ഹരിദ്വാർ (ഉത്തരാഖണ്ഡ്): സെമിഫൈനലിൽ തോറ്റെങ്കിലും ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തിന്‍റെ യശസ്സ് ഉയർത്തിപ്പിടിച്ച ഇന്ത്യൻ വനിത ഹോക്കി ടീമിനെ അഭിനന്ദിക്കുകയാണ് ഏവരും. അതേ സമയം തോൽവിയെ തുടർന്ന് ഇന്ത്യൻ താരമായ വന്ദന കതാരിയയുടെ കുടുംബത്തിന് നേരിടേണ്ടി വന്നത് സവർണ ജാതിക്കോമരങ്ങളുടെ അധിക്ഷേപവും.
ബുധനാഴ്ച അർജന്‍റീനക്കെതിരെ ഇന്ത്യ സെമിയിൽ തോറ്റതിന് പിന്നാലെയാണ് ഹരിദ്വാറിലെ റോഷ്നബാദിലുള്ള വന്ദനയുടെ വീടിന് സമീപത്തെത്തി സവർണരായ ചിലർ ജാതി അധിക്ഷേപം നടത്തിയത്. ടീമിൽ കുറേ ദലിത് കളിക്കാർ ഉള്ളത് കൊണ്ടാണ് തോറ്റതെന്ന് ആരോപിച്ച് അവർ വന്ദനയുടെ വീടിന് മുമ്പിൽ വെച്ച് പടക്കം പൊട്ടിക്കുകയും താളം ചവിട്ടുകയും ചെയ്തു.
വന്ദനയുെട കുടുംബം സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തു. പിന്നാലെ പ്രതികളിൽ ഒരാൾ അറസ്റ്റിലായി. തോൽവിക്ക് പിന്നാലെ സവർണ ജാതിക്കാർ തങ്ങളെ എങ്ങനെയാണ് അധിക്ഷേപിച്ചതെന്ന് വന്ദനയുടെ കുടുംബം പൊലീസിനോട് വിവരിച്ചു.
'അവർ ഞങ്ങളുടെ കുടുംബത്തെ ജാതീയമായി അധിക്ഷേപിച്ചു, അപമാനിച്ചു. ധാരാളം ദലിതർ ടീമിലുള്ളതിനാലാണ് ഇന്ത്യ തോറ്റതെന് അവർ പറഞ്ഞു. ഹോക്കി മാത്രമല്ല എല്ലാ കായിക ഇനങ്ങളിൽ നിന്നും ദലിതരെ അകറ്റി നിർത്തണമെന്നും പറഞ്ഞു. തങ്ങളുടെ വസ്ത്രം പൊക്കിക്കാണിച്ചാണ് അവർ നൃത്തം ചവിട്ടിയത്' -വന്ദനയുടെ സഹോദരൻ ശേഖർ പറഞ്ഞു.
ടൂർണമെന്‍റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരമായി വന്ദന മാറിയിരുന്നു. പൂൾ 'എ'യിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയ നാലിൽ മൂന്നും വന്ദനയുടെ വകയായിരുന്നു.
കരുത്തരായ ആസ്ട്രേലിയയെ 1-0ത്തിന് തറപറ്റിച്ചായിരുന്നു ഇന്ത്യ സെമിഫൈനലിലെത്തിയത്. എന്നാൽ ബുധനാഴ്ച നടന്ന സെമിയിൽ ഇന്ത്യയെ 2-1ന് തോൽപിച്ച് അർജന്‍റീന മെഡൽ ഉറപ്പിക്കുകയായിരുന്നു. വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ഇന്ത്യ ബ്രിട്ടനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.