ഒടുവിൽ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭിക്കാൻ എത്ര നൽകണം..? അറിയാം..

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് വൈകാതെ ഇന്ത്യയിൽ വരവറിയിക്കാൻ പോവുകയാണ്. റിലയൻസ് ജിയോയോടും എയർടെലിനോടും ഇന്റർനെറ്റ് രംഗത്ത് മത്സരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ കമ്പനി. റെഗുലേറ്ററി പരിശോധനകൾക്കും ടെസ്റ്റുകൾക്കും ശേഷം ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് സ്റ്റാർലിങ്കിന് ഉടൻ തന്നെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ പദ്ധതിയാണ് സ്റ്റാർലിങ്ക്. ഇന്ത്യയിലെ വിദൂര - ഗ്രാമീണ പ്രദേശങ്ങളിൽ ഇത്തരത്തിൽ അതിവേഗ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കമ്പനി എത്തിച്ചേക്കും.

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിനോട് ഓഹരിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വ്യക്തമാക്കിയതിനു ശേഷമാകും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് (DoT) മസ്‌കിന്റെ സ്റ്റാർലിങ്കിന് ഓപ്പറേറ്റിങ് സർട്ടിഫിക്കറ്റ് ലഭിക്കുക. തുടർന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തലിന്റേയും വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന്റേയും അനുമതി തേടിയതിന് ശേഷമാകും കമ്പനിക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുവാദം ലഭിക്കുക.

ആഗോള തലത്തിൽ സാറ്റലൈറ്റ് സേവനം ഉപയോഗിച്ചുള്ള മൊബൈൽ പേഴ്സണൽ കമ്യൂണിക്കേഷൻ (ജിഎംപിസിഎസ്) ലൈസൻസിനായി 2022-ലാണ് സ്റ്റാർലിങ്ക് അപേക്ഷ സമർപ്പിച്ചത്, വൺവെബിനും റിലയൻസ് ജിയോയ്ക്കും ശേഷം ഈ ലൈസൻസ് നേടുന്ന ഇന്ത്യയിലെ മൂന്നാമത്തെ കമ്പനിയായി മാറാൻ പോവുകയാണ് സ്റ്റാർലിങ്ക്.

സ്റ്റാർലിങ്ക് സാധാരണയായി 25 മുതൽ 220 Mbps വരെ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു, അതേസമയം അപ്‌ലോഡ് വേഗത പൊതുവെ 5 മുതൽ 20 Mbps വരെയാണ്. സ്റ്റാർലിങ്ക് വെബ്‌സൈറ്റ് അനുസരിച്ച് മിക്ക ഉപയോക്താക്കളും 100 Mbps-ൽ കൂടുതൽ ഡൗൺലോഡ് വേഗത ലഭിക്കുന്നുണ്ട്.

ടവറുകളോ ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളോ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിൽ സാധാരണയായി ഇത്തരത്തിലുള്ള വേഗത ലഭ്യമാക്കാൻ സാധിക്കാറില്ല. ഒരു സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് ദാതാവായതിനാൽ സ്റ്റാർലിങ്ക് 4G-യുമായി താരതമ്യപ്പെടുത്താവുന്ന വേഗത വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനങ്ങൾക്ക് നൽകേണ്ട ചാർജുകളുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും കമ്പനി നടത്തിയിട്ടില്ലെങ്കിലും, ആദ്യ വർഷത്തിൽ സേവനത്തിന്റെ ചിലവ് ഏകദേശം 1,58,000 രൂപയായിരിക്കുമെന്ന് കമ്പനിയുടെ മുൻ ഇന്ത്യാ മേധാവിയെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർലിങ്കിന് ഒറ്റത്തവണ വാങ്ങാവുന്ന ഉപകരണങ്ങൾ ഉള്ളതിനാൽ രണ്ടാം വർഷത്തിലെ ചെലവ് 1,15,000 രൂപയും 30 ശതമാനം നികുതിയും ആയിരിക്കാനാണ് സാധ്യത.

അതേസമയം, ഉപയോക്താക്കൾ വാങ്ങേണ്ടുന്ന ഉപകരണങ്ങളുടെ അടിസ്ഥാന വില 37,400 രൂപയും സേവനങ്ങൾക്ക് പ്രതിമാസം 7,425 രൂപയും ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റാർലിങ്കിന്റെ അന്തിമ വിലനിർണ്ണയം സേവനത്തിന് ലൈസൻസ് ലഭിച്ചതിന് ശേഷം മാത്രമേ ലഭ്യമാകൂ.

Tags:    
News Summary - Elon Musk's Starlink to debut in India soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.