ടോക്യോ: അതിവേഗത്തിന്‍റെ ട്രാക്കിൽ ചക്രവർത്തിയായി വിരാജിച്ച ഉസൈൻ ബോൾട്ടിനുശേഷം ഒളിമ്പിക്സിന്റെ നൂറുമീറ്റർ ഫിനിഷിങ് ലൈനിൽ ആദ്യം പദമൂന്നുന്ന ആ അതിവേഗക്കാരൻ ആരാകും? ട്രാക്കുണരുന്നതോടെ ടോക്യോ ഒളിമ്പിക്സിലെ മില്യൺ ഡോളർ ചോദ്യത്തിനും ഉത്തരം ലഭിക്കും.
ബീജിങ്, ലണ്ടൻ, റയോ ഡി ജനീറോ എന്നിവിടങ്ങളിലായി നടന്ന കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും നൂറു മീറ്റർ ചാമ്പ്യനായി ചരിത്രത്തിൽ ആവേശം വിതറിയ താരമായിരുന്നു ബോൾട്ട്. ജമൈക്കൻ ഇതിഹാസം ട്രാക്കിനോട് വിടപറഞ്ഞശേഷമുള്ള ആദ്യ ഒളിമ്പിക്സാണ് ടോക്യോയിലേത്.
ട്രേവോൺ ബ്രോമെൽ, റോണീ ബേക്കർ, അകാനി സിംബൈൻ എന്നിവരാണ് ബോൾട്ടിന്‍റെ പിൻഗാമിപ്പട്ടത്തിലേക്ക് ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നവർ. സിംബൈൻ ഈയിടെ 9.84 സെക്കൻഡിൽ നൂറുമീറ്റർ ഓടിയെത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണിത്. ബ്രോമലാകട്ടെ ജൂണിൽ േഫ്ലാറിഡയിൽ 9.77സെക്കൻഡിൽ ഓടിയെത്തി 2021ലെ ഏറ്റവും മികച്ച സമയം തന്‍റെ പേരിൽ കുറിച്ചു.
ഞായറാഴ്ച നടക്കുന്ന 100 മീറ്റർ ഫൈനലിൽ ഒന്നാമതെത്താനുള്ള പ്രതിഭാശേഷി ഈ മൂന്ന് യുവതാരങ്ങൾക്കുമുണ്ട്. ആരു ജയിച്ചാലും സ്പ്രിന്റിങ് സൂപ്പർതാരങ്ങളുടെ പുതുതലമുറയിൽ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടാൻ അതു വഴിയൊരുക്കുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.