കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്‍റർനെറ്റ് ലോകം സ്റ്റുഡിയോ ഗിബ്ലിക്ക് പിന്നാലെയാണ്. ഓപ്പൺ എ.ഐയുടെ ചാറ്റ്ജിപിടിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഇമേജ് ജനറേറ്റർ ഫീച്ചർ ആണ് ജി.പി.ടി 4.0.
സ്റ്റുഡിയോ ഗിബ്ലിയുടെ ആനിമേഷൻ ശൈലി പകർത്തുന്ന ഇമേജുകളും ഇതിലൂടെ സൃഷ്ടിക്കാൻ കഴിയുന്നു. ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് മാത്രം ഇൻഫോഗ്രാഫിക്സ്, കോമിക് സ്ട്രിപ്പുകൾ, മീമുകൾ, ഉപയോക്തൃ ഇന്റർഫേസുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ ഏറ്റവും പുതിയ ചാറ്റ്ജി.പി.ടി ഫീച്ചർ പ്രാപ്തമാക്കുന്നു.
ഇതിന്റെ ഏറ്റവും വൈറലായത് ചിത്രങ്ങളെ സ്റ്റുഡിയോ ഗിബ്ലിയിൽ സ്റ്റൈലിൽ മാറ്റാനുള്ള കഴിവ്. ഇമേജ് ജനറേറ്റർ ഫീച്ചർ പുറത്തിറങ്ങിയതു മുതൽ യഥാർഥത്തിൽ സോഷ്യൽ മീഡിയയിലും അവ പ്രതിഫലിക്കുകയാണ്. അമരേന്ദ്ര ബാഹുബലി, ജബ് വി മെറ്റ് സിനിമയിലെ ആദിത്യയും ഗീതും, ദിൽവാലെ ദുൽഹാനിയ ലെ ജായേംഗെയിലെ രാജും സിംറാനുമെല്ലാം ഇതിനോടകം തന്നെ ഗിബ്ലി സ്റ്റൈലിൽ തരംഗമായിരിക്കുകയാണ്.
സെലിബ്രിറ്റികൾ മാത്രമല്ല കുടുംബാങ്ങളുടെയും സുഹൃത്തുകളുടെയുമെല്ലാം ഗിബ്ലി സ്റ്റൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ് ലോകം.
ഓപ്പൺ എ.ഐ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാനും ഈ ട്രെൻഡിൽ പങ്കുചേർന്നിട്ടുണ്ട്. എക്‌സിലെ തന്റെ പ്രൊഫൈൽ ചിത്രം സ്റ്റുഡിയോ ഗിബ്ലി-സ്റ്റൈൽ ഇമേജിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും ചാറ്റ്ജിപിടി ഉപയോഗിച്ച് തനിക്കായി ഒരു മെച്ചപ്പെട്ട പതിപ്പ് സൃഷ്ടിക്കാൻ ഉപയോക്താക്കളെ ക്ഷണിക്കുകയും ചെയ്തു. എക്സ് സി.ഇ.ഒ എലോൺ മസ്‌കും ഇതിൽ പങ്ക് ചേർന്നു.
എന്താണ് സ്റ്റുഡിയോ ഗിബ്ലി
1985-ൽ പ്രശസ്ത സംവിധായകരായ ഹയാവോ മിയാസാക്കി, ഇസാവോ തകഹാട്ട, നിർമ്മാതാവ് തോഷിയോ സുസുക്കി എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് സ്റ്റുഡിയോ ഗിബ്ലി. ദൃശ്യങ്ങളിലൂടെയും കഥപറച്ചിലിലൂടെയും ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിച്ച ഒരു ആനിമേഷൻ സ്റ്റുഡിയോയാണ്. സ്പിരിറ്റഡ് എവേ (2001), മൈ നെയ്ബർ ടൊട്ടോറോ (1988), ഹൗൾസ് മൂവിംഗ് കാസിൽ (2004) എന്നീ സിനിമകൾക്ക് പേരുകേട്ട ഈ സ്റ്റുഡിയോയ്ക്ക് മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള അക്കാദമി അവാർഡ് ഉൾപ്പെടെ ആഗോള അംഗീകാരം ലഭിച്ചു.
ഈ സവിശേഷത നിലവിൽ ചാറ്റ് ജിപിടി പ്ലസ്, പ്രോ, ടീം, സബ്‌സ്‌ക്രിപ്‌ഷന് മാത്രമുള്ളതാണ്. എ.ഐ ജനറേറ്റഡ് ഇമേജുകൾക്കായുള്ള അമിതമായ ആവശ്യം ഈ സവിശേഷത സൗജന്യ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത് വൈകിപ്പിച്ചതായി ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.