ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷൻമാരുടെ സൂപ്പർ ഹെവി വിഭാഗം (+91 കിലോഗ്രാം) ബോക്സിങ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സതീഷ് കുമാർ ഉസ്ബെക്കിസ്ഥാന്റെ ബഖോദിർ ജലാലോവിനോട് തോറ്റു.
ലോക ഒന്നാം നമ്പർതാരമാണ് ജലാലോവ്. 5-0ത്തിനായിരുന്നു തോൽവി. ജമൈക്കയുടെ റിക്കാർഡോ ബ്രൗണുമായി നടന്ന പ്രീക്വാർട്ടർ ഫൈനലിന് ശേഷം ഏഴ് സ്റ്റിച്ചുകളുമായാണ് സതീശ്കുമാർ ക്വാർട്ടറിനായി റിങ്ങിലെത്തിയത്.
91കിലോ വിഭാഗത്തിൽ ഒളിമ്പിക്സിൽ മാറ്റുരക്കുന്ന ഇന്ത്യയുടെ ആദ്യ ബോക്സറാണ് സതീഷ് കുമാർ. ജോർഡനിലെ അമ്മാനിൽ 2019 ഏപ്രിലിൽ നടന്ന ഏഷ്യ/ ഒഷ്യാനിയ യോഗ്യത റൗണ്ട് സെമിഫൈനലിൽ കടന്നതോടെയാണ് 29കാരന് ഒളിമ്പിക് ബെർത്ത് ഉറപ്പിക്കാനായത്. ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു.
ബുലന്ധ്ശഹർ സ്വദേശിയായ സതീശ് 2008ൽ സൈന്യത്തിൽ ചേർന്നു. രവിശങ്കർ പ്രസാദിന്‍റെ കീഴിൽ സൈനിക പരിശീലന ക്യാമ്പിൽ ബോക്സിങ് പരിശീലിക്കാൻ തുടങ്ങിയതോടെയാണ് സതീശ്കുമാറിന്റെ തലവര മാറിയത്.
2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന് സതീശിന് യോഗ്യത നേടാനായില്ല. 2014 ഏഷ്യൻ ഗെയിംസിലും 2015 ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേട്ടവുമായാണ് താരം അന്ന് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.