ഇങ്ങനെയാണെങ്കിൽ മസ്കിന് കീഴിൽ ‘എക്സ്’ പാപ്പരാകും

പരസ്യദാതാക്കളായ ആപ്പിളും ഡിസ്നിയും വാർണർ ബ്രോസും ഏറ്റവുമൊടുവിൽ വാൾമാർട്ടും എക്സിൽ (ട്വിറ്റർ) നിന്ന് പിൻവാങ്ങിയതോടെ ഇലോൺ മസ്കിന്റെ മൈക്രോബ്ലോഗിങ് സൈറ്റ് വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ആപ്പിൾ പോലുള്ള ഭീമൻ കമ്പനികളുടെ അഭാവം എക്സിനെ പാപ്പരാക്കുമെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂതവിരുദ്ധ ഉള്ളടക്കങ്ങളെ തുടര്‍ന്ന് പരസ്യദാതാക്കൾ പിൻമാറിയതിന് പിന്നാലെ ഇലോൺ മസ്ക് അവർക്കെതിരെ രൂക്ഷമായി ​പ്രതികരിച്ചിരുന്നു. എക്സിൽ അവർ പരസ്യം ചെയ്യേണ്ടതില്ലെന്നും പരസ്യം ഉപയോഗിച്ചും പണം ഉപയോഗിച്ചും ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അത് നടക്കില്ലെന്നുമായിരുന്നു അദ്ദേഹം തുറന്നടിച്ചത്.

എന്നാൽ, ആപ്പിളും ഡിസ്‌നിയും പോലുള്ള ടെക് - വിനോദ ഭീമൻമാരുടെ പിന്മാറ്റം കമ്പനിയെ കാര്യമായി ബാധിക്കുമെന്നും, വായ്പയുടെ പലിശ അടക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകാനോ സാധിക്കാത്ത സാഹചര്യമാകും സോഷ്യൽ മീഡിയ ഭീമന് നേരിടേണ്ടി വരികയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം പലിശയിനത്തിൽ മാത്രമായി 1.2 ബില്ല്യൺ ഡോളർ എക്സിന് കണ്ടെത്തേണ്ടതായിട്ടുണ്ട്.

44 ബില്ല്യൺ ഡോളറിനായിരുന്നു മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. തുടക്കത്തിലെ സാമ്പത്തിക ​പ്രതിസന്ധി തരണം ചെയ്ത് കുഴപ്പമില്ലാത്ത രീതിയിൽ പോകവേയാണ് പുതിയ പ്രശ്നം എക്സിനെ അലട്ടുന്നത്. കഴിഞ്ഞ വർഷത്തെ പ്ലാറ്റ്‌ഫോമിന്റെ വരുമാനത്തിന്റെ 90 ശതമാനവും ലഭിച്ചത് പരസ്യത്തിൽ നിന്നുമായിരുന്നു. 2022ൽ 4 ബില്ല്യൺ ഡോളറായിരുന്നു എക്‌സിന്റെ പരസ്യ വരുമാനം. ഈ വർഷം അത് 1.9 ബില്ല്യൺ ഡോളറായി കുറയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - Elon Musk's Leadership Could Lead to Bankruptcy for X If THIS Occurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT