ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ ആൾകൂട്ടക്കൊലകൾക്ക് ഇടയാക്കുന്നു എന്ന ആരോപണത്തിനിടെ രാജ്യത്തെ ഭീകരമായ ആക്രമണങ്ങളിൽ ഞെട്ടൽ പ്രകടിപ്പിച്ച് വാട്സ്ആപ് അധികൃതർ. തങ്ങളുടെ സന്ദേശ പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടികളെടുത്തതായും അധികൃതർ അറിയിച്ചു.
ഉത്തരവാദിത്തരഹിതവും സ്ഫോടനാത്മകവുമായ സന്ദേശങ്ങൾ പരക്കുന്നത് തടയാൻ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാർ വാട്സ്ആപ് അധികൃതർക്ക് കഴിഞ്ഞദിവസം കർശന താക്കീത് നൽകിയിരുന്നു. ഈ വിഷയത്തിൽ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാൻ കമ്പനിക്ക് കഴിയില്ലെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തട്ടിപ്പുകളും പരക്കുന്നത് തടയാൻ സർക്കാർ, പൗരസമൂഹം, സാങ്കേതികവിദ്യ കമ്പനികൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് നൽകിയ മറുപടിയിൽ വാട്സ്ആപ് വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ പരിഗണനയാണ് തങ്ങൾ നൽകുന്നത്. സുരക്ഷിതമായിരിക്കാൻ ജനങ്ങൾക്ക് വിവരങ്ങളും നിയന്ത്രണ സംവിധാനങ്ങളും നൽകുക, വാട്സ്ആപ്പിെൻറ ദുരുപയോഗം തടയാൻ മുൻകൂട്ടി നടപടികളെടുക്കുക എന്നിങ്ങനെ ദ്വിതല സമീപനമാണ് വിഷയത്തിൽ കമ്പനി പിന്തുടരുന്നത്. ഉൽപന്ന നിയന്ത്രണം, ഡിജിറ്റൽ സാക്ഷരത, വസ്തുതകൾ പരിശോധിക്കാൻ പ്രേരിപ്പിക്കൽ തുടങ്ങി വ്യാജവാർത്തകൾ തടയാൻ സ്വീകരിച്ച നടപടികളും വിശദമായി വിവരിക്കുന്നുണ്ട് മറുപടിയിൽ.
കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാറുണ്ടെന്ന് വ്യക്തമാക്കിയ അധികൃതർ വാട്സ്ആപ്പിനെ ഫലപ്രദമായി ഉപയോഗിക്കാനുള്ള വഴികൾ പൊലീസുമായി പങ്കുവെക്കുമെന്നും അറിയിച്ചു. വ്യാജസന്ദേശങ്ങൾ ആൾകൂട്ടക്കൊലകൾക്ക് വ്യാപകമായി ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ വാട്സ്ആപ് അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.