ന്യൂഡൽഹി: ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് ഇപ്പോൾ ഇന്ത്യയിൽ ചർച്ചാവിഷയമാണ്. ടിക്ടോക് Vs യൂട്യൂബ് വെർച്വൽ യുദ്ധം കൊടുമ്പിരികൊള്ളുേമ്പാൾ അതുമുതലെടുത്ത് ടിക്ടോകിന് ഒരു അപരനെ ഒരുക്കിയിരിക്കുകയാണ് ഐ.ഐ.ടി റൂർക്കിയിലെ വിദ്യാർഥി. മിത്രോം ടി.വി എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇപ്പോൾ രാജ്യത്ത് തരംഗമായിരിക്കുകയാണ്. ആപ്പ് പ്ലേസ്റ്റോറിൽ അവതരിപ്പിച്ച് ഒരു മാസം തികയുന്നതിന് മുേമ്പ, 50 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്.
പ്ലേസ്റ്റോറിൽ 4.7 റേറ്റിങ്ങുമുള്ള മിത്രോം ടി.വി സമീപകാലത്ത് റേറ്റിങ് കുത്തനെ ഇടിഞ്ഞ ടിക്ടോകിന് വെല്ലുവിളിയായിരിക്കുകയാണ്. ടിക്ടോക് പോലെ തന്നെ വിനോദത്തിനായി ചെറു വിഡിയോകൾ പോസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് ഇന്ത്യൻ ആപ്പിൻെറയും നിർമാണം. നിലവിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു യുവാവാണ് ആപ്പിന് പിന്നിൽ. അതുകൊണ്ട് തന്നെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താൻ സാധിക്കില്ലെന്നാണ് യുവാവ് പറയുന്നത്.
ചൈനാ വിരോധം മുതലെടുത്ത്
കോവിഡ് വിഷയത്തിൽ ലോകം പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന രാജ്യമാണ് ചൈന. മഹാമാരിയുടെ കാരണക്കാരനെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിരന്തരം ആക്ഷേപിക്കുന്ന ചൈനയോട് ഇന്ത്യക്കും സമീപകാലത്തായി അത്ര നല്ല അടുപ്പമല്ല നിലനിൽക്കുന്നത്. ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നതായി ശശി തരൂർ എം.പിയെ പോലുള്ള പ്രമുഖർ ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.
ചൈനീസ് ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാത്ത ഒരു ഇന്ത്യക്കാരനെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ തലചൊറിയേണ്ട അവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയെ വെല്ലുവിളിച്ചുകൊണ്ട് വന്ന ആപ്പിന് ഇന്ത്യക്കാർ അകമഴിഞ്ഞ സ്നേഹം നൽകുന്നതിൽ അദ്ഭുതപ്പെടാനില്ല.
എന്നാൽ, മിത്രോം ആപ്പിൻെറ ഭാവിയെ കുറിച്ച് ഒരു ഉറപ്പും നൽകാൻ സാധിക്കാത്ത വിധമാണ് അതിൻെറ നിർമാണം. ഒറ്റ നോട്ടത്തിൽ ടിക്ടോകിൻെറ ക്ലോൺ എന്ന് തോന്നിപ്പിക്കുന്ന ആപ്പിനെതിരെ ടിക്ടോക് ഒരു കോപിറൈറ്റ് കേസ് ഫയൽ ചെയ്താൽ അതിന് പിന്നിലുള്ളവർ കുടുങ്ങുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ആപ്പിൻെറ പരിമിതികളെ കുറിച്ചും പ്ലേസ്റ്റോർ റിവ്യൂ സെഷനിൽ പരാതികൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. ‘ഇന്ത്യയിൽ നിർമിച്ചത് കൊണ്ട് പിന്തുണക്കുന്നു’ എന്ന് പറഞ്ഞുതുടങ്ങുന്ന നിരൂപണങ്ങളിലും ആപ്പിൻെറ പോരായ്മകൾ മിക്കവരും വിവരിക്കുന്നുണ്ട്. റേറ്റിങ് കൂട്ടി നൽകുന്നവരും ആപ്പിലെ ബഗ്ഗുഗൾ പരിഹരിക്കാനാണ് നിർദേശിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും ട്രെൻറിങ്ങായ ആപ്പുകളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മിത്രോമുള്ളത്. ആപ്പിന് ലഭിച്ചിരിക്കുന്ന അപ്രതീക്ഷിത സ്വീകരണത്തിൽ അമ്പരന്നിരിക്കുകയാണ് നിർമാതാക്കൾ. ഐ.ഐ.ടി വിദ്യാർഥിക്ക് പുറമേ നാല് പേരാണ് ആപ്പ് നിയന്ത്രിക്കുന്നത്. കൂടുതൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ആപ്പ് ഇൻറർഫേസ് ടിക്ടോകിൽ നിന്നും വ്യത്യസ്തമാക്കി അവതരിപ്പിച്ചാൽ ആഗോളതലത്തിൽ തന്നെ മിത്രോം തരംഗമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.