ടോക്യോ: ഒരുവശത്ത് ലോകം മുഴുവൻ വിഴുങ്ങാനായുന്ന കോവിഡ് മഹാമാരി. മറുവശത്ത് ഭൂമുഖത്തെ കരുത്തന്മാർ മേളിക്കുന്ന ലോകോത്സവം. മാനവരാശിയെ നടുക്കിയ അണുബോംബാക്രമണത്തിെൻറ മുറിവുകൾ മായ്ച്ച ജപ്പാെൻറ മണ്ണിൽ കലയും കായികവിരുന്നും കണ്ണുനിറയുന്ന കാഴ്ചകളുമായി ടോക്യോയിൽ ഒളിമ്പിക്സ് മേളപ്പെരുക്കത്തിന് കളമുണർന്നു. മഹാമാരി തച്ചുടച്ച കായിക സ്വപ്നങ്ങളിൽ ഒളിമ്പിക്സും തകർന്നുപോകുമോ എന്ന ആശങ്കകളെ അതിജയിച്ചാണ് ലോകം ടോക്യോയുടെ മുറ്റത്ത് കായികാങ്കത്തിനിറങ്ങുന്നത്.
ജപ്പാെൻറ പരമ്പരാഗത കലാരൂപങ്ങളും കരിമരുന്ന് വിസ്മയങ്ങളുമായി 2020 ലെ ടോക്യോ ഒളിമ്പിക്സിന് കണ്ണുതുറന്നപ്പോൾ അത് നേരിട്ട് കാണാൻ കാണികളില്ലെന്ന എല്ലാ പേരായ്മകളും പരിഹരിച്ചായിരുന്നു നാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഗംഭീരമായ ഉദ്ഘാടനം. 'കൂടുതൽ വേഗം, കൂടുതൽ ഉയരം, കൂടുതൽ ശക്തി'എന്ന ഒളിമ്പിക്സ് മുദ്രാവാക്യത്തിനൊപ്പം മഹാമാരി ഭയന്ന് മനുഷ്യർ അകന്നു നിൽക്കുന്ന കാലത്തിന് സാന്ത്വനമാകാൻ 'ഒത്തൊരുമ'കൂടി ഉൾപ്പെടുത്തിയാണ് ഇക്കുറി ലോക കായികമേളക്ക് തിരിതെളിഞ്ഞത്.
ലോകം അകപ്പെട്ട ഈ മഹാദുരന്തകാലത്തിൽ നിന്നും 'മുന്നോട്ട്' എന്ന പ്രമേയത്തിൽ ഊന്നിയായിരുന്നു ഉദ്ഘാടന ചടങ്ങ് അവതരിപ്പിച്ചത്. 57 വർഷത്തിനു ശേഷം രാജ്യത്ത് വിരുന്നുവന്ന ഒളിമ്പിക്സിന് രോഗഭീതിക്കിടയിലും ഒന്നിനും കുറവുവരുത്താത്ത തുടക്കമാണ് ടോക്യോയിൽ കുറിച്ചത്. കോവിഡ് മഹാമാരി കവർന്ന ലോകമെങ്ങുമുള്ള മനുഷ്യർക്കും വിടപറഞ്ഞ ഒളിമ്പ്യന്മാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനവും അരങ്ങേറി.
തൊട്ടുപിറകെയായിരുന്നു ജപ്പാെൻറ പാരമ്പര്യവും കലയും വെളിപ്പെടുത്തുന്ന ദൃശ്യവിരുന്നൊരുങ്ങിയത്. 2013 ൽ ടോക്യോ ഒളിമ്പിക്സിന് പ്രഖ്യാപനമുണ്ടായതുമുതൽ നേരിടേണ്ടിവന്ന വെല്ലുവിളികൾ വ്യക്തമാക്കുന്ന ഹ്രസ്വമായ വിഡിയോ പ്രദർശിപ്പിച്ചു. കോവിഡിനെതിരെ ലോകമെങ്ങും കോവിഡിനെതിരെ പോരാടുന്നവരെ പ്രതിനിധീകരിച്ച് ഒരു ഡോക്ടറും നഴ്സും വീൽചെയറിലിരുന്ന പാരാലിമ്പിക്സ് താരവും ചേർന്നാണ് നാഷനൽ സ്റ്റേഡിയത്തിലേക്ക് ദീപശിഖ എത്തിച്ചത്. അവരിൽനിന്ന് ഏറ്റുവാങ്ങിയ ദീപശിഖ ജപ്പാെൻറ ടെന്നിസ് താരം നവോമി ഒസാക്ക ഏറ്റുവാങ്ങിയ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച പ്രധാന ദീപസ്തംഭം ജ്വലിപ്പിച്ചു.
ആധുനിക കാലത്തെ 32ാമത് ഒളിമ്പിക്സിന് തുടക്കമായതായി ജപ്പാൻ ചക്രവർത്തി ഹിരോ നോമിയോ നരുഹിതോ ഔദ്യോഗികമായി ലോകത്തെ അറിയിച്ചു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാക്കും സന്നിഹിതനായി. 41 വേദികളിൽ 33 കായിക ഇനങ്ങളിലായി 339 മെഡൽ വിഭാഗങ്ങളിലാണ് മത്സരം. ലോകമെങ്ങുമുള്ള 12,000 ഓളം കായികതാരങ്ങൾ പങ്കെടുക്കും.
കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങിന്റെ പൊലിമ ഒട്ടും ചോരാതെയാണ് അഞ്ചര പതിറ്റാണ്ടിന് ശേഷമെത്തിയ ഒളിമ്പിക്സിനെ ജപ്പാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജപ്പാന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാ പരിപാടികളും ദൃശ്യങ്ങളുമുൾപ്പെടെ മുഴുവൻ മിഴിവോടെയുമാണ് ഉദ്ഘാടന ചടങ്ങുകൾ ലോകത്തിനുമുമ്പാകെ ഇതൾ വിരിഞ്ഞത്.
കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എന്നാൽ, ടെലിവിഷനിലൂടെ ലോകം ആ വശ്യമുഹൂർത്തങ്ങൾക്ക് സാക്ഷികളായി. ടോക്യോയിലെ അതിവിശാലമായ നാഷനൽ സ്റ്റേഡിയത്തിൽ വിശിഷ്ടാതിഥികൾ ഉൾപ്പെടെ ആയിരം പേർക്കു മാത്രമായിരുന്നു പ്രവേശനം. കാണികളില്ലാതെയാണ് ഈ ഒളിമ്പിക്സിലെ മത്സരങ്ങളും അരങ്ങേറുക.
ഉദ്ഘാടന ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായത് താരങ്ങളുടെ മാർച്ച് പാസ്റ്റായിരുന്നു. വിവിധ രാജ്യങ്ങളുടെ പതാകയുമേന്തി താരങ്ങൾ പങ്കെടുത്ത മാർച്ച് പാസ്റ്റിൽ ഒളിമ്പിക്സിെൻറ തുടക്കക്കാരായ ഗ്രീക്ക് ടീമായിരുന്നു ആദ്യമെത്തിയത്. രണ്ടാമതായി അഭയാർഥികളുടെ ഒളിമ്പിക്സ് ടീം പ്രത്യേക പതാകയുമായി അണിനിരന്നു. ജാപ്പനീസ് അക്ഷരമാലക്രമത്തിലാണ് ടീമുകൾ മാർച്ച് പാസ്റ്റിനെത്തിയത്.
21ാമത്തെ രാജ്യമായി ഇന്ത്യ മാർച്ച് പാസ്റ്റിൽ അണിനിരന്നു. ഒളിമ്പിക്സ് മെഡൽ ജേതാവും ബോക്സിങ്ങിൽ ഇന്ത്യയുടെ പ്രതീക്ഷയുമായ മേരികോമും ഹോക്കി ടീം നായകൻ മൻപ്രീത് സിങ്ങുമാണ് ഇന്ത്യയുടെ പതാകയേന്തിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് 20 പേർ മാത്രമാണ് ഇന്ത്യൻ സംഘത്തിൽനിന്ന് മാർച്ച് പാസ്റ്റിൽ അണിനിരന്നുള്ളൂ.
18 ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യക്കായി മത്സരത്തിനിറങ്ങുന്നത്. ഒളിമ്പിക്സിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയുമായാണ് ഇക്കുറി ഇന്ത്യ ടോക്യോയിലെത്തിയിരിക്കുന്നത്. കോവിഡ് ഭീഷണികാരണം ഒരു വർഷം വൈകിയ ഒളിമ്പിക്സ് ആഗസ്റ്റ് എട്ടിന് സമാപിക്കും.
ഇന്ത്യൻ പതാകവാഹകരായി മേരികോമും മൻപ്രീതും
ഉദ്ഘാടന ചടങ്ങിൽ 22 അത്ലറ്റുകളും ആറു ഒഫിഷ്യലുകളുമാണ് ഇന്ത്യയിൽ നിന്നും പങ്കെടുത്തത്. ആറു തവണ ലോക ചാമ്പ്യനായ ബോക്സിങ് താരം എം.സി. മേരി കോമും പുരുഷ ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്. ഇന്ത്യൻ സമയം വൈകീട്ട് നാലരക്കാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്.
ബോക്സിങ്ങിൽ നിന്നും എട്ടു താരങ്ങളും ടേബിൾ ടെന്നിസ്, ഫെൻസിങ് എന്നിവയിൽനിന്നും നാലും റോവിങ്ങിൽനിന്നും രണ്ടും ഹോക്കി, ജിംനാസ്റ്റിക്, സ്വിമ്മിങ്, സെയ്ലിങ് എന്നിവയിൽനിന്നും ഓരോ അത്ലറ്റ് വീതവും ഒപ്പം ആറു ഒഫിഷ്യലുമാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്.
ടോക്യോ: ഒളിമ്പിക്സിന് ടോക്യോയിൽ വർണാഭമായ ചടങ്ങുകളോടെ തിരിതെളിഞ്ഞപ്പോൾ ആശങ്കയായി കോവിഡ് കേസുകൾ. 19 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഒളിമ്പിക്സുമായി ബന്ധപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 100 കടന്നു. ചെക് റിപ്പബ്ലിക് ക്യാമ്പിലാണ് കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ചെക്കിെൻറ സൈക്കിൾ താരം മൈക്കൽ ഷ്ലെഗലിനടക്കം നാലു അത്ലറ്റുകൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ആകെ സ്ഥിരീകരിച്ചവരിൽ 11 പേർ അത്ലറ്റുകളാണ്. രോഗം ബാധിച്ച മിക്ക താരങ്ങൾക്കും മത്സരം നഷ്ടമാവും. പത്തു ഒഫീഷ്യലുകളും മൂന്ന് മാധ്യമപ്രവർത്തകരും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽപെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.