ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ എതിരാളിയുമായി മെറ്റ ജൂൺ അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്ട്. P92 അല്ലെങ്കിൽ ബാഴ്‌സലോണ എന്നീ രഹസ്യനാമത്തിൽ അറിയപ്പെടുന്ന ആപ്പിന്റെ യഥാർഥ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിനു സമാനമായ ഫീച്ചറുകളുമായാണ് മെറ്റയുടെ ആപ്പ് വരുന്നതെന്ന് ടെക് വാർത്താ പോർട്ടലായ 'ദി വെർജ്' റിപ്പോർട്ട് ചെയ്തു.
500 അക്ഷരങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കാനുള്ള സൗകര്യം പുതിയ ടെക്സ്റ്റ് അധിഷ്‌ഠിത ആപ്പിലുണ്ടാകും. ട്വിറ്ററിൽ നിലവിൽ സൗജന്യമായി 280 അക്ഷരങ്ങളുള്ള പോസ്റ്റുകളാണ് പങ്കുവെക്കാൻ കഴിയുന്നത്. അതേസമയം, ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് 10,000 അക്ഷരങ്ങളുള്ള പോസ്റ്റുകൾ വരെ പോസ്റ്റ് ചെയ്യാം. ഇലോൺ മസ്‌കിന്റെ മൈക്രോബ്ലോഗിങ് സൈറ്റിന് സമാനമായി ഉപയോക്താക്കൾക്ക് പോസ്റ്റിൽ ലിങ്കുകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാവുന്നതാണ്.
പുതിയ ആപ്പിന്റെ ഐക്കൺ എന്ന പേരിൽ ഒരു ലോഗോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിനു സമാനമായ കളർകോഡാണ് അതിനുമുള്ളത്. ആപ്പുമായി ബന്ധപ്പെട്ട് ചോർന്ന മാർക്കറ്റിങ് സ്ലൈഡുകളും മറ്റും ചില വിശദാംശങ്ങൾ നൽകുന്നുണ്ട്. ആപ്ലിക്കേഷന് പ്രത്യേക പേരൊന്നും നൽകിയിട്ടില്ല. "സംഭാഷണങ്ങൾക്കായുള്ള ഇൻസ്റ്റാഗ്രാമിന്റെ പുതിയ ടെക്സ്റ്റ്-അധിഷ്ഠിത ആപ്പ്" എന്നാണ് അതിനെ പരാമർശിക്കുന്നത്.
ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നത് പോലെ നിങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുമായി പുതിയ ആപ്പ് കണക്ട്ഡായിരിക്കും. ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ആപ്പിൽ പ്രവേശിക്കാം. അതോടെ നിങ്ങളെ പിന്തുടരുന്നവർ, ബയോ വിവരങ്ങൾ, വെരിഫിക്കേഷൻ ടിക്ക് ഉണ്ടെങ്കിൽ അത് തുടങ്ങി എല്ലാ വിവരങ്ങളും പുതിയ ആപ്പിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കൂടുതൽ പ്രാധാന്യം നൽകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.