സംശയാസ്പദമായ രീതിയില്‍ യു.എസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട ‘ചൈനീസ് ചാരബലൂൺ’ വെടിവെച്ചിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്. അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താൻ ചൈന അയച്ച ചാരബലൂൺ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാൽ, കണ്ടെത്തിയത് കലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണെന്നും ശക്തമായ കാറ്റിൽ ലക്ഷ്യം തെറ്റിയതാകാമെന്നുമാണ് ചൈനയുടെ വിശദീകരണം.
ബലൂൺ അമേരിക്ക യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു വീഴ്ത്തിയത്. സമുദ്രത്തിലാണ് ബലൂൺ പതിച്ചതെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതോടെ യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമനടപടിക്രമത്തിന്റെ ലംഘനമാണെന്നും കുറ്റപ്പെടുത്തിക്കൊണ്ട് ചൈന രംഗത്തുവന്നു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാവുന്ന രൂക്ഷപ്രതികരണം നേരിടാന്‍ ഒരുങ്ങിയിരിക്കാനും ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാൽ, യുഎസ് അറ്റ്‌ലാന്റിക് തീരത്ത് നിന്ന് ചൈനീസ് 'ചാര ബലൂൺ' അമേരിക്ക വെടിവെച്ചിട്ടതിന് പിന്നാലെ ലോകകോടീശ്വരനും ടെസ്‍ല സി.ഇ.ഒയുമായ ഇലോൺ മസ്ക് ട്വിറ്ററിൽ ഒരു മീം പങ്കുവെച്ചു. 2009-ൽ പുറത്തിറങ്ങിയ 'അപ്പ് (UP)' എന്ന ആനിമേറ്റഡ് ചിത്രത്തിലെ ‘പറക്കുന്ന വീട്’ വെടിവെച്ചിടുന്നതാണ് ചിത്രത്തിലുള്ളത്. ബലൂൺ വെടിവെച്ചിട്ടതിനെ കുറിച്ച് ബി.ബി.സി പങ്കുവെച്ച വാർത്തയ്ക്ക് താഴെ കമന്റായാണ് ഇലോൺ മസ്ക് മീം പോസ്റ്റ് ചെയ്തത്. 1.71 ലക്ഷം ലൈക്കുകളും 13,000 റീട്വീറ്റുകളും 4,500 കമന്റുകളുമാണ് മസ്കിന്റെ ട്രോളിന് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.