഇനി വിശ്രമം ആലോചിക്കുന്നു''- തായ് സു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.