പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കമ്പ്യൂട്ടറുകള്‍ 10 സെപ്റ്റില്യണ്‍ (ഒന്നിനുശേഷം 25 പൂജ്യം വരുന്ന സംഖ്യ) വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കുന്ന സങ്കീർണമായ ഗണിത പ്രശ്നങ്ങൾ, അഞ്ച് മിനിറ്റുകൊണ്ടു പരിഹരിക്കാൻ ശേഷിയുള്ള ചിപ്പ് ഗൂഗ്ൾ വികസിപ്പിച്ചു. പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം സമയംകൊണ്ട് തീര്‍ക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളില്‍ ചെയ്തുതീര്‍ക്കുന്ന കുഞ്ഞൻ ചിപ്പിന് ‘വില്ലോ’ എന്നാണ് പേര് നൽകിയത്. നാല് ചതുരശ്ര സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ചിപ്പ്, ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ പ്രധാനപരിമിതികള്‍ മറികടക്കുന്നതാണെന്ന് ഗൂഗ്ള്‍ അവകാശപ്പെടുന്നു.
കാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബാറയിലാണ് ചിപ്പ് നിര്‍മിച്ചത്. താരതമ്യേന കുറഞ്ഞ തെറ്റുകൾ മാത്രമേ വില്ലോ ചിപ്പ് വരുത്തുന്നുള്ളൂവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 105 ക്യുബിറ്റുകള്‍ ഉപയോഗിച്ചാണ് വില്ലോ ചിപ്പ് നിര്‍മിച്ചിരിക്കുന്നത്. സാധാരണ കമ്പ്യൂട്ടറുകള്‍ 'ബിറ്റ്' (ബൈനറി ഡിജിറ്റ് ) അടിസ്ഥാനമാക്കിയുള്ളവയാണെങ്കില്‍, ക്വാണ്ടം കമ്പ്യൂട്ടറുകളില്‍ ക്യുബിറ്റുകളാണ്. സാധാരണ ബിറ്റുകള്‍ 0 അല്ലെങ്കില്‍ 1 നെ പ്രതിനിധീകരിക്കുമ്പോള്‍, ക്യുബിറ്റുകള്‍ക്ക് 0, 1 എന്നിവയ്‌ക്കൊപ്പം രണ്ടിന്റെയും സൂപ്പര്‍പോസിഷനെയും പ്രതിനിധീകരിക്കാന്‍ കഴിയും. ഇക്കാരണത്താല്‍ ക്വാണ്ടം കമ്പ്യൂട്ടറുകളുടെ വേഗം വര്‍ധിക്കും.
കമ്പ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും നിര്‍മിതബുദ്ധിയിലും ചിപ്പ് വിപ്ലവകരമായമാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍. ഇന്നത്തെ സൂപ്പർ കമ്പ്യൂട്ടറുകളേക്കാള്‍ കമ്പ്യൂട്ടിങ് വേഗം ഉറപ്പ് നല്‍കുന്ന ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗ്ള്‍. മൈക്രോസോഫ്റ്റ്, ഐ.ബി.എം പോലുള്ള മറ്റ് വന്‍കിടക്കാരും ഈ രംഗത്ത് സജീവമാണ്.
അതേസമയം ചുറ്റുമുള്ള പരിസ്ഥിതി ക്യുബിറ്റുകളെ എളുപ്പം സ്വാധീനിക്കും. അതായത് താപവ്യതിയാനം, അണുവിനേക്കാള്‍ ചെറിയ പദാര്‍ഥങ്ങള്‍ പോലുള്ള ബാഹ്യ ഇടപെടലുകൾ എന്നിവ ക്യുബിറ്റുകളെ സ്വാധീനിക്കും. ഇത് അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇക്കാരണത്താല്‍ പിഴവുകള്‍ സംഭവിക്കാതെ കൂടുതല്‍ ക്യുബിറ്റുകളെ ഒന്നിച്ചുചേർത്ത് ശക്തിയേറിയ ക്വാണ്ടം കംപ്യൂട്ടിങ് ഒരുക്കുന്നതും പിഴവുകളുണ്ടായാല്‍ അത് പരിഹരിക്കുന്നതും വലിയ വെല്ലുവിളിയാണ്.
എന്നാല്‍ ക്യുബിറ്റുകളെ പരസ്പരം ഫലപ്രദമായി ബന്ധിപ്പിക്കാന്‍ വില്ലോ ചിപ്പില്‍ ഒരു വഴി കണ്ടെത്തിയെന്നാണ് ഗൂഗ്ള്‍ അവകാശപ്പെടുന്നത്. മുകളില്‍ പറഞ്ഞ വെല്ലുവിളികൾ പരിഹരിക്കാനും വേഗമേറിയ ക്വാണ്ടം കമ്പ്യൂട്ടിങ് സാധ്യമാക്കാനും ഇതുവഴി സാധിക്കും. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവ അപ്പോള്‍ തന്നെ കണ്ടെത്തി പരിഹരിക്കാന്‍ ഗൂഗിളിന്റെ പുതിയ സംവിധാനത്തിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.