ബൈജൂസിന്റെ ബംഗളൂരുവിലെ ആസ്ഥാനത്തും ജീവനക്കാർക്ക് രാജി സമ്മർദം

ബംഗളൂരു: എജുക്കേഷൻ ടെക് ഭീമന്മാരായ 'ബൈജൂസി'ന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് ജീവനക്കാർക്കുമേൽ രാജി സമ്മർദമെന്ന് കർണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂനിയൻ (കെ.ഐ.ടി.യു) ആരോപിച്ചു. തിരുവനന്തപുരത്തെ ഓഫിസിലെ ജീവനക്കാരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാൻ കമ്പനി ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫിസിൽ രാജി സമ്മർദം. സ്വയം രാജിവെച്ചില്ലെങ്കിൽ കമ്പനിയിൽനിന്ന് പുറത്താക്കുമെന്നാണ് കമ്പനി അധികൃതരുടെ ഭീഷണിയെന്ന് കെ.ഐ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക ചൂണ്ടിക്കാട്ടി. ജീവനക്കാരെ പുറത്താക്കുന്നതിലൂടെ അവരുടെ ഭാവി നശിപ്പിക്കുമെന്നാണ് ഭീഷണി. മാനേജർമാരിൽനിന്നോ സുപ്പർവൈസർമാരിൽനിന്നോ ബോർഡ് അംഗങ്ങളിൽനിന്നോ ഉള്ള സമ്മർദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരൻ രാജിവെച്ചാൽ അത് നിർബന്ധിത രാജിയായാണ് പരിഗണിക്കപ്പെടുക.

ജീവനക്കാരെ രാജിവെപ്പിക്കാൻ വിവിധ തന്ത്രങ്ങളാണ് ബൈജൂസ് പയറ്റുന്നത്. കമ്പനിയിൽനിന്ന് പുറത്താക്കിയാൽ അത് ജീവനക്കാർ ഭാവിയിൽ മറ്റു കമ്പനികളിൽ പ്രവർത്തിക്കുന്നതിനെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ രാജിവെക്കണമെന്നുമാണ് ബൈജൂസിന്റെ എച്ച്.ആർ മാനേജർ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച ആവശ്യങ്ങൾ അടങ്ങിയ രേഖകളൊന്നും ജീവനക്കാർക്ക് കമ്പനി നൽകിയിട്ടില്ലെന്നും വ്യക്തിപരമായി ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുകയാണെന്നും യൂനിയൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Byju's forcing employees to resign in Bengaluru office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.